
പ്രവീണിനെ വിലക്കി
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയ പേസര്‍ പ്രവീണ്‍ കുമാറിനെ രണ്ടാമിന്നിങ്‌സില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നും ഹാര്‍പര്‍ വിലക്കിയതാണ് വിവാദങ്ങള്‍ക്കു വഴിവച്ചത്. ബൗളിങിനിടെ പിച്ചിന്റെ സംരക്ഷിത മേഖയിലേക്ക് തുടര്‍ച്ചയായി ഓടിക്കയറിയെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹാര്‍പറുടെ നടപടി.
ഒരു പുതുമുഖ താരത്തോടു താന്‍ കുറച്ചു മയത്തോടെ പെരുമാറണമായിരുന്നുവെന്ന് അന്നു ധോണി നിര്‍ദേശിച്ചിരുന്നതായി ഓര്‍മയുണ്ട്. എന്നാല്‍ ടെസ്റ്റില്‍ അരങ്ങേറുന്നതിനു മുമ്പ് 52 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് പ്രവീണ്‍. അതുകൊണ്ടു തന്നെ നിയമത്തെക്കുറിച്ച് അദ്ദേഹത്തിനു നല്ല ധാരണയുണ്ടായിരുന്നെന്നും ഹാര്‍പര്‍ വിശദമാക്കി.

രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍
ബൗളിങ് വിലക്ക് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ബൗളറായിരുന്നില്ല പ്രവീണ്‍. അതിനു മുമ്പ് 2000ത്തില്‍ ഇന്ത്യ സിംബാബ്‌വെ പര്യടനം നടത്തിയപ്പോള്‍ അന്നു ടീമിലുണ്ടായിരുന്ന പേസര്‍ ആശിഷ് നെഹ്‌റയ്ക്കും വിലക്ക് നേരിട്ടിരുന്നു. അന്നും ഹാര്‍പര്‍ തന്നെയായിരുന്നു അംപയര്‍. പ്രവീണിന്റെ ഭാഗത്തു നിന്നുണ്ടായ അതേ തെറ്റ് തന്നെയായിരുന്നു നെഹ്‌റയും ആവര്‍ത്തിച്ചത്. അന്ന് ഇന്ത്യന്‍ ടീമില്‍ ധോണിയില്ലായിരുന്നു. എങ്കിലും ഹാര്‍പറുടെ ഈ നടപടിയെക്കുറിച്ച് അദ്ദേഹത്തിനു അറിയുമായിരുന്നു.

ധോണിയുടെ പ്രതികരണം
രണ്ടാമിന്നിങ്‌സില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നും പ്രവീണിനെ വിലക്കിയതായി അന്നു ധോണിയെ അറിയിച്ചപ്പോള്‍ അദ്ദേഹം കുപിതനായിരുന്നതായി ഹാര്‍പര്‍ വെളിപ്പെടുത്തി. ഹാര്‍ഹര്‍, നിങ്ങളുമായി ഞങ്ങള്‍ക്കു നേരത്തേ തന്നെ പ്രശ്‌നങ്ങളുള്ളതാണെന്നായിരുന്നു വിലക്കിയ കാര്യം അറിയിച്ചപ്പോള്‍ കളിക്കളത്തില്‍ വച്ച് ധോണിയുടെ പ്രതികരണം. എന്നാല്‍ താന്‍ ഇതിനു മറുപടി നല്‍കിയില്ല. ഉറക്കെ ചിരിച്ചു കൊണ്ട് സ്‌ക്വയര്‍ ലെഗിലേക്കു താന്‍ പോവുകയായിരുന്നുവെന്നും ഹാര്‍പര്‍ പറയുന്നു.
ഒരുപക്ഷെ നെഹ്‌റയെ താന്‍ വിലക്കിയ കാര്യം ധോണിക്കു അറിയാമായിരുന്നതു കൊണ്ടാവാം ധോണി അത്തരത്തില്‍ പ്രതികരിച്ചതെന്നും ഹാര്‍പര്‍ വ്യക്തമാക്കി.

നേരത്തേ ജയിക്കുമായിരുന്നു
പ്രവീണിനെ വിലക്കിയെങ്കിലും കിങ്സ്റ്റണില്‍ നടന്ന ഈ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്കു തന്നെയായിരുന്നു വിജയം. മല്‍സരശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ധോണി തന്റെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച് സംസാരിച്ചിരുന്നതായും ഹാര്‍പര്‍ പറഞ്ഞു.
ശരിയായ തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ മുമ്പ് തന്നെ കളിയവസാനിപ്പിച്ച് ഞങ്ങള്‍ ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയിട്ടുണ്ടാവുമെന്നായിരുന്നു ധോണിയുടെ വാക്കുകള്‍. അംപയറുടെ തീരുമാനത്തെ ഇത്രയും പരസ്യമായി വിമര്‍ശിച്ച ധോണിക്കെതിരേ അന്നു ശിക്ഷാനടപടി എടുക്കേണ്ടതായിരുന്നുവെന്നും ഹാര്‍പര്‍ അഭിപ്രായപ്പെട്ടു. തന്നെ ഭീഷണിപ്പെടുത്താന്‍ വരെ ധോണി അന്നു ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിക്കുന്നു.

ഇന്ത്യക്കെതിരേ ഹാര്‍പര്‍
തെറ്റായ തീരുമാനമാണ് ഇന്ത്യയുടെ വിജയം കൈവിപ്പിച്ചതെന്ന ധോണിയുടെ അഭിപ്രായത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് ഹാര്‍പര്‍. ധോണി പറഞ്ഞത് ശരിയാണ്. പക്ഷെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നന്നായി ക്യാച്ചുകളെടുത്തിരുന്നെങ്കില്‍ ഇന്ത്യക്കു നേരത്തേ ജയിക്കാമായിരുന്നുവെന്ന് ഹാര്‍പര്‍ തിരിച്ചടിച്ചു. ധോണിക്കെതിരേ അന്നു ഐസിസി നടപടിയൊന്നും സ്വീകരിക്കാതിരുന്നതില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളും നിയന്ത്രിക്കേണ്ടിയിരുന്നത് ഹാര്‍പറായിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് നേരത്തേ വിരമിക്കേണ്ടി വന്നു. 96 ടെസ്റ്റുകളിലാണ് ഹാര്‍പര്‍ അംപയറായിട്ടുള്ളത്.


Click it and Unblock the Notifications