ഏകദിന അരങ്ങേറ്റത്തില്‍ 'ഡെക്ക്', നാണക്കേട് നേരിടേണ്ടി വന്ന അഞ്ച് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളിതാ

അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുകയെന്നത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദേശീയ ടീമിലേക്ക് വരവറിയിക്കുമ്പോള്‍ ഒരു റണ്‍സ് പോലും നേടാതെ വിക്കറ്റ് നഷ്ടപ്പെടുന്നപോലൊരു സങ്കടകരമായ കാര്യം ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ചില്ലെന്ന് പറയാം. സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെയാണ് കൂടുതല്‍ പേരും അരങ്ങേറ്റ മത്സരത്തില്‍ ഡെക്കായത്. എന്നാല്‍ ചിലരെ റണ്ണൗട്ടിന്റെ രൂപത്തിലാണ് ദുര്‍വിധി വേട്ടയാടിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ അരങ്ങേറ്റ ഏകദിനത്തില്‍ത്തന്നെ സെഞ്ച്വറി നേടിയവരെ കാണാനാവും. എന്നാല്‍ പല പ്രമുഖരുടേയും തുടക്കം ഡെക്കോടെയായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഇത്തരത്തില്‍ അരങ്ങേറ്റ ഏകദിനത്തില്‍ത്തന്നെ പൂജ്യത്തിന് പുറത്തായ ഇന്ത്യയുടെ അഞ്ച് സൂപ്പര്‍ താരങ്ങളെ അറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും വലിയ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റിങ് പ്രതിഭകൊണ്ട് സച്ചിന് പകരംവെക്കാന്‍ മറ്റൊരു താരം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം നിരാശപ്പെടുത്തുന്നതായിരുന്നു. ഡെക്കിനാണ് സച്ചിന്‍ മടങ്ങിയത്. 1989 ഡിസംബര്‍ 18ന് പാകിസ്താനെതിരേയായിരുന്നു സച്ചിന്റെ അരങ്ങേറ്റ മത്സരം. 16കാരനായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ വഖാര്‍ യൂനിസിന്റെ പന്തില്‍ വസിം അക്രത്തിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഈ മത്സരം ഇന്ത്യ ഏഴ് റണ്‍സിന് തോല്‍ക്കുകയും ചെയ്തു. 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലുള്ളത്. 49 സെഞ്ച്വറികളും സച്ചിന്റെ ഏകദിന കരിയറിലുണ്ട്.

എംഎസ് ധോണി
ഇന്ത്യയുടെ ഇതിഹാസ നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ക്രിക്കറ്റില്‍ നിറഞ്ഞാടിയാണ് കളം ഒഴിഞ്ഞത്. ഏകദിനത്തില്‍ 52.24 ശരാശരിയില്‍ 8620 റണ്‍സാണ് ധോണി നേടിയത്. ഫിനിഷിങ് മികവുകൊണ്ട് വിസ്മയിപ്പിച്ച അദ്ദേഹം അരങ്ങേറ്റ ഏകദിനത്തില്‍ ഡെക്കായിരുന്നു. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മുഹമ്മദ് കൈഫുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ധോണി റണ്ണൗട്ടാവുകയായിരുന്നു. ഇന്ത്യ ഈ മത്സരം 11 റണ്‍സിന് ജയിച്ചു.

വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിവിഎസ് ലക്ഷ്മണ്‍. ടെസ്റ്റില്‍ വലിയ പ്രകടനം അവകാശപ്പെടാനാവുന്ന ലക്ഷ്മണ് ഏകദിനത്തില്‍ ഇതേ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായിത്തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 30.76 ശരാശരിയില്‍ 2338 റണ്‍സാണ് ലക്ഷ്മണിന്റെ ഏകദിന കരിയറിലുള്ളത്. ഇതില്‍ ആറ് സെഞ്ച്വറിയും ഉള്‍പ്പെടും. ലക്ഷ്മണും അരങ്ങേറ്റ മത്സരത്തില്‍ ഡെക്കായിരുന്നു. 1998ല്‍ സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ലക്ഷ്മണിന്റെ ഏകദിന അരങ്ങേറ്റം. മൂന്ന് പന്ത് നേരിട്ട താരം പൂജ്യത്തിനാണ് പുറത്തായത്. എംബാങ് വ ലക്ഷ്മണെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മത്സരം ഇന്ത്യ 32 റണ്‍സിന് ജയിച്ചു.

സുരേഷ് റെയ്‌ന
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ സുരേഷ് റെയ്‌നയും ഏകദിന അരങ്ങേറ്റത്തില്‍ ഡെക്കായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും ആരാധക ഹൃദയം കീഴടക്കിയ താരമാണ് റെയ്‌ന. ഇടം കൈയന്‍ താരം 2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. ആറാമനായി ഇറങ്ങിയ റെയ്‌ന മുത്തയ്യ മുരളീധരന് മുന്നില്‍ കീഴടങ്ങിയാണ് പൂജ്യത്തിന് പുറത്തായത്. മത്സരം ഇന്ത്യ മൂന്ന് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാനും ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തിനാണ് പുറത്തായത്. ഏകദിനത്തില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ധവാന്‍ 2010 ഒക്ടോബര്‍ 20ന് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മുരളി വിജയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ധവാന്‍ ക്ലിന്റ് മക്കേയ്ക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. ക്ലീന്‍ബൗള്‍ഡായാണ് ഗബ്ബാര്‍ പുറത്തായത്. എന്നാല്‍ കോലിയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് മത്സരം ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications