10ല്‍ ഒമ്പത് വിക്കറ്റും ഒരാള്‍ക്ക്... അമ്പരപ്പിച്ച് അബോട്ട്, ആദ്യ ഇര മുരളി വിജയ്
ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ കൈല്‍ അബോട്ട് ഒരിന്നിങ്‌സില്‍ ഒമ്പത് വിക്കറ്റുകളും കൊയ്ത് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചു. കൗണ്ടി ക്രിക്കറ്റിലായിരുന്നു പേസറുടെ ഗംഭീര ബൗളിങ് പ്രകടനം. കൗണ്ടി ചാംപ്യന്‍ഷിപ്പിന്റെ ഡിവിഷന്‍ വണ്ണില്‍ ഹാംഷെയറിനു വേണ്ടിയാണ് അബോട്ട് കത്തിക്കയറിയത്.
സോമര്‍സെറ്റ് ടീമാണ് ദക്ഷിണാഫ്രിക്കന്‍ പേസറുടെ തീതുപ്പിയ പന്തുകള്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഒന്നാമിന്നിങ്‌സില്‍ സോമര്‍സെറ്റ് വെറും 142 റണ്‍സിനു പുറത്താവുകയും ചെയ്തു. അബോട്ടിന്‍റെ പ്രകടനം ഹാംഷെയര്‍ ടീമിന് ഒന്നാമിന്നിങ്സില്‍ 54 റണ്‍സിന്‍റെ ലീഡ് നേടിക്കൊടുത്തിട്ടുണ്ട്.

രണ്ടാമത്തെ മികച്ച പ്രകടനം
ഒരിന്നിങ്‌സില്‍ ഒമ്പത് വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചെങ്കിലും അബോട്ടിന്റെ പ്രകടനം റെക്കോര്‍ഡല്ല. കൗണ്ടിയില്‍ ഇതു രണ്ടാം തവണയാണ് ഒരു താരം ഇന്നിങ്‌സിലെ ഒമ്പത് വിക്കറ്റുകളുമെടുത്തത്.
40 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അബോട്ട് 9 പേരെ പുറത്താക്കിയത്. എന്നാല്‍ വെറും 28 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റെടുത്ത കാര്‍ഡിഗന്‍ കോണറുടെ പേരിലാണ് റെക്കോര്‍ഡ്. 1996ലായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം.

ആദ്യ വിക്കറ്റ് വിജയിയുടേത്
നേരത്തേ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം ഓപ്പണറായിരുന്ന മുരളി വിജയിയെ പുറത്താക്കിയാണ് സോമര്‍സെറ്റിനെതിരേ അബോട്ട് തന്റെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ വിജയിയെ പൂജ്യത്തിന് ഔട്ടാക്കിയായിരുന്നു അബോട്ട് വരാന്‍ പോവുന്ന തകര്‍ച്ചയുടെ സൂചന നല്‍കിയത്. പേസറുടെ രണ്ടാം വിക്കറ്റ് ഒമ്പതാം ഓവറിലായിരുന്നു. പിന്നീട് അബോട്ട് വിക്കറ്റ് കൊയ്ത്ത് തന്നെ നടത്തുകയായിരുന്നു.

ഒരിക്കലും പ്രതീക്ഷിച്ചില്ല
ഇതുപോലൊരു അവിസ്മരണീയ ബൗളിങ് പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്നു രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അബോട്ട് പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 11 ടെസ്റ്റുകളിലും 28 ഏകദിനങ്ങളിലും 21 ടി20കളിലുമാണ് 2013- 17 കാലയളവില്‍ അബോട്ട് കളിച്ചിട്ടുള്ളത്. പിന്നീട് കോപ്ലക്ക് കരാറില്‍ ഒപ്പിട്ട താരം ഇംഗ്ലണ്ടില്‍ കരിയര്‍ ആരംഭിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications