For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം ബൗളര്‍മാരായി, പിന്നീട് ബാറ്റിങ് ഇതിഹാസങ്ങളായി, ഈ അഞ്ച് പേരെ അറിയണം

ക്രിക്കറ്റിലെത്തിയ ശേഷം തങ്ങളുടെ യഥാര്‍ത്ഥ മികവ് തിരിച്ചറിഞ്ഞ ചില താരങ്ങളുണ്ട്

1

ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നവര്‍ ഉണ്ടെങ്കിലും ഒരു ഫോര്‍മാറ്റില്‍ പോലും വലിയ കരിയര്‍ സൃഷ്ടിക്കാനാവാത്തവരാണ് കൂടുതല്‍. ഒട്ടുമിക്ക രാജ്യങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് സംവിധാനം സജീവമായതിനാല്‍ പ്രതിഭ തെളിയിച്ച് ഓരോ വര്‍ഷവും നിരവധി താരങ്ങളാണ് ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം തന്നെ താരങ്ങള്‍ക്ക് കാഴ്ചവെക്കേണ്ടതായുണ്ട്.

ഐപിഎല്‍ പോലുള്ള ലീഗ് മത്സരങ്ങളുടെ കടന്നുവരവോടെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള വഴി തുറന്നു. അതുകൊണ്ട് തന്നെ ഓരോ താരങ്ങള്‍ക്കും ടീമില്‍ തുടരണമെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കണം. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ഭാഗ്യത്തിനും വിധിക്കും വലിയ പ്രാധാന്യമുണ്ട്. പല താരങ്ങളുടെയും വളര്‍ച്ച അവരുടെ തന്നെ കണ്ണുതള്ളിച്ചപ്പോള്‍ വലിയ ഭാവി വിധിച്ച പല താരങ്ങളും ഒന്നുമല്ലാതെയായിപ്പോയി.

1

ക്രിക്കറ്റിലെത്തിയ ശേഷം തങ്ങളുടെ യഥാര്‍ത്ഥ മികവ് തിരിച്ചറിഞ്ഞ ചില താരങ്ങളുണ്ട്. ബൗളര്‍മാരാവാന്‍ ആഗ്രഹിച്ച് ബാറ്റ്‌സ്മാന്‍മാരായി മാറിയവരും ബാറ്റ്‌സ്മാനാവാന്‍ ആഗ്രഹിച്ച് ബൗളര്‍മാരായി മാറുകയും ചെയ്ത ചില താരങ്ങളുണ്ട്. തുടക്ക കാലത്ത് ബൗളര്‍മാരായി കടന്നുവരികയും പിന്നീട് ബാറ്റിങ്ങിലെ തങ്ങളുടെ പ്രതിഭ തിരിച്ചറിയുകയും ബാറ്റ്‌സ്മാനെന്ന നിലയില്‍ പേരെടുക്കുകയും ചെയ്ത താരങ്ങളിലെ പ്രമുഖരായ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ പരിഗണിച്ചാല്‍ അതിന്റെ ടോപ് ഫൈവില്‍ ഒരാള്‍ ഓസ്‌ട്രേലിയക്കാരാനായ സ്റ്റീവ് സ്മിത്താവും. കോപ്പീബുക്ക് ശൈലികളുടെ പൊളിച്ചെഴുത്താണ് സ്മിത്തിന്റെ ബാറ്റിങ്. ബൗളര്‍മാര്‍ക്ക് ഒരുപിടിയും കൊടുക്കാതെ ക്രീസില്‍ നിന്ന് തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കുന്ന സ്മിത്ത് ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന ബാറ്റ്‌സ്മാണ്. പല സൂപ്പര്‍ പേസര്‍മാരും സ്മിത്തിനെതിരേ പന്തെറിയാന്‍ പ്രയാസമാണെന്നത് തുറന്ന് സമ്മതിച്ചിട്ടുള്ളതുമാണ്.

ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന് സ്മിത്തിനെ വിശേഷിപ്പിക്കാം. എന്നാല്‍ സ്മിത്ത് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് അദ്ദേഹത്തിന്റെ ബൗളിങ് മികവിലൂടെയാണ്. ഷെയ്ന്‍ വോണിനെപ്പോലെ പന്ത് ടേണ്‍ ചെയ്യിക്കാന്‍ കെല്‍പ്പുള്ള സ്പിന്നറെന്ന വിശേഷണം പോലും തുടക്കകാലത്ത് സ്മിത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിങ്ങുമായാണ് സ്മിത്തിനെ താരതമ്യപ്പെടുത്തുന്നത്. അസാമാന്യ സാങ്കേതിക മികവുള്ള സ്മിത്ത് 83 ടെസ്റ്റുകളില്‍ നിന്ന് 60.02 ശരാശരിയില്‍ 7862 റണ്‍സാണ് നേടിയത്. 27 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 128 ഏകദിനത്തില്‍ നിന്ന് 4378 റണ്‍സും 54 ടി20യില്‍ നിന്ന് 886 റണ്‍സും സ്മിത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 18, ഏകദിനത്തില്‍ 28, ടി20യില്‍ 17 വിക്കറ്റുകളും സ്മിത്തിന്റെ പേരിലുണ്ട്.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ ഇതിഹാസ താരമാണ് സനത് ജയസൂര്യ. ഓപ്പണിങ്ങിലിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന ജയസൂര്യ സ്പിന്‍ ബൗളിങ്ങുകൊണ്ടും മികവ് കാട്ടിയിട്ടുള്ള താരമാണ്. മുന്‍ നായകന്‍ കൂടിയായ ജയസൂര്യ ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് ബൗളര്‍മാരുടെ ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാനാണ്. എന്നാല്‍ തുടക്ക കാലത്ത് ജയസൂര്യക്ക് വലിയ ബാറ്റിങ് മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. അന്ന് അദ്ദേഹത്തെ ടീമില്‍ പിടിച്ചുനിര്‍ത്തിയത് ജയസൂര്യയുടെ സ്പിന്‍ മികവായിരുന്നു.

ഡെത്ത് ഓവറിലടക്കം സ്പിന്നുകൊണ്ട് മികവ് കാട്ടാന്‍ അദ്ദേഹത്തിനായി. തുടക്കകാലത്ത് സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മധ്യനിരയിലായിരുന്നു ജയസൂര്യയുടെ സ്ഥാനം. പിന്നീട് ഓപ്പണിങ്ങിലേക്കെത്തിയ ശേഷമാണ് ജയസൂര്യ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ പദവിയിലേക്കെത്തിയത്. 1996ലെ ഏകദിന ലോകകപ്പാണ് ജയസൂര്യയുടെ കരിയറിനെ മാറ്റിമറിച്ചത്. പിന്നീട് ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 110 ടെസ്റ്റില്‍ നിന്ന് 6973 റണ്‍സും 98 വിക്കറ്റും 445 ഏകദിനത്തില്‍ നിന്ന് 13430 റണ്‍സും 323 വിക്കറ്റും 31 ടി20യില്‍ നിന്ന് 629 റണ്‍സും 19 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

ഷുഹൈബ് മാലിക്ക്

ഷുഹൈബ് മാലിക്ക്

മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് ഷുഹൈബ് മാലിക്ക്. ടെസ്റ്റില്‍ ഓപ്പണര്‍മുതല്‍ 10ാം നമ്പറായിവരെ ബാറ്റ് ചെയ്തിട്ടുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് മാലിക്. 17ാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മാലിക് തുടക്ക കാലത്ത് നന്നായി ദൂസ് ര എറിയുന്ന സ്പിന്നറെന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ പിന്നീട് ബാറ്റിങ്ങിലെ മികവ് തിരിച്ചറിഞ്ഞതോടെ ബൗളിങ്ങിനെ പിന്നോട്ട് നിര്‍ത്തി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു.

35 ടെസ്റ്റില്‍ നിന്ന് 1898 റണ്‍സും 32 വിക്കറ്റും 287 ഏകദിനത്തില്‍ നിന്ന് 7534 റണ്‍സും 158 വിക്കറ്റും 124 ടി20യില്‍ നിന്ന് 2435 റണ്‍സും 28 വിക്കറ്റുമാണ് മാലിക്കിന്റെ പേരിലുള്ളത്. ഇപ്പോഴും പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ സജീവമായിട്ടുള്ള താരമാണ് മാലിക്.

രവി ശാസ്ത്രി

രവി ശാസ്ത്രി

മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരങ്ങളിലൊരാളാണ്. 17ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ രവി അരങ്ങേറ്റം കുറിച്ചു. ഇടം കൈയന്‍ സ്പിന്നറായി തുടങ്ങിയ അദ്ദേഹം 10ാമനായാണ് ആദ്യ കാലങ്ങളില്‍ ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ 18 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായി അദ്ദേഹം മാറി. 80 ടെസ്റ്റില്‍ നിന്ന് 3830 റണ്‍സും 151 വിക്കറ്റും 150 ഏകദിനത്തില്‍ നിന്ന് 3108 റണ്‍സും 129 വിക്കറ്റും രവി ശാസ്ത്രിയുടെ പേരിലുണ്ട്. സ്പിന്നറെന്ന നിലയില്‍ നിന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെടുന്ന ബാറ്റ്‌സ്മാനായി മാറിയത്.

കാമറോണ്‍ വൈറ്റ്

കാമറോണ്‍ വൈറ്റ്

ഓസീസ് മുന്‍ നായകനും ഓള്‍റൗണ്ടറുമായ കാമറോണ്‍ വൈറ്റും തുടക്കം ശ്രദ്ധ നേടിയത് ബൗളറായാണ്. പിന്നീടാണ് ബാറ്റിങ്ങിലെ മികവ് അദ്ദേഹം തിരിച്ചറിയുന്നത്. ലെഗ് സ്പിന്നറായാണ് അദ്ദേഹം ഓസീസ് ടീമിലേക്കെത്തുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റെടുത്തായിരുന്നു തുടക്കം. എന്നാല്‍ ബൗളറെന്ന നിലയില്‍ നിന്ന് മാറി ബാറ്റിങ്ങിലെ പ്രതിഭ കണ്ടെത്തിയതോടെ മികച്ചൊരു ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് അദ്ദേഹം വളര്‍ന്നു. നാല് ടെസ്റ്റില്‍ നിന്ന് 146 റണ്‍സും അഞ്ച് വിക്കറ്റും 91 ഏകദിനത്തില്‍ നിന്ന് 2072 റണ്‍സും 12 വിക്കറ്റും 47 ടി20യില്‍ നിന്ന് 984 റണ്‍സും ഒരു വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

Story first published: Tuesday, March 8, 2022, 16:56 [IST]
Other articles published on Mar 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+