Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കരുണ്‍ മുതല്‍ കാര്‍ത്തിക് വരെ', ഇവര്‍ ഇന്ത്യയുടെ ദൗര്‍ഭാഗ്യവാന്മാരായ താരങ്ങള്‍, അഞ്ച് പേരെ അറിയാം

1

ക്രിക്കറ്റില്‍ മാത്രമല്ല, ഏത് കായിക ഇനത്തിലായാലും മികച്ച കരിയര്‍ സൃഷ്ടിക്കാന്‍ പ്രതിഭ മാത്രം പോരാ, അതിന് ഭാഗ്യത്തിന്റെ പിന്തുണയും അത്യാവശ്യമാണ്. അസാമാന്യ പ്രതിഭയുള്ളവരെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ പല താരങ്ങളും ഒന്നുമാവാതെ പോയതിന് പിന്നില്‍ ഭാഗ്യക്കുറവ് തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും പ്രതിഭാ ധാരാളിത്തമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാത്ത താരത്തിന് ടീമില്‍ സ്ഥാനം നിലനിര്‍ത്തുക പ്രയാസം തന്നെയാണെന്ന് പറയാം.

അന്താരാഷ്ട്ര കരിയറില്‍ സ്വപ്‌ന തുല്യമായ തുടക്കം ലഭിച്ചിട്ടും വലിയ കരിയര്‍ സൃഷ്ടിക്കാനോ കൂടുതല്‍ അവസരം നേടിയെടുക്കാനോ ചില താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇതിനെ ദൗര്‍ഭാഗ്യമെന്ന് മാത്രമെ വിളിക്കാനാവു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രതിഭകളെന്ന പേരെടുക്കുകയും മികച്ച പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയും എന്നാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാതെ പോയതുമായ താരങ്ങളെ പരിഗണിച്ചാല്‍ വലിയ പട്ടിക തന്നെ ഉണ്ടാവും. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും ദൗര്‍ഭാഗ്യവാന്മാരായ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വസിം ജാഫര്‍

വസിം ജാഫര്‍

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഇതിഹാസമാണ് വസിം ജാഫര്‍. മുംബൈക്കാരനായ അദ്ദേഹം 186 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 14609 റണ്‍സാണ് അടിച്ചെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരിലെ ഒന്നാമനാണ് അദ്ദേഹം. 53.70 എന്ന ഗംഭീര ശരാശരിയില്‍ കളിച്ചിരുന്ന അദ്ദേഹത്തിന്റെ പേരില്‍ 46 സെഞ്ച്വറികളുമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. 2000ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ജാഫര്‍ 31 ടെസ്റ്റില്‍ നിന്ന് 1944 റണ്‍സാണ് ആകെ നേടിയത്. ഓപ്പണറെന്ന നിലയില്‍ മോശമില്ലാത്ത റെക്കോഡുണ്ടായിട്ടും വലിയ കരിയര്‍ നേടാന്‍ അദ്ദേഹത്തിനായില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാനുള്ള അവസരം ജാഫറിന് ലഭിച്ചില്ലെന്ന് തന്നെ പറയാം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ താരമാണ് ഇര്‍ഫാന്‍ പഠാന്‍. ഹര്‍ഭജന്‍ സിങ്ങിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് ഹാട്രിക്കടക്കം നേടിയ ഇര്‍ഫാന്‍ ഇതിഹാസമായിത്തന്നെ കളി നിര്‍ത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ജൂനിയര്‍ കപില്‍ ദേവ് എന്ന് പോലും വിശേഷിപ്പിക്കപ്പെട്ട ഇര്‍ഫാന് പക്ഷെ പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് എത്താനായില്ല. പരിക്കും ഫോമില്ലായ്മയും അദ്ദേഹത്തെ പ്രയാസപ്പെടുത്തി. പഴയ സ്വിങ് നഷ്ടമായതോടെ ദേശീയ ടീമില്‍ നിന്ന് അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. 27ാം വയസോട് തന്റെ അന്താരാഷ്ട്ര കരിയറിന് ഏറെക്കുറെ അവസാനമിടേണ്ടി വന്ന താരമാണ് ഇര്‍ഫാന്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിച്ച ഇര്‍ഫാന്റെ വീഴ്ചയെ ദൗര്‍ഭാഗ്യകരമെന്ന് മാത്രമെ പറയാനാവു.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

എംഎസ് ധോണിക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും മോശമില്ലാത്ത റെക്കോഡ് കാര്‍ത്തികിനുണ്ടെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാകുന്നതില്‍ പരാജയപ്പെട്ടു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഒരു ഫോര്‍മാറ്റിലും സ്ഥിരത കണ്ടെത്താനായില്ല. ധോണിയുടെ വരവും വിക്കറ്റിന് പിന്നിലെ മിന്നും പ്രകടനം കൂടിയായപ്പോള്‍ കാര്‍ത്തിക് പകരക്കാരനായി ഒതുങ്ങി. മികച്ച യുവ വിക്കറ്റ് കീപ്പര്‍മാര്‍ വളര്‍ന്നുവന്നതോടെ ധോണിയുടെ വിരമിക്കലിന് ശേഷവും വേണ്ട അവസരം കാര്‍ത്തികിന് ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെ നായകനാണ് കാര്‍ത്തിക്. പ്രതിഭ പരിഗണിക്കുമ്പോള്‍ ഇതിലും കൂടുതല്‍ അവസരം കാര്‍ത്തികിന് ലഭിക്കേണ്ടതായിരുന്നെന്ന് പറയാം.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി എല്ലാവരുടെയും കൈയടി നേടിയ താരമാണ് കരുണ്‍ നായര്‍. വലിയ കരിയര്‍ തന്നെ എല്ലാവരും കരുണിന് പ്രതീക്ഷിച്ചിരുന്നെങ്കിലും കരുണിന് വേണ്ടവിധം അവസരം ലഭിച്ചില്ല. മധ്യനിരയിലെ ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കരുണ്‍ ഉത്തരം നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചില്ലെന്ന് വേണം വിലയിരുത്താന്‍. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം മൂന്ന് മത്സരത്തില്‍ക്കൂടി കരുണിന് അവസരം ലഭിച്ചെങ്കിലും മികച്ച പ്രകടനം നടത്താനാവാത്തതിനാല്‍ കരുണ്‍ തഴയപ്പെട്ടു. എന്നാല്‍ ഇന്ത്യ കുറച്ച് മത്സരങ്ങളില്‍ക്കൂടി അവസരം നല്‍കേണ്ട താരമായിരുന്നു കരുണ്‍.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ഇന്ത്യന്‍ ടീം ഏറ്റവും ക്രൂരമായി പെരുമാറിയ താരങ്ങളിലൊരാളാണ് അമ്പാട്ടി റായിഡു. മധ്യനിരയിലെ വിശ്വസ്തനായ താരം നാലാം നമ്പറിലെ ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് റായിഡുവിനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായി മിന്നുമ്പോഴും റായിഡുവിന് വേണ്ടത്ര അവസരം ഇന്ത്യന്‍ ടീമില്‍ ലഭിച്ചില്ല. പ്രതിഭ വിലയിരുത്തുമ്പോള്‍ ഇതിലും കൂടുതല്‍ പരിഗണന റായിഡു അര്‍ഹിച്ചിരുന്നുവെന്നുവേണം പറയാന്‍. എന്നാല്‍ നിലവില്‍ ദൗര്‍ഭാഗ്യവാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടാനാണ് റായിഡുവിന്റെ വിധി.

Story first published: Tuesday, February 1, 2022, 8:32 [IST]
Other articles published on Feb 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+