For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ കുപ്പായത്തില്‍ ആവേശം വിതറാന്‍ ഇനി യുവിയില്ല... ഗുഡ്‌ബൈ പറഞ്ഞ് സൂപ്പര്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റിനോടു യുവി വിട പറഞ്ഞു

By Manu
യുവരാജ് സിംഗ് വിരമിച്ചു

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സൂപ്പര്‍ താരം യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം താന്‍ ക്രിക്കറ്റിനോടു വിട പറഞ്ഞേക്കുമെന്ന് അദ്ദേഹം നേരത്തേ സൂചന നല്‍കിയിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി യുവി കളിച്ചിരുന്നു. എന്നാല്‍ ചില മല്‍സങ്ങള്‍ മാത്രം കളിച്ച അദ്ദേഹത്തിന് പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ യുവിയുടെ ലോകകപ്പ് സ്വപ്‌നവും പൊലിയുകയായിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിടപറയാന്‍ അദ്ദേഹം തീരുമാനിച്ചത്. 19 വര്‍ഷം നീണ്ട ഗംഭീര കരിയറിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇതുപോലെ നെഞ്ചിലേറ്റിയ അധികം താരങ്ങളുണ്ടായിട്ടില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം ടീമിന് ഒരുപോലെ പകരം വയ്ക്കാനില്ലാത്ത കളിക്കാരനായിരുന്നു അദ്ദേഹം.

ഇതാണ് വിരമിക്കാനുള്ള സമയം

ഇതാണ് വിരമിക്കാനുള്ള സമയം

മുംബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആരാധകരെ നിരാശരാക്കിക്കൊണ്ട് യുവി വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 17 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ടായിരുന്നു. ഇപ്പോള്‍ വിരമിക്കാനുള്ള സമയമായിരിക്കുന്നു. വളരെ അവിസ്മരണീയമായ ഒരു യാത്രയാണ് അവസാനിച്ചിരിക്കുന്നത്. ക്രിക്കറ്റിനോടു വിട പറയാനുള്ള ഏറ്റവും ഉചിതമായ സമയം ഇതു തന്നെയാണെന്നും വികാരധീനനായി യുവി പറഞ്ഞു.

കളിച്ചത് 402 മല്‍സരങ്ങള്‍

കളിച്ചത് 402 മല്‍സരങ്ങള്‍

402 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ യുവി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ഏകദിനത്തില്‍ ഇന്ത്യയുടെ പകരം വയ്ക്കാനില്ലാത്ത കളിക്കാരനായിരുന്നു അദ്ദേഹം. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് യുവി. ഇത്രയും അനായാസമായി ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റര്‍മാര്‍ അധികമില്ല.
ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ടി20 കളിലും യുവരാജ് കളിച്ചിട്ടുണ്ട്.

തുടക്കം 2000ത്തില്‍

തുടക്കം 2000ത്തില്‍

2000ത്തിലാണ് രാജ്യം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവിയുടെ കരിയര്‍ ആരംഭിക്കുന്നത്. 18ാം വയസ്സില്‍ കരിയറിലെ രണ്ടാം ഏകദിനത്തില്‍ തന്നെ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഫിഫ്റ്റിയുമായി അദ്ദേഹം വരവറിയിച്ചു. കെനിയയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ശക്തമായ ഓസീസ് ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം നിറഞ്ഞാടിയത്.
പിന്നീട് യുവി ഉയരങ്ങളിലേക്കു കുതിക്കുന്നതാണ് കണ്ടത്. ഇന്ത്യന്‍ മധ്യനിരയിലെ നട്ടെല്ലായി അദ്ദേഹം മാറി. 2003ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിലെ ഗംഭീര ഇന്നിങ്‌സിലൂടെ യുവി വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല

ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഹീറോയായി വിലസുമ്പോഴും ടെസ്റ്റ് യുവിക്കു വഴങ്ങിയില്ല. ടെസ്റ്റില്‍ തന്റെ മിടുക്ക് പുറത്തെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും 40 ടെസ്റ്റുകളില്‍ നിന്നും 33.92 ശരാശരിയില്‍ 1900 റണ്‍സ് യുവി നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 2012ലാണ് യുവി ഇന്ത്യക്കു വേണ്ടി അവസാനമായി ടെസ്റ്റില്‍ കളിച്ചത്.

റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചില ലോക റെക്കോര്‍ഡുകള്‍ക്കു അവകാശി കൂടിയാണ് യുവി. ടി20യിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. 2002ലെ പ്രഥമ ടി20 ലോകകപ്പിലാണ് 12 പന്തില്‍ ഫിഫ്റ്റിയടിച്ച് യുവി ലോകത്തെ വിസ്മയിപ്പിച്ചത്.
ഇതേ ടൂര്‍ണമെന്റില്‍ തന്നെ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തി യുവി മറ്റൊരു റെക്കോര്‍ഡുമിട്ടിരുന്നു.

രണ്ടു ലോകകിരീടങ്ങള്‍

രണ്ടു ലോകകിരീടങ്ങള്‍

എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ രണ്ടു ലോക കിരീടങ്ങള്‍ നേടിയപ്പോഴും ടീമിന്റെ നട്ടെല്ല് യുവിയായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പുമാണ് യുവി ഇന്ത്യക്കു നേടിത്തന്നത്.
2007ലെ ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ വിജയശില്‍പ്പിയായത് 30 പന്തില്‍ 70 റണ്‍സെടുത്ത യുവിയായിരുന്നു. 2011ലെ ലോകകപ്പില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും യുവി കസറി. ധോണി കപ്പുയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതും അദ്ദേഹമായിരുന്നു.

മിന്നും താരം

മിന്നും താരം

ഏകദിനത്തില്‍ 304 മല്‍സരങ്ങളില്‍ നിന്നും 36.55 ശരാശരിയില്‍ 8701 റണ്‍സ് യുവി നേടിയിട്ടുണ്ട്. 14 സെഞ്ച്വറികളും 52 ഫിഫ്റ്റികളുമടക്കമാണ് അദ്ദേഹം 9000ത്തിന് അടുത്ത് റണ്‍സ് അടിച്ചെടുത്തത്.
ടി20യിലും യുവി മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. 58 ടി20കളില്‍ നിന്നും 136.38 സ്‌ട്രൈ്ക്ക് റേറ്റോടെ 863 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Monday, June 10, 2019, 14:39 [IST]
Other articles published on Jun 10, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+