ജൊഹാനസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം എബി ഡിവില്ലിയേഴ്‌സ് മല്‍സരരംഗത്തേക്കു തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന സാന്‍സി സൂപ്പര്‍ ലീഗില്‍ താരം കളിക്കുമെന്നാണ് വിവരം. ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് (സിഎസ്എ) ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എബിഡി മാത്രമല്ല ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം അംല, ഫഫ് ഡുപ്ലെസി, കാഗിസോ റബാദ, ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍ എന്നിവരും ട്വന്റി20 ടൂര്‍ണമെന്റിന്റെ ഭാഗമാവും.

ദേശീയ ടീമിലെ താരങ്ങള്‍ മാത്രമല്ല വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍, ഡ്വയ്ന്‍ ബ്രാവോ, അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, ഇംഗ്ലണ്ട് ജോടികളായ ജാസണ്‍ റോയ്, ഡേവിഡ് മലാന്‍, ഇയോന്‍ മോര്‍ഗന്‍ എന്നിവരും സാന്‍സി സൂപ്പര്‍ ലീഗില്‍ കളിക്കും. ഒരു മാസം മാത്രം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ് നവംബര്‍ 16നു തുടങ്ങി ഡിസംബര്‍ 16നു അവസാനിക്കും.

കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കവെ തികച്ചും അപ്രതീക്ഷിതമായാണ് എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. മൂന്നു ഫോര്‍മാറ്റുകളിലുമായി ദേശീയ ടീമിനു വേണ്ടി 20,014 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.