'സെവാഗ് മുതല്‍ കോലി വരെ', അണ്ടര്‍ 19 ലോകകപ്പിലൂടെ സൂപ്പര്‍ ഹീറോ ആയവര്‍, അഞ്ച് പേരിതാ

അണ്ടര്‍ 19 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ ടീം. എട്ട് ഫൈനല്‍ കളിച്ചപ്പോള്‍ അഞ്ച് തവണ കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇത്തവണ യഷ് ധൂലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ യുവ ക്രിക്കറ്റിനും യുവതാരങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം തന്നെയാണ് ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിനെ സഹായിക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് കീഴില്‍ വലിയ പിന്തുണയാണ് അണ്ടര്‍ 19 താരങ്ങള്‍ക്ക് ലഭിക്കുന്നത്.
വരും കാലത്തെ ക്രിക്കറ്റിന്റെ സൂപ്പര്‍ താരങ്ങളെ നിശ്ചയിക്കുന്നതിനാല്‍ അണ്ടര്‍ 19 ലോകകപ്പിന് വലിയ പങ്കുണ്ട്. ഇന്നത്തെ ദേശീയ ക്രിക്കറ്റിലെ പല താരങ്ങളും ഒരു കാലത്ത് അണ്ടര്‍ 19 ലോകകപ്പില്‍ മികവ് കാട്ടിയവരാണ്. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസന്‍, വിരാട് കോലി എന്നിങ്ങനെ നീണ്ട നിരയെത്തന്നെ ഇത്തരത്തില്‍ ചൂണ്ടിക്കാട്ടാനാവും. ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് കളിച്ചവരില്‍ പലരും നാളത്തെ സൂപ്പര്‍ താരങ്ങളാണെന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോഴും അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്നുവന്ന നിരവധി താരങ്ങളെ കണ്ടെത്താനാവും. ഇത്തരത്തില്‍ അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുകയും പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ ഹീറോകളായി മാറുകയും ചില താരങ്ങളുണ്ട്. അതിലെ പ്രമുഖരായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വീരേന്ദര്‍ സെവാഗ്
1998ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് വീരേന്ദര്‍ സെവാഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇന്ത്യക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും സെവാഗിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും സെവാഗിന്റെ ബാറ്റിങ് ശൈലി ചര്‍ച്ചയാക്കപ്പെട്ടു. പിന്നീട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാവാന്‍ സെവാഗിനായി. ഇതിന്റെയെല്ലാം തുടക്കമെന്ന് പറയാവുന്നത് 1998ലെ അണ്ടര്‍ 19 ലോകകപ്പാണ്.
ഈ ലോകകപ്പിന് ശേഷം അധികം വൈകാതെ സെവാഗിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി. 1999ലെ പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് സെവാഗ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. തുടക്കകാലത്ത് ഇന്ത്യയുടെ മധ്യനിര താരമായിരുന്ന സെവാഗ് ഓപ്പണറായ ശേഷമാണ് കരിയറില്‍ വലിയ മാറ്റം സംഭവിച്ചത്. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 40 വിക്കറ്റും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 96 വിക്കറ്റും 19 ടി20യില്‍ നിന്ന് 394 റണ്‍സും സെവാഗ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ താരമാണ് സെവാഗ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും സെവാഗിനായി.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയായാണ് യുവരാജ് സിങ്ങിനെ വിശേഷിപ്പിക്കുന്നത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോഴും 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോഴും യുവരാജിന്റെ പ്രകടനമാണ് ശ്രദ്ധേയമായത്. അണ്ടര്‍ 19 ലോകകപ്പിന്റെ കണ്ടെത്തലുകളിലൊന്നാണ് യുവരാജ് സിങ്ങെന്ന് പറയാം. 1999-2000ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് യുവരാജ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. 203 റണ്‍സും 12 വിക്കറ്റും നേടി ഈ ലോകകപ്പിലെ താരമായത് യുവരാജായിരുന്നു. ഇന്ത്യ കിരീടം ചൂടിയ ഈ ലോകകപ്പില്‍ മുഹമ്മദ് കൈഫായിരുന്നു ഇന്ത്യയെ നയിച്ചത്.
40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും ഒമ്പത് വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58 ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റുമാണ് യുവരാജിന്റെ പേരിലുള്ളത്. ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് യുവരാജ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു ഈ പ്രകടനം.

മുഹമ്മദ് കൈഫ്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡറെന്ന വിശേഷണം മുഹമ്മദ് കൈഫിന് യോജിച്ചതാണ്. മധ്യനിരയില്‍ ബാറ്റിങ്ങുകൊണ്ടും തിളങ്ങിയിരുന്ന കൈഫ് രണ്ട് തവണ അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടുണ്ട്. 1998ലെ ലോകകപ്പില്‍ 250ലധികം റണ്‍സ് നേടി ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു കൈഫ്. 1999-2000ലെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ച കൈഫ് ഇന്ത്യയെ കിരീടത്തിലേക്കുമെത്തിച്ചിരുന്നു.
ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. അന്ന് ബൗളിങ് ചെയ്തിരുന്ന കൈഫ് ഓള്‍റൗണ്ടറായിരുന്നു. എന്നാല്‍ സീനിയര്‍ ടീമിലേക്കെത്തിയ ശേഷം അദ്ദേഹം ബൗളിങ്ങില്‍ വലിയ താല്‍പര്യം കാട്ടിയിട്ടില്ലെന്ന് പറയാം. 13 ടെസ്റ്റില്‍ നിന്ന് 624 റണ്‍സും 125 ഏകദിനത്തില്‍ നിന്ന് 2753 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 29 മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനാണ് അദ്ദേഹം.

ഹര്‍ഭജന്‍ സിങ്
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. അണ്ടര്‍ 19 ലോകകപ്പിലൂടെത്തന്നെയായിരുന്നു ഹര്‍ഭജന്റെയും വളര്‍ച്ച. 1998ലെ ലോകകപ്പില്‍ ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. അന്ന് ബൗളിങ്ങില്‍ വലിയ പ്രകടനം കാട്ടാന്‍ ഹര്‍ഭജന് സാധിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനും ആക്രമണോത്സുകതയും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1998ല്‍ത്തന്നെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളെന്ന വിശേഷണത്തോടെയാണ് പടിയിറങ്ങിയത്. 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും ഹര്‍ഭജന്‍ നേടിയിട്ടുണ്ട്. ബാറ്റുകൊണ്ടും ശ്രദ്ധേയ പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

വിരാട് കോലി
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിഹാസമെന്ന നിലയിലേക്ക് വളര്‍ന്ന താരമാണ് വിരാട് കോലി. 2008ലെ അണ്ടര്‍ 19 ടി20 ലോകകപ്പിലൂടെയാണ് വിരാട് കോലി ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇന്ത്യന്‍ നായകനായിരുന്ന കോലിക്ക് ആ വര്‍ഷം ടീമിനെ കിരീടത്തിലേക്കെത്തിക്കാനായി. ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്. 2008ല്‍ത്തന്നെ ഇന്ത്യയുടെ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ച കോലി ഇന്ന് പകരംവെക്കാനില്ലാത്ത പ്രതിഭാസമാണ്. 99 ടെസ്റ്റില്‍ നിന്ന് 7692 റണ്‍സും 258 ഏകദിനത്തില്‍ നിന്ന് 12285 റണ്‍സും 95 ടി20യില്‍ നിന്ന് 3227 റണ്‍സുമാണ് കോലി നേടിയിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് കരുതപ്പെടുന്ന നിലവിലെ ഏക താരമാണ് വിരാട് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications