ഐപിഎല്ലില്‍ സുഹൃത്തുക്കളായിരിക്കാം, ഇവിടെ ഒരു സൗഹൃദവും പ്രതീക്ഷിക്കേണ്ട!! ബട്‌ലറുടെ മുന്നറിയിപ്പ്
ബര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കെ ഇരുടീമിലെയും താരങ്ങള്‍ അവസാനവട്ട ഒരുക്കത്തിലാണ്. അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്.
ഐപിഎല്ലിന്റെ വരവോടെ ലോക ക്രിക്കറ്റില്‍ വിവിധ ടീമിലെ താരങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. ഇപ്പോള്‍ ഇംഗ്ലീഷ് ടീമിന്റെ വിക്കറ്റ് കീപ്പറായ ജോസ് ബട്‌ലര്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ടായിരുന്നു. തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനു വേണ്ടി താരം പുറത്തെടുത്തത്. മോശം ഫോമിനെ തുടര്‍ന്നു ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായ ബട്‌ലറുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഐപിഎല്‍. രാജസ്ഥാനു വേണ്ടി കാഴ്ച വച്ച മികച്ച പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇംഗ്ലീഷ് ടീമിലേക്കു തിരികെ വിളിച്ചത്.

ഒരു സൗഹൃദവും പ്രതീക്ഷിക്കേണ്ട
ഐപിഎല്ലില്‍ രാജസ്ഥാനൊപ്പമുള്ളപ്പോള്‍ ടീമിലെ ഇന്ത്യന്‍ താരങ്ങളുമായി ബട്‌ലര്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഈ സൗഹൃദമൊന്നും തന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്ന് ബട്‌ലര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്ള ചിലര്‍ ഐപിഎല്ലില്‍ സഹതാരങ്ങളായിരുന്നു. അതുകൊണ്ടു തന്നെ അവരുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ ദേശീയ ടീമിനായി കളിക്കുമ്പോള്‍ ഈ സൗഹൃദത്തിനൊന്നും സ്ഥാനമില്ലെന്ന് ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിന് നല്ലത്
ഐപിഎല്‍ പോലെയുള്ള ടൂര്‍ണമെന്റുകള്‍ ക്രിക്കറ്റിന് നല്ലതാണെന്നു ബട്‌ലര്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി കളിക്കാനും അവരുടെ മികച്ച താരങ്ങളുമായി സൗഹൃദമുണ്ടാക്കാനും കൂടുതല്‍ പഠിക്കാനുമെല്ലാം ഇതു സഹായിക്കും. ഐപിഎല്ലില്‍ കളിക്കാനായത് വളരെ മികച്ച അനുഭവമായിരുന്നു തനിക്കെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്റെ ടോപ്‌സ്‌കോറര്‍
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു ബട്‌ലര്‍. സീസണിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ മധ്യനിരയില്‍ ഇറങ്ങിയ അദ്ദേഹത്തിനെ പിന്നീട് ഓപ്പണറായി പരീക്ഷിച്ചതോടെയാണ് രാജസ്ഥാന്റെ സമയം തെളിഞ്ഞത്. 13 മല്‍സരങ്ങളില്‍ നിന്നും 548 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. ടീമിനെ പ്ലേഓഫില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ക്കു സാധിച്ചു.

രഹാനെയ്ക്കു കീഴില്‍ കളിച്ചു
ടെസ്റ്റ് ടീമില്‍ ഇന്ത്യക്കൊപ്പമുള്ള മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയാണ് ഐപിഎല്ലില്‍ രാജസ്ഥാനെ നയിച്ചത്. തന്റെ മുന്‍ ക്യാപ്റ്റനെതിരേ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലുണ്ടെന്ന് ബട്‌ലര്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പര ഏറെ ആവേശകരമാവുമെന്ന് ഉറപ്പുണ്ട്. ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊന്നും പരമ്പരയില്‍ കാണില്ല. സ്വന്തം രാജ്യത്തിനു വേണ്ടി കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുകയാവും ഓരോ താരത്തിന്റെയും ലക്ഷ്യമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications