For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കിടിലന്‍ നായകന്മാര്‍', എന്നാല്‍ ഒന്നിലധികം തവണ ഐസിസി ഫൈനല്‍ തോറ്റു, ആറ് പേരിതാ

ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ സൂപ്പര്‍ നായകന്മാരെന്ന് വിശേഷിപ്പിക്കാവുന്ന പലരെയും കാണാന്‍ സാധിക്കും. എന്നാല്‍ ഇവരില്‍ ഒട്ടുമിക്ക നായകന്മാര്‍ക്കും ഐസിസി കിരീടം നേടാനായിട്ടില്ല

1

ഐസിസി കീരീടമെന്നത് ക്രിക്കറ്റില്‍ എളുപ്പമുള്ള കാര്യമല്ല. ടീമെന്ന നിലയില്‍ ഒത്തൊരുമിച്ചുള്ള പോരാട്ടവും മികച്ച ടീം കരുത്തുമുണ്ടെങ്കിലും ഭാഗ്യത്തിന്റെ പിന്തുണയില്ലാതെ ഐസിസി കിരീടത്തിലേക്കെത്തുക പ്രയാസമാണ്. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, എംഎസ് ധോണി തുടങ്ങിയവരെ ഇതിഹാസ നായകന്മാരെന്ന് വിളിക്കുന്നത് ഐസിസി കിരീടങ്ങളുടെ എണ്ണം നോക്കിയാണ്. ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ സൂപ്പര്‍ നായകന്മാരെന്ന് വിശേഷിപ്പിക്കാവുന്ന പലരെയും കാണാന്‍ സാധിക്കും. എന്നാല്‍ ഇവരില്‍ ഒട്ടുമിക്ക നായകന്മാര്‍ക്കും ഐസിസി കിരീടം നേടാനായിട്ടില്ല.

ഉയര്‍ന്ന വിജയ ശരാശരിയും സ്ഥിരതയാര്‍ന്ന ബാറ്റിങ്ങും ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാനുള്ള പ്രതിഭയുമെല്ലാം ഇവരിലെ പല നായകന്മാര്‍ക്കും അവകാശപ്പെടാനാവുമെങ്കിലും ഐസിസി ട്രോഫികളില്‍ കാലിടറുന്നത് ഇവരുടെ പതിവാണ്. അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും സൂപ്പര്‍ താര പരിവേഷമുണ്ടായിട്ടും ഐസിസി ട്രോഫി ഇവരില്‍ നിന്ന് അകന്നു നിന്നു. ഒരു തവണ ഐസിസി ഫൈനല്‍ തോല്‍ക്കുന്നത് ചിലപ്പോള്‍ അന്നത്തെ ദിവസത്തെ പ്രകടനത്തിന്റെ മോശം കൊണ്ടാവാമെന്ന് സമാധാനിക്കാം. എന്നാല്‍ ഒന്നിലധികം തവണ ഐസിസി ഫൈനലില്‍ തോല്‍ക്കുന്നതിനെ നിര്‍ഭാഗ്യമെന്ന് മാത്രമെ വിളിക്കാനാവു.

1

ഇത്തരത്തില്‍ ഒന്നിലധികം തവണ ഐസിസി ഫൈനല്‍ തോറ്റ താരങ്ങളെ പരിഗണിച്ചാല്‍ അതില്‍ പല പ്രമുഖരുടെയും പേരുകള്‍ കാണാനാവും. ഇവരെല്ലാവരും തന്നെ സൂപ്പര്‍ നായകന്മാരാണെങ്കിലും ഒന്നിലധികം തവണ ഫൈനലിലെത്തി പടിക്കല്‍ കലമുടച്ചവരാണ്. ഈ നിര്‍ഭാഗ്യം വേട്ടയാടിയ ആറ് സൂപ്പര്‍ നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ വീര നായകനാണ് വിരാട് കോലി. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ കോലി മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകള്‍ സ്വന്തമാക്കിയ നായകനും ബാറ്റ്‌സ്മാനുമാണ്. എന്നാല്‍ ഇതുവരെ ഐസിസി കിരീട ഭാഗ്യം കോലിക്കുണ്ടായിട്ടില്ല. രണ്ട് തവണ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ടീമിനെയെത്തിക്കാന്‍ കോലിക്കായെങ്കിലും രണ്ട് തവണയും പരാജയപ്പെട്ടു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ആദ്യ പരാജയം. അന്ന് ചിരവൈരികളായ പാകിസ്താനോടാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ മുന്നോട്ടുവെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിയുകയും വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ രണ്ടാം വട്ടം തോറ്റത്. ഇത്തവണ ന്യൂസീലന്‍ഡിനോടാണ് പരാജയപ്പെട്ടത്. ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ഇന്ത്യക്ക് കാലിടറുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ കോലിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2021ലെ ടി20 ലോകകപ്പിലും കോലിക്ക് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നായകന്‍.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ സൗരവ് ഗാംഗുലിയായിരിക്കും. ഒരു കാലഘട്ടത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് പോയ ഇന്ത്യന്‍ ടീമിനെ കൈപിടിച്ച് ഉയര്‍ത്തിയത് ഗാംഗുലിയാണെന്ന് പറയാം. എന്നാല്‍ രണ്ട് തവണ ഐസിസി ഫൈനല്‍ തോറ്റ നായകന്മാരില്‍ ഗാംഗുലിയും ഉള്‍പ്പെടും. 2000ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ആദ്യം കിരീടം നേടാനാവാതെ പോയത്. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ ഇന്ത്യയുടെ 265 റണ്‍സ് വിജയലക്ഷ്യം കിവീസ് രണ്ട് പന്ത് ബാക്കിനിര്‍ത്തിയാണ് മറികടന്നത്. 2003ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ഗാംഗുലിക്കായെങ്കിലും ഇത്തവണയും കലാശപ്പോരാട്ടത്തില്‍ തോറ്റു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 2002ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയുമായി കിരീടം പങ്കിടാന്‍ ഗാംഗുലിക്ക് കീഴിലിറങ്ങിയ ഇന്ത്യക്ക് സാധിച്ചിരുന്നു.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമാണ് ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റില്‍ ഒറ്റക്ക് 400 റണ്‍സടിച്ച് ഞെട്ടിച്ച ലാറയ്ക്കും ഐസിസി കിരീടത്തിലേക്ക് ടീമിനെ എത്തിക്കാനായിട്ടില്ല. രണ്ട് തവണ ഫൈനല്‍ കളിച്ചപ്പോഴും പരാജയം രുചിച്ചു. 1998ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലായിരുന്നു ആദ്യ ചതോല്‍വി. നോക്കൗട്ട് ട്രോഫി എന്നായിരുന്നു അന്ന് ടൂര്‍ണമെന്റിന്റെ പേര്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് നാല് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തോറ്റത്. 2006ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിനെ ഫൈനലിലേക്കെത്തിക്കാന്‍ ലാറക്കായി. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടിനോടാണ് തലകുനിക്കേണ്ടി വന്നത്. ഏറെ നാള്‍ കാരിബീയന്‍സിനെ നയിച്ചെങ്കിലും ഐസിസി കിരീടം ലാറയില്‍ നിന്ന് അകന്നു നിന്നു.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

ശ്രീലങ്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് കുമാര്‍ സംഗക്കാര. ശ്രീലങ്കയുടെ നായകനായും ഏറെ നാള്‍ കളിച്ച സംഗക്കാരക്ക് പക്ഷെ ഐസിസി കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചില്ല. 2009ലെ ടി20 ലോകകപ്പിലാണ് സംഗക്കാരക്ക് കീഴിലിറങ്ങിയ ശ്രീലങ്ക പാകിസ്താനോട് തോറ്റു. 2011ലെ ഏകദിന ലോകകപ്പിലും ശ്രീലങ്കയെ നയിച്ചത് സംഗക്കാരയായിരുന്നു. ഫൈനലില്‍ ഇന്ത്യയോടാണ് ശ്രീലങ്ക തോറ്റത്. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ഐസിസി കിരീടം സ്വന്തം പേരിലില്ല.

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും സൂപ്പര്‍ നായകനുമായിരുന്നു ബ്രണ്ടന്‍ മക്കല്ലം നേരിടുന്ന ആദ്യ പന്ത് മുതല്‍ വെടിക്കെട്ട് തീര്‍ക്കുന്ന മക്കല്ലവും ഈ ദൗര്‍ഭാഗ്യവാന്മാരുടെ പട്ടികയിലാണ്. 2009ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മക്കല്ലത്തിന് കീഴിലിറങ്ങിയ കിവീസ് ഓസ്‌ട്രേലിയയോടാണ് തോറ്റത്. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിലും കിവീസിനെ എത്തിക്കാന്‍ മക്കല്ലത്തിനായെങ്കിലും ഇത്തവണയും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

ശ്രീലങ്കയുടെ സൂപ്പര്‍ നായകന്മാരിലൊരാളായ മഹേല ജയവര്‍ധനയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. രണ്ട് തവണ ശ്രീലങ്കയെ ഐസിസി ട്രോഫി ഫൈനലിലെത്തിക്കാന്‍ ജയവര്‍ധനക്ക് സാധിച്ചെങ്കിലും രണ്ട് തവണയും തോറ്റു. 2007ലെ ഐസിസി ഏകദിന ലോകകപ്പിലാണ് ജയവര്‍ധനക്ക് കീഴില്‍ ആദ്യമായി ശ്രീലങ്ക ഫൈനല്‍ കളിച്ചത്. ഓസ്‌ട്രേലിയയോടായിരുന്നു ശ്രീലങ്ക തോറ്റത്. 2012ലെ ടി20 ലോകകപ്പിലും ലങ്കയെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ജയവര്‍ധനക്ക് സാധിച്ചെങ്കിലും ഇത്തവണ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. രണ്ട് തവണയും നിര്‍ഭാഗ്യം ജയവര്‍ധനയേയും ശ്രീലങ്കയേയും വേട്ടയാടി.

Story first published: Wednesday, March 2, 2022, 16:17 [IST]
Other articles published on Mar 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+