For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ സൂപ്പര്‍ ഓപ്പണര്‍മാര്‍, എന്നാല്‍ ടെസ്റ്റില്‍ ക്ലിക്കായില്ല, അഞ്ച് താരങ്ങളിതാ

ഏകദിനത്തില്‍ ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡ് സൃഷ്ടിക്കുകയും ടെസ്റ്റില്‍ ഓപ്പണര്‍മാരായി അധികം അവസരം ലഭിക്കാതെ പോവുകയും ചെയ്ത അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം

1

ഓപ്പണര്‍മാര്‍ ആവുകയെന്നത് ക്രിക്കറ്റില്‍ എളുപ്പമുള്ള കാര്യമല്ല. വലിയ ഉത്തരവാദിത്തമാണ് അവര്‍ക്ക് മുന്നിലുള്ളത്. ഓപ്പണര്‍മാര്‍ നല്‍കുന്ന തുടക്കം മത്സരത്തില്‍ നിര്‍ണ്ണായകമാവും. ന്യൂബോളിലെ നേരിട്ട് മികച്ച സ്‌കോര്‍ നേടുകയെന്നത് എളുപ്പമല്ലാത്തതിനാല്‍ വലിയ പ്രതിഭ തന്നെ ഓപ്പണര്‍മാര്‍ക്ക് ആവിശ്യമാണ്. ലോക ക്രിക്കറ്റിലെ മികച്ച ഓപ്പണര്‍മാരെ പരിശോധിച്ചാല്‍ അവരെല്ലാം ഇതിഹാസമാണെന്ന് പറയാം. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവ് കാട്ടിയ ഓപ്പണര്‍മാരെ പരിശോധിക്കുമ്പോള്‍ വളരെ കുറച്ചുപേരെ മാത്രമാണ് കാണാനാവുക. അത്തരത്തില്‍ ഏകദിനത്തില്‍ ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡ് സൃഷ്ടിക്കുകയും ടെസ്റ്റില്‍ ഓപ്പണര്‍മാരായി അധികം അവസരം ലഭിക്കാതെ പോവുകയും ചെയ്ത അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

ഓസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ആദം ഗില്‍ക്രിസ്റ്റ്. പരിമിത ഓവറിലെ മികച്ച ഓപ്പണര്‍മാരെ പരിശോധിച്ചാല്‍ അതിലൊരാള്‍ ഗില്‍ക്രിസ്റ്റായിരിക്കും. ഏകദിനത്തില്‍ 259 ഇന്നിങ്സില്‍ ഓപ്പണറായി ഇറങ്ങി 36.51 ശരാശരിയില്‍ 9200 റണ്‍സാണ് ഗില്ലിയുടെ പേരിലുള്ളത്. എന്നാല്‍ ടെസ്റ്റില്‍ ഒരു തവണ മാത്രമാണ് ഗില്ലി ഏഓപ്പണറായെത്തിയത്. 20 റണ്‍സാണ് നേടിയത്. കൂടുതല്‍ മത്സരങ്ങളിലും മധ്യനിരയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. അഞ്ച്, ആറ് നമ്പറുകളാണ് കൂടുതലും കളിച്ചത്. ഏകദിനത്തിലെ ഓപ്പണിങ് മികവ് ടെസ്റ്റില്‍ കാട്ടാന്‍ ഗില്‍ക്രിസ്റ്റിനായിട്ടില്ല.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ ഇതിഹാസ നായകനും സൂപ്പര്‍ ഓപ്പണറുമാണ് സൗരവ് ഗാംഗുലി. ഓഫ്സൈഡ് ഷോട്ടുകള്‍ക്കൊണ്ട് വിസ്മയിപ്പിച്ചിരുന്ന ഗാംഗുലി സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡുകളാണ് നേടിയെടുത്തത്. 236 ഏകദിന ഇന്നിങ്സില്‍ ഓപ്പണറായ ഗാംഗുലി 41.57 ശരാശരിയില്‍ 9146 റണ്‍സാണ് നേടിയത്. ഏകദിന കരിയറിലെ ഒട്ടുമിക്ക മത്സരങ്ങളിലും ഗാംഗുലി ഓപ്പണറായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ഒരു ഇന്നിങ്സില്‍ മാത്രമാണ് അദ്ദേഹം ഓപ്പണറായത്. 11 റണ്‍സാണ് നേടിയത്. കൂടുതലും മൂന്ന്, നാല്, അഞ്ച് നമ്പറുകളിലാണ് ഗാംഗുലി ബാറ്റ് ചെയ്തിരുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറെന്ന തന്നെ സച്ചിനെ വിശേഷിപ്പിക്കാം. 340 ഏകദിന ഇന്നിങ്സില്‍ ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ 15130 റണ്‍സാണ് നേടിയത്. 48.30 ആണ് ശരാശരി. ഏകദിനത്തില്‍ സച്ചിന്‍ തന്റെ ഒട്ടുമിക്ക റെക്കോഡുകളും നേടിയെടുത്തത് ഓപ്പണറായി ഇറങ്ങിയാണ്. എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ സച്ചിന്‍ ഒരു തവണ മാത്രമാണ് ഓപ്പണറായത്. 15 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ കൂടുതല്‍ തവണയും നാലാം നമ്പറിലാണ് സച്ചിന്‍ ബാറ്റ് ചെയ്തിരുന്നത്. സച്ചിന്റെ ഒട്ടുമിക്ക ടെസ്റ്റ് റെക്കോഡുകളും പിറന്നത് നാലാം നമ്പറിലാണ്.

ഹാഷിം അംല

ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളാണ് ഹാഷിം അംല. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവ് കാട്ടാന്‍ അംലക്ക് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഓപ്പണറായാണ് അംല തിളങ്ങിയതെങ്കിലും ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. ഏകദിനത്തില്‍ ഓപ്പണറായി 175 ഇന്നിങ്‌സ് കളിച്ച താരം 49.90 ശരാശരിയില്‍ 8083 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലാണ് അദ്ദേഹം ഓപ്പണറായത്. 52.50 ശരാശരിയില്‍ 105 റണ്‍സും നേടി. എന്നാല്‍ ടെസ്റ്റില്‍ കൂടുതലും മൂന്നാം നമ്പറിലാണ് അദ്ദേഹം കളിച്ചത്. ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ ലഭിച്ച പിന്തുണ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ അദ്ദേഹത്തിന് ലഭിച്ചില്ല.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ക്വിന്റന്‍ ഡീകോക്ക്. പരിമിത ഓവറില്‍ ഇപ്പോഴും ഓപ്പണറെന്ന നിലയില്‍ ഡീകോക്ക് തിളങ്ങുന്നു. ഇതുവരെ 121 ഏകദിന ഇന്നിങ്‌സ് ഓപ്പണറായി കളിച്ച താരം 45.83 ശരാശരിയില്‍ 5271 റണ്‍സാണ് നേടിയത്. എന്നാല്‍ ടെസ്റ്റില്‍ നാല് ഇന്നിങ്‌സില്‍ ഓപ്പണറായപ്പോള്‍ 35.25 ശരാശരിയില്‍ നേടിയത് 141 റണ്‍സാണ്. നിലവില്‍ ടെസ്റ്റില്‍ മധ്യനിരയിലാണ് അദ്ദേഹത്തിന് അവസരം. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ ഡീകോക്കിനായിട്ടില്ല.

Story first published: Saturday, March 5, 2022, 14:29 [IST]
Other articles published on Mar 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+