
നവജ്യോത് സിങ് സിദ്ദു
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു നവജ്യോത് സിങ് സിദ്ദു. വികാരങ്ങളെ കളത്തിനകത്ത് തന്നെ തുറന്ന് കാട്ടാന്‍ മടികാട്ടാതിരുന്ന സിദ്ദു എല്ലാവരുടെയും പേടി സ്വപ്നമായിരുന്നുവെന്നുവേണം പറയാന്‍. സിദ്ദുവിന്റെ കരിയര്‍ അവസാനിച്ചത് വളരെ നിരാശയുണ്ടാക്കുന്ന രീതിയിലായിരുന്നു. സിദ്ദു അണ്‍ഫിറ്റാണെന്നും പകരക്കാരനെ ഇറക്കണമെന്നും വഡേക്കറുടെ നിര്‍ദേശം സിദ്ദുവിന്റെ കരിയറിനെ മാറ്റിമറിച്ചു. ഇതിനെത്തുടര്‍ന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ സിദ്ദുവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു. പിന്നീടൊരു തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനായില്ല. സിദ്ദുവിന്റെ കരിയറില്‍ എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും വ്യക്തമാകാത്ത കാര്യമാണ്. നിലവില്‍ രാഷ്ട്രീയത്തില്‍ സിദ്ദു സജീവമാണ്.

വിവിഎസ് ലക്ഷ്മണ്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരോടൊപ്പമെല്ലാം ചേര്‍ത്തുവെക്കുന്ന പേരാണ് വിവിഎസ് ലക്ഷ്മണിന്റേത്. പരിമിത ഓവറില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ടെസ്റ്റില്‍ ലക്ഷ്മണ്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു. പല തവണ ഇന്ത്യയെ ഒറ്റക്ക് രക്ഷിക്കാന്‍ ലക്ഷ്മണിന് സാധിച്ചിട്ടുണ്ട്. 2011ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറി മാത്രമാണ് ലക്ഷ്മണിന് നേടാനായത്.
ഇതിന് ശേഷം അദ്ദേഹത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലക്ഷ്മണ്‍ വിരമിക്കണമെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. ഇത് ലക്ഷ്മണിനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്നതായിരുന്നു. ഇതോടെ അദ്ദേഹം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിരമിക്കല്‍ മത്സരം പോലും അദ്ദേഹത്തിന് ലഭിച്ചില്ല.

കെവിന്‍ പീറ്റേഴ്‌സന്‍
മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ ഇംഗ്ലണ്ടില്‍ മാത്രമല്ല ലോക ക്രിക്കറ്റിലാകെ വലിയ ആരാധക പിന്തുണയുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള പീറ്റേഴ്‌സന്റെ കരിയറും നല്ല രീതിയിലല്ല അവസാനിച്ചത്. വലിയ നേട്ടങ്ങളിലേക്കെത്താനുള്ള മികവുണ്ടായിരുന്നെങ്കിലും 2018ല്‍ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെയാണ് പീറ്റേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കാണ് പീറ്റേഴ്‌സനെക്കൊണ്ട് പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിച്ചത്.

ജെയിംസ് ടെയ്‌ലര്‍
ഇംഗ്ലണ്ട് താരം ജെയിംസ് ടെയ്‌ലര്‍ ബാറ്റിങ്ങുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും വലിയ പ്രതീക്ഷ നല്‍കിയ താരമായിരുന്നു. വലിയ കരിയര്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്ന് വിലയിരുത്തപ്പെട്ടെങ്കിലും കാര്യമായൊന്നും ആകാന്‍ അദ്ദേഹത്തിനായില്ല. ശാരീക പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന് വില്ലനായത്. വലിയ കരിയറിലേക്കെത്തേണ്ടിയിരുന്ന താരം 26ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്നു. ദൗര്‍ഭാഗ്യകരമായ വിടവാങ്ങലെന്ന് തന്നെ ഇതിനെ പറയാം.

ഹെന്റി ഒലോങ്ക
സിംബാബ് വേയുടെ ഫാസ്റ്റ് ബൗളറാണ് ഹെന്‍ റി ഒലോങ്ക. 2003ലെ ലോകകപ്പില്‍ സിംബാബ് വെ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം കഴുത്തില്‍ കറുത്ത ബാന്റണിഞ്ഞ് സിംബാബ് വെയിലെ അകാരണമായ മരണങ്ങള്‍ക്കെതിരേ തന്റെ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറെ മാറ്റിമറിച്ചു. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ തുറന്ന് കാട്ടിയതിന് അദ്ദേഹത്തിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹത്തിന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്നു. ഏറെ നാള്‍ കളത്തില്‍ തുടരാനും മികച്ച റെക്കോഡുകള്‍ സ്വന്തമാക്കാനും പ്രതിഭയുണ്ടായിരുന്നെങ്കിലും ടീം മാനേജ്‌മെന്റും രാജ്യത്തെ സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങളും ഒലോങ്കയുടെ കരിയറിന് നേരത്തെ പൂട്ടിട്ടു.

ജൊനാതന്‍ ട്രോട്ട്
ഇംഗ്ലണ്ട് ടീമിലെ പ്രതിഭാശാലിയായ താരങ്ങളിലൊരാളായിരുന്നു ജൊനാതന്‍ ട്രോട്ട്. ക്ലാസിക് ബാറ്റ്‌സ്മാനായ താരം സമ്മര്‍ദ്ദത്തെ അതിജീവിച്ച് വലിയ ഇന്നിങ്‌സുകള്‍ കെട്ടിപ്പടുക്കാന്‍ മിടുക്കനാണ്. എന്നാല്‍ 2015ലെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് പിന്നാലെ ട്രോട്ട് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. മികച്ച പ്രകടനവുമായി തുടരവെ അപ്രതീക്ഷിതമായി ട്രോട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ പിന്നീട് ഇതിന്റെ കാരണം ട്രോട്ട് തന്നെ വെളിപ്പെടുത്തി. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. വലിയ കരിയറിലേക്ക് വളരാന്‍ സാധിക്കുമായിരുന്നെങ്കിലും മാനസിക പ്രശ്‌നം അദ്ദേഹത്തെ തളര്‍ത്തി.

മുഹമ്മദ് കൈഫ്
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനെന്ന നിലയില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വളര്‍ന്ന് ആരാധക മനസില്‍ ഇടം പിടിച്ച താരമാണ് മുഹമ്മദ് കൈഫ്. മധ്യനിരയിലെ ഗംഭീര ബാറ്റിങ്ങുകൊണ്ടും പറക്കും ഫീല്‍ഡിങ്ങുകൊണ്ടും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ കൈഫിന് സാധിച്ചു. എന്നാല്‍ ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായി എത്തിയ ശേഷമുള്ള പരിഷ്‌കാരത്തില്‍ കൈഫിന് ടീമിലെ സ്ഥാനം നഷ്ടമായി. 2007ലെ ലോകകപ്പിനുള്ള ടീമില്‍ നിന്നും തഴയപ്പെട്ടു. വലിയ കരിയര്‍ മുന്നിലുണ്ടായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ നേരത്തെ അദ്ദേഹത്തിന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനാണ് കൈഫ്.

മാര്‍ക്ക് ബൗച്ചര്‍
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന മാര്‍ക്ക് ബൗച്ചര്‍ കീപ്പറായും ബാറ്റ്‌സ്മാനും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ്. ഒരു അപകടമാണ് ബൗച്ചറിന്റെ കരിയര്‍ തകര്‍ത്തത്. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ വെയ്ല്‍സ് തെറിച്ച് കണ്ണില്‍ക്കൊണ്ട് ബൗച്ചറിന് പരിക്കേറ്റു. ഇതോടെ കണ്ണിന്റെ കാഴ്ചശക്തിയേയും ഇത് ബാധിച്ചു. ഇത് ബൗച്ചറിന്റെ കരിയറും തകര്‍ത്തു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് ബൗച്ചര്‍.


Click it and Unblock the Notifications












