Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Exclusive: ഇനി ജയ്‌സ്വാളിന്റെ ടൈം, കാരണം 4 'മന്ത്രങ്ങള്‍'! വെളിപ്പെടുത്തി മുന്‍ കോച്ച്

കിടിലന്‍ പ്രകടനങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു അടിവരയിടുകയാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം കളിച്ച ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ 23 കാരനായ ഇടംകൈയന്‍ ബാറ്റര്‍ക്കായിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലിക്കു ശേഷം അടുത്ത പോസ്റ്റര്‍ ബോയ് താനാണെന്ന സൂചനകളാണ് ജയ്‌സ്വാള്‍ നല്‍കുന്നത്.

ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ പല വമ്പന്‍ താരങ്ങളും ഇന്ത്യക്കായി റണ്ണെടുക്കാന്‍ പാടുപെടുമ്പോള്‍ ജയ്‌സാളാണ് ടീമിന്റെ രക്ഷകനായിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്.

ലോക ക്രിക്കറ്റില്‍ ഇനിയുള്ള വര്‍ഷങ്ങള്‍ ജയ്‌സ്വാളിനു അവകാശപ്പെട്ടതായിരിക്കുമെന്നും ഇതിനു കാരണം നാലു മന്ത്രങ്ങളാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ആദ്യകാല കോച്ചായ ജ്വാല സിങ്. മൈഖേലിനു (Mykhel) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

YASHASVI JAISWAL

സെഞ്ച്വറി നഷ്ടം

ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും യശസ്വി ജയ്‌സ്വാളിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നു ജ്വാല സിങ് വ്യക്തമാക്കി. രണ്ടിന്നിങ്‌സുകളിലും 80കളില്‍ താരം പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ റണ്ണൗട്ടായപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ തേര്‍ഡ് അംപയറുടെ വിവാദ തീരുമാനവും തിരിച്ചടിയായി മാറി.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി നേടിയിരുന്നെങ്കില്‍ അതു അവിശ്വസനീയ നേട്ടം തന്നെയായി മാറുമായിരുന്നു. അവന്‍ നിര്‍ഭാഗ്യവാനാണ്. ടെസ്റ്റില്‍ റണ്ണൗട്ടാവുകയെന്നത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. രണ്ടാമിന്നിങ്‌സില്‍ അവനെതിരേയുള്ള തേര്‍ഡ് അംപയറുടെ തീരുമാനവും വളരെ ദൗര്‍ഭാഗ്യകരമാണെന്നും ജ്വാല സിങ് പറഞ്ഞു.

അതു ശരിക്കും ഔട്ടോ?

മെല്‍ബണ്‍ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാളിനെതിരായ തേര്‍ഡ് അംപയറുടെ തീരുമാനം ശരിയായിരുന്നില്ലെന്നാണ് ജ്വാല സിങിന്റെ അഭിപ്രായം. ഗ്രൗണ്ടിലെ അംപയര്‍ക്കു ഉറപ്പില്ലാതിരിക്കുകയും തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയും ചെയ്യുമ്പോള്‍ ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും പരിഗണിക്കേണ്ടത് നിര്‍ണായകമാണ്. സ്‌നിക്കോ, ഹോട്‌സ്‌പോട്ട് തുടങ്ങി എല്ലാം തന്നെ നന്നായി പരിശോധിക്കണം.

യശസ്വിയുടെ ബാറ്റില്‍ തട്ടിയാണ് ബോള്‍ ദിശ മാറിയതെന്നു വ്യക്തമല്ലായിരുന്നു. ക്രിക്കറ്റ് നിയമങ്ങളനുസരിച്ച് ഒരു കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഇതിന്റെ ആനുകൂല്യം ലഭിക്കേണ്ടത് ബാറ്റര്‍ക്കാണ്. നിര്‍ഭാഗ്യവശാല്‍ യശസ്വിയുടെ കാര്യത്തില്‍ ഇതു സംഭവിച്ചില്ലയെന്നും ജ്വാല സിങ് വിലയിരുത്തി.

അതേ അഭിപ്രായം തന്നെയാണ് കമന്ററി പാനലിലുണ്ടായിരുന്ന ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറും നേരത്തേ പറഞ്ഞത്. നോട്ടൗട്ടായിരുന്നു തേര്‍ഡ് അംപയര്‍ യഥാര്‍ഥത്തില്‍ വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

YASHASVI JAISWAL

നാലു മന്ത്രങ്ങള്‍

ചില നിരാശകളുണ്ടായെങ്കിലും ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പല പോസിറ്റീവുകളും യശസ്വി ജയ്‌സ്വാളിനുണ്ടെന്നാണ് ജ്വാല സിങിന്റെ നിരീക്ഷണം. കന്നി ഓസ്‌ട്രേലിയന്‍ പര്യനം കളിക്കുന്ന താരം ഡെക്കുമായാണ് തുടങ്ങിയെങ്കിലും അടുത്ത ഇന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറി കുറിച്ചിരുന്നു. അതിനു ശേഷം രണ്ടു ഫിഫ്റ്റികള്‍ കൂടി തന്റെ പേരിലേക്കു ചേര്‍ക്കാന്‍ ജയ്‌സ്വാളിനു സാധിക്കുകയും ചെയ്തു.

പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഡെക്കായതിനു ശേഷം മെല്‍ബണില്‍ ഈ തരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാനായത് യശസ്വിയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസമുയര്‍ത്തുന്ന കാര്യം തന്നെയായിരിക്കും. രാജ്യത്തിനു പുറത്തുള്ള സാഹചര്യങ്ങളില്‍ അവനു വിജയിക്കാന്‍ സാധിക്കുമോയെന്നതിനെ കുറിച്ച് ഒരുപാട് പേര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും ശക്തരായ ഓസ്‌ട്രേലിയക്കെതിരേ അവന്‍ തിളങ്ങുമോയെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചതായി ജ്വാല വ്യക്തമാക്കി.

മികച്ച പ്രകടനങ്ങളിലൂടെ യശസ്വി തന്റെ കഴിവ് വീണ്ടും തെളിയിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. അവന്‍ വളരെ വ്യത്യസ്തമായ കഴിവുകളുള്ള താരമാണ്. അവന്റെ ഗെയിമും വ്യത്യസ്തമാണെന്നു ഞാന്‍ പറയും. വിജയിക്കണമെങ്കില്‍ നാലു മന്ത്രങ്ങള്‍ ആവശ്യമാണന്നു ഞാന്‍ എല്ലായ്‌പ്പോഴും പറയാറുണ്ട്.

കഴിവ്, ആഗ്രഹം, ഫിറ്റ്‌നസ്, സ്മാര്‍ട്ടനസ് എന്നിവയാണിത്. ഞാന്‍ ഇക്കാര്യം എല്ലായ്പ്പോഴും കളിക്കാരോടു പറയാറുമുണ്ട്. ഈ നാലു കാര്യങ്ങളും ഒത്തു ചേര്‍ന്ന ക്രിക്കറ്ററാണ് യശസ്വി. ഇതു അവനെ ആത്മവിശ്വാസത്തോടെ, നിര്‍ഭയനായി ദീര്‍ഘകാലം കളിക്കാന്‍ സഹായിക്കുമെന്നും ജ്വാല കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 1, 2025, 10:00 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+