
ഷാഹിദ് അഫ്രീദി
മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 13632 റണ്‍സാണ് അഫ്രീദി ഏകദിനത്തില്‍ വിട്ടുകൊടുത്തത്. 1996-2015വരെ ക്രിക്കറ്റിലുണ്ടായിരുന്ന അഫ്രീദി 398 ഏകദിനങ്ങളാണ് കളിച്ചത്. 372 ഇന്നിങ്‌സില്‍ നിന്ന് 17670 പന്തുകളെറിഞ്ഞ അഫ്രീദി 13632 റണ്‍സാണ് വിട്ടുകൊടുത്തത്. 395 വിക്കറ്റും അഫ്രീദി വീഴ്ത്തി. 12 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. 9 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നാല് തവണ നാല് വിക്കറ്റ് പ്രകടനവും നടത്താന്‍ അഫ്രീദിക്ക് സാധിച്ചിരുന്നു.
8064 റണ്‍സും ഏകദിനത്തില്‍ അഫ്രീദി നേടിയിട്ടുണ്ട്. ആറ് സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലുള്ളത്. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയില്‍ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ അഫ്രീദിക്കായിരുന്നു. 27 ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റും 99 ടി20യില്‍ നിന്ന് 98 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മുത്തയ്യ മുരളീധരന്‍
ലോക ക്രിക്കറ്റില്‍ ഏറ്റവും വിക്കറ്റുള്ള ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 1993ല്‍ അരങ്ങേറ്റം കുറിച്ച് 2011വരെ ക്രിക്കറ്റില്‍ തുടര്‍ന്ന മുരളീധരന്‍ 341 ഇന്നിങ്‌സില്‍ നിന്ന് 18811 പന്തുകളെറിഞ്ഞ് 12326 റണ്‍സാണ് വിട്ടുകൊടുത്തത്. 534 വിക്കറ്റുകള്‍ വീഴ്ത്തിയ മുരളീധരന്റെ പേരില്‍ 10 അഞ്ച് വിക്കറ്റ് പ്രകടനവും 15 നാല് വിക്കറ്റ് പ്രകടനവുമുണ്ട്. 30 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റും 12 ടി20യില്‍ നിന്ന് 13 വിക്കറ്റും മുരളീധരന്റെ പേരിലുണ്ട്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളിങ് വിസ്മയമാണ് മുരളീധരന്‍.

സനത് ജയസൂര്യ
ശ്രീലങ്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍മാരിലൊരാളായ സനത് ജയസൂര്യയാണ് മൂന്നാം സ്ഥാനത്ത്. ബാറ്റ്‌സ്മാനെന്ന നിലയിലാണ് ജയസൂര്യയെ കൂടുതലായും ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതെങ്കിലും ബൗളറെന്ന നിലയിലും അസാധ്യ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1989ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ അദ്ദേഹം 2011ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 445 ഏകദിന മത്സരം കളിച്ച അദ്ദേഹം 368 ഇന്നിങ്‌സുകളില്‍ നിന്ന് 14874 പന്തുകളാണെറിഞ്ഞത്. 11871 റണ്‍സാണ് വിട്ടുകൊടുത്തത്. 323 വിക്കറ്റും വീഴ്ത്തിയിട്ടുള്ള ജയസൂര്യയുടെ മികച്ച ബൗളിങ് പ്രകടനം 29 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും എട്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്താനും ജയസൂര്യക്ക് സാധിച്ചിട്ടുണ്ട്.

വസിം അക്രം
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്വിങ് പേസര്‍മാരിലൊരാളാണ് വസിം അക്രം. 11812 റണ്‍സാണ് അക്രം ഏകദിനത്തില്‍ വിട്ടുകൊടുത്തത്. ഏകദിന വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വസിം അക്രം. 1984-2003 കാലഘട്ടത്തില്‍ ക്രിക്കറ്റിലുണ്ടായിരുന്ന അക്രം 356 മത്സരത്തില്‍ നിന്ന് 351 ഇന്നിങ്‌സില്‍ നിന്നായി 18186 പന്തുകളെറിഞ്ഞപ്പോള്‍ 11812 റണ്‍സാണ് വിട്ടുകൊടുത്തത്. 502 വിക്കറ്റുകളാണ് ഏകദിന കരിയറില്‍ അക്രം വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് പ്രകടനം 10 തവണയും നാല് വിക്കറ്റ് പ്രകടനം 15 തവണയും നടത്താന്‍ അക്രത്തിന് സാധിച്ചിട്ടുണ്ട്. ബാറ്റുകൊണ്ടും പല തവണ നിര്‍ണ്ണായക പ്രകടനം നടത്താന്‍ അക്രത്തിന് കഴിഞ്ഞു.

ചാമിന്ദ വാസ്
ശ്രീലങ്കയുടെ പേസ് ഇതിഹാസമാണ് ചാമിന്ദ വാസ്. അതിവേഗ ബൗളര്‍ അല്ലെങ്കിലും പന്തിന്റെ ലൈനും ലെങ്തും കാത്ത് പന്തെറിയാനും വിക്കറ്റ് നേടാനും അദ്ദേഹം മിടുക്കനാണ്. ഏകദിന വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള വാസ് 1994-2008വരെയാണ് ക്രിക്കറ്റില്‍ സജീവമായിട്ടുണ്ടായിരുന്നത്. 322 മത്സരത്തില്‍ നിന്ന് 320 ഇന്നിങ്‌സ് കളിച്ച വാസ് 15775 പന്തുകളെറിഞ്ഞ് 11014 റണ്‍സാണ് വിട്ടുകൊടുത്തത്. 400 വിക്കറ്റുകളാണ് അദ്ദേഹം ഏകദിനത്തില്‍ നേടിയത്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒമ്പത് തവണ നാല് വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

അനില്‍ കുംബ്ലെ
ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഈ പട്ടികയില്‍ ആറാം സ്ഥാനത്ത്. 1990ല്‍ അരങ്ങേറ്റം കുറിച്ച് 2007വരെ ക്രിക്കറ്റില്‍ സജീവമായിരുന്ന കുംബ്ലെ 271 മത്സരങ്ങളില്‍ നിന്ന് 265 ഇന്നിങ്‌സുകളിലാണ് പന്തെറിഞ്ഞത്. 14496 പന്തുകളെറിഞ്ഞ് 10412 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. 337 വിക്കറ്റും കുംബ്ലെ ഏകദിനത്തില്‍ നേടി. 12 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും എട്ട് തവണ നാല് തവണ വിക്കറ്റ് പ്രകടനവും നടത്താന്‍ കുംബ്ലെക്ക് സാധിച്ചിട്ടുണ്ട്. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റും കുംബ്ലെയുടെ പേരിലുണ്ട്. ഇന്ത്യയുടെ നായകനായും പിന്നീട് പരിശീലകനായും കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാണ് അനില്‍ കുംബ്ലെ.


Click it and Unblock the Notifications












