
ജോഗീന്ദര്‍ ശര്‍മ
ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് ജോഗീന്ദര്‍ ശര്‍മ. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ജോഗീന്ദര്‍ ശര്‍മയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ഫൈനല്‍ ഓവര്‍ എറിഞ്ഞത് ജോഗീന്ദര്‍ ശര്‍മയായിരുന്നു. എന്നാല്‍ ഇതിന് ശേഷം അധികനാള്‍ ക്രിക്കറ്റില്‍ തുടരാന്‍ അദ്ദേഹം തയ്യാറായില്ല. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിച്ചെങ്കിലും ടൂര്‍ണമെന്റിലും അധികനാള്‍ തുടര്‍ന്നില്ല. നിലവില്‍ ഹരിയാന പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറാണ് അദ്ദേഹം. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി നടത്തിയ പ്രകടനം വിലയിരുത്തിയാണ് ജോഗീന്ദറിനെ പോലീസിലെടുത്തത്.

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെ അറിയാത്തവര്‍ വിരളമാണ്. ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ഹാട്രിക്കിനുടമ ഹര്‍ഭജനാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങിയ ഹര്‍ഭജന്‍ 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഹര്‍ഭജന്‍ പഞ്ചാബ് പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സേവനം പരിഗണിച്ചാണ് ഹര്‍ഭജന് ഈ പദവി നല്‍കിയത്. കഴിഞ്ഞിടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഹര്‍ഭജന്‍ നിലവില്‍ സിനിമയിലും അവതാരകനെന്ന നിലയിലും സജീവമാണ്.

കപില്‍ ദേവ്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് കപില്‍ ദേവ്. 1983ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് കപില്‍ ദേവ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാള്‍ക്കൂടിയാണ് കപില്‍ ദേവ്. രാജ്യത്തിന്റെ അഭിമാന താരമായ കപിലിന്റെ ക്രിക്കറ്റിലെ സംഭാവനകള്‍ വിലയിരുത്തി ലഫ്റ്റണല്‍ കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. നിലവില്‍ ഈ റാങ്ക് അദ്ദേഹത്തിനുണ്ട്. 2008ലാണ് ഇന്ത്യയുടെ ഉയര്‍ന്ന പദവികളിലൊന്നായ ലഫ്റ്റണല്‍ കേണല്‍ പദവി കപിലിന് നല്‍കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇന്നും തകര്‍ക്കപ്പെടാതെ സച്ചിന്റെ പേരിലാണുള്ളത്. ഇന്ത്യയുടെ എയര്‍ഫോഴ്സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ പദവിയാണ് സച്ചിന് ബഹുമതിയായി നല്‍കിയിരിക്കുന്നത്. ഐഎഎഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന പദവിയാണ് സച്ചിനുള്ളത്. രാജ്യത്തെ ഒട്ടുമിക്ക പ്രധാന ബഹുമതികളും സ്വന്തമാക്കിയിട്ടുള്ള ക്രിക്കറ്റ് താരമാണ് സച്ചിന്‍.

എംഎസ് ധോണി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യക്ക് നേടിക്കൊടുത്തത്. 2007ലെ ടി20 ലോകകപ്പാണ് ആദ്യം ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്. 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ച ധോണി 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടവും അലമാരയിലെത്തിച്ചു. ഇന്ത്യന്‍ നായകനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മറ്റാര്‍ക്കും പെട്ടെന്ന് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ധോണിയുടെ സ്ഥാനം.
ലോക ക്രിക്കറ്റില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ധോണിക്ക് രാജ്യം ലെഫ്റ്റണല്‍ കേണല്‍ പദവിയാണ് നല്‍കിയത്. വിശേഷ ദിവസങ്ങളില്‍ രാജ്യത്തിന്റെ സൈനീക ചടങ്ങുകളില്‍ പല തവണ ധോണി പങ്കെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്കുയര്‍ത്തിയ നായകനെന്ന നിലയില്‍ രാജ്യത്തിന്റെ പല പുരസ്‌കാരങ്ങളും ധോണിക്ക് ലഭിച്ചിട്ടുണ്ട്.

ഉമേഷ് യാദവ്
ഇന്ത്യയുടെ സീനിയര്‍ പേസറായ ഉമേഷ് യാദവ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ്. പരിമിത ഓവറില്‍ വലിയ കരിയര്‍ ഉമേഷിന് അവകാശപ്പെടാനാവില്ലെങ്കിലും ടെസ്റ്റ് ടീമിലേക്ക് ഇപ്പോഴും പരിഗണന ലഭിക്കുന്ന താരമാണ് ഉമേഷ് യാദവ്. അതിവേഗ ബൗളര്‍മാരിലൊരാളായ ഉമേഷ് റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥാനാണെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. നാഗ്പൂരില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് മാനേജറാണ് ഉമേഷ് യാദവ്. ഇന്ത്യയിലെ ഉയര്‍ന്ന സര്‍ക്കാര്‍ സ്ഥാനങ്ങളിലൊന്നാണിത്.

യുസ്വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാണ് യുസ്വേന്ദ്ര ചഹാല്‍. പരിമിത ഓവറില്‍ ഇന്ത്യ സ്പെഷ്യലിസ്റ്റ് സ്പിന്നറായി മുഖ്യ പരിഗണന നല്‍കുന്നത് യുസ് വേന്ദ്ര ചഹാലിനാണ്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ചഹാല്‍ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് ചഹാലിന് ഈ സ്ഥാനം നല്‍കിയത്. ഇന്ത്യയുടെ സ്പിന്നറെന്നതിലുപരിയായി ചെസ്സില്‍ വലിയനേട്ടങ്ങളുള്ള വ്യക്തിയാണ് ചഹാല്‍. എന്നാല്‍ കരിയറിലേക്കെത്തിയപ്പോള്‍ ചെസ്സിനെക്കാളും ക്രിക്കറ്റിന് ചഹാല്‍ പ്രാധാന്യം നല്‍കുകയായിരുന്നു.

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. ഓപ്പണറായും വിക്കറ്റ് കീപ്പറായുമെല്ലാം തിളങ്ങാന്‍ കെല്‍പ്പുള്ള രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ളവനാണ്. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളായ രാഹുല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് മാനേജറാണ്. ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ള താരമാണ് കര്‍ണാടകക്കാരനായ രാഹുല്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയില്‍ നിര്‍ണ്ണായക താരമായി മാറുക കെ എല്‍ രാഹുലാവും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ നായകനായിരുന്ന രാഹുല്‍ ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകനാണ്. നായകനെന്ന നിലയില്‍ ഇന്ത്യ രാഹുലില്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ട്.


Click it and Unblock the Notifications
