ചെന്നൈ: ദീര്‍ഘ വീക്ഷണമുള്ള തന്ത്രശാലിയായ നായകനായിരുന്നു എംഎസ് ധോണി. ഓരോ താരത്തിന്റെയും കരുത്തും ദൗര്‍ഭല്യവും കൃത്യമായി മനസിലാക്കാന്‍ അസാമാന്യ കഴിവ് അദ്ദേഹത്തിനുണ്ട്. എതിര്‍ താരങ്ങളുടെ പോലും ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ധോണിക്ക് സാധിച്ചിരുന്നു. അതുകൊണ്ടാണ് മൂന്ന് ഐസിസി കിരീടം നേടി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്നതാണ് ധോണിയുടെ കരുത്ത്.
അവസാന നിമിഷംവരെ പ്രതീക്ഷകൈവിടാതെ ആത്മവിശ്വാസത്തോടെ പൊരുതാന്‍ ഇന്ത്യയെ പഠിപ്പിച്ചത് ധോണിയാണ്. സൗരവ് ഗാംഗുലിക്ക് ശേഷം രാഹുല്‍ ദ്രാവിഡും പിന്നീട് ധോണിയിലേക്കുമെത്തിപ്പെട്ട ഇന്ത്യയുടെ നായകസ്ഥാനം ഇന്ന് രോഹിത് ശര്‍മയുടെ കൈയിലാണുള്ളത്. ധോണി ക്യാപ്റ്റനായിരിക്കെ വളരെ ശക്തമായൊരു താരനിരയെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിരുന്നു. സംതുലിതമായിരുന്നു ഇന്ത്യന്‍ സംഘം.
ധോണി വിരമിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യക്ക് നട്ടെല്ലാവാന്‍ ശേഷിയുള്ള ചില താരങ്ങളെ കണ്ടെത്തുകയും പിന്തുണച്ച് വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ധോണി വളര്‍ത്തിയ ഇന്ത്യയുടെ നാല് ഇതിഹാസങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഇന്നത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ആദ്യത്തെയാള്‍. തുടക്ക കാലത്ത് രോഹിത് ശര്‍മ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്തതിനാല്‍ത്തന്നെ രോഹിത്തിന് ടീമില്‍ വേരുറപ്പിക്കാനും സാധിച്ചില്ല.

പ്രതിഭയുണ്ടെങ്കിലും സ്ഥിരതയില്ലാതെ വന്നതോടെ രോഹിത് തഴയപ്പെടുമെന്ന സാഹചര്യത്തിലാണ് ധോണി പിന്തുണച്ചത്. 2013ല്‍ രോഹിത്തിനെ ഓപ്പണറാക്കാനുള്ള ധോണിയുടെ തീരുമാനം ചരിത്രമായി. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ രോഹിത് എന്ന താരത്തിന്റെ വലിയ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. അനായാസം സിക്‌സര്‍ പറത്തി ആരാധകരുടെ ഹിറ്റ്മാനായി മാറാന്‍ രോഹിത്തിന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ നായകനായി എത്തിനില്‍ക്കുകയാണ് രോഹിത്.
ആശിഷ് നെഹ്‌റ ഇന്ത്യയുടെ സീനിയര്‍ താരമാണ്. സൗരവ് ഗാംഗുലിക്ക് കീഴില്‍ത്തന്നെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറാന്‍ നെഹ്‌റക്ക് സാധിച്ചു. എന്നാല്‍ തുടര്‍ പരിക്കുകളോടെ ആരും പിന്തുണക്കാനില്ലാതെ താരം തഴയപ്പെട്ടു. ആ സമയത്താണ് ധോണി നെഹ്‌റയെ സിഎസ്‌കെയിലേക്കെത്തിക്കുന്നത്. ഇതോടെ 2016ലെ ഓസീസ് പര്യടനത്തിലൂടെ നെഹ്‌റ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തി.
2016ലെ ടി20 ലോകകപ്പടക്കം കളിക്കാന്‍ നെഹ്‌റക്കായി. ഇന്ത്യയുടെ പല പ്രമുഖര്‍ക്കും സാധിക്കാതെ പോയ വിരമിക്കല്‍ മത്സരവും നെഹ്‌റക്ക് ലഭിച്ചു. ഇത് ധോണിയുടെ പിന്തുണകൊണ്ടുമാത്രമാണ്. രവീന്ദ്ര ജഡേജയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ജഡ്ഡുവെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജഡേജയെ വളര്‍ത്തിയത് ധോണിയാണ്. പ്രഗ്യാന്‍ ഓജ കളം വിട്ട ശേഷം ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍ റോളില്‍ ജഡേജ തിളങ്ങി.
ധോണിക്ക് ശേഷം വിരാട് കോലിയും ഇപ്പോള്‍ രോഹിത് ശര്‍മയും നയിക്കുമ്പോഴും ടീമിന്റെ അഭിവാജ്യ ഘടകങ്ങളിലൊന്നായി ജഡേജ തുടരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് ജഡേജ. ആര്‍ അശ്വിനാണ് മറ്റൊരാള്‍. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറെ വളര്‍ത്തിയതും ധോണിയാണ്. സിഎസ്‌കെയിലൂടെ ധോണി പിന്തുണച്ച് വളര്‍ത്തിയ അശ്വിന്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പവര്‍പ്ലേയിലും ഡെത്തോവറിലുമെല്ലാം ധോണിയുടെ മനസിനൊപ്പം പന്തെറിയാന്‍ അശ്വിനായി.
ജഡേജ-അശ്വിന്‍ സ്പിന്‍ കൂട്ടുകെട്ടാണ് ധോണിക്ക് കീഴില്‍ കസറിയത്. എന്നാല്‍ കോലി ക്യാപ്റ്റനായപ്പോള്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. അശ്വിന്‍ ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ധോണിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇവരുടെ കരിയറില്‍ ഇത്രത്തോളം ഉയര്‍ച്ച ലഭിക്കില്ലായിരുന്നു. എന്നാല്‍ ധോണി ക്യാപ്റ്റനായ ശേഷം പല സീനിയര്‍ താരങ്ങളുടെയും ചീട്ടുകീറിയിട്ടുണ്ടെന്ന ആക്ഷേപം ചില ആരാധകര്‍ക്കുണ്ട്.