T20 WC 2026: ബൗളർമാർ എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നത്? വരുണിനോട് സൂര്യ കാണിച്ചത് അനീതിയെന്ന് ഇന്ത്യൻ താരം
ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ബൗളർമാരോട് ടീം മാനേജ്‌മെന്റും ക്യാപ്റ്റന്മാരും വിവേചനം കാണിക്കുന്നത് പതിവാണെന്ന് ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹൽ. ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി മികച്ച ഫോമിൽ പന്തെറിഞ്ഞിട്ടും അദ്ദേഹത്തിന്റെ നാല് ഓവർ ക്വോട്ട പൂർത്തിയാക്കാൻ അനുവദിക്കാത്തതിനെയാണ് താരം ചോദ്യം ചെയ്തത്. ഒരു ബൗളർ അഞ്ച് വിക്കറ്റ് നേട്ടത്തിന് (Five-wicket haul) തൊട്ടടുത്ത് നിൽക്കുമ്പോൾ അദ്ദേഹത്തെ പന്തെറിയിക്കാത്തത് വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചഹലിന്റെ വാക്കുകൾ
"മറ്റു സാഹചര്യങ്ങളിലാണെങ്കിൽ വരുൺ ചക്രവർത്തിയെക്കൊണ്ട് നാല് ഓവർ പൂർത്തിയാക്കിക്കില്ലേ? തന്റെ ക്വോട്ട പൂർത്തിയാക്കാനും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും ഏതൊരു ബൗളറും ആഗ്രഹിക്കും. ഒരു ബൗളർ അഞ്ച് വിക്കറ്റ് വീഴ്ത്തിയാൽ അത് എതിർ ടീമിന് മേൽ വലിയ സമ്മർദ്ദം ഉണ്ടാക്കും. ഇത്രയും വിക്കറ്റുകൾ വീഴ്ത്തുന്ന ഈ ബൗളറെ എങ്ങനെ നേരിടും എന്ന ഭയം അവരിലുണ്ടാകും. പ്രധാന ബൗളർമാർ തങ്ങളുടെ നാല് ഓവർ ക്വോട്ട പൂർത്തിയാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഘട്ടത്തിൽ നമ്മൾ എത്തിക്കഴിഞ്ഞു. അവിടെയാണ് നമുക്ക് പിഴച്ചത്. ഞാൻ ആയിരുന്നു നായകനെങ്കിൽ തീർച്ചയായും വരുണിനെക്കൊണ്ട് ആ സ്പെൽ പൂർത്തിയാക്കിക്കുമായിരുന്നു," അദ്ദേഹം പറഞ്ഞു.

ബാറ്റർമാരെയും ബൗളർമാരെയും രണ്ട് തട്ടിൽ കാണുന്ന പ്രവണതയ്ക്കെതിരെയും അദ്ദേഹം രൂക്ഷമായി സംസാരിച്ചു. "പരിശീലനത്തിനോ മറ്റെന്തെങ്കിലും പരീക്ഷണത്തിനോ വേണ്ടി ആരെങ്കിലും ത്യാഗം ചെയ്യണമെങ്കിൽ അത് എപ്പോഴും ബൗളർമാർ മാത്രമാകുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ബാറ്റർമാർ വിട്ടുവീഴ്ച ചെയ്യുന്നില്ല? ടി20 ക്രിക്കറ്റിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് സെഞ്ചുറി നേടാം. എന്നാൽ അഞ്ച് വിക്കറ്റ് നേട്ടം എന്നത് വർഷങ്ങൾ കാത്തിരുന്നാൽ മാത്രം ലഭിക്കുന്ന ഒന്നാണ്. വരുൺ അതിന് തൊട്ടടുത്തായിരുന്നു. അവിടെ താരത്തെ ക്രമീകരിക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
വരുണിന്റെ മികച്ച പ്രകടനം ടീമിന് ആത്മവിശ്വാസം നൽകുന്ന ഒന്നാണെങ്കിലും, വ്യക്തിഗത നേട്ടങ്ങളുടെ കാര്യത്തിൽ താരങ്ങൾക്ക് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്. മൂന്ന് ഓവറുകളിൽ നിന്നും വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ഡച്ച് വിക്കറ്റുകളാണ് വരുൺ വീഴ്ത്തിയത്.
നെതർലാൻഡ്സിനെതിരായ വിജയം
ടി20 ലോകകപ്പിൽ നെതർലാൻഡ്സിനെ ഇന്ത്യ 17 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 193 റൺസ് അടിച്ചെടുത്തു. ശിവം ദുബെയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലാൻഡ്സ് 20 ഓവറിൽ 176 റൺസിന് പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും ശിവം ദുബെ രണ്ടും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 31 പന്തുകളിൽ നിന്നും 66 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശിവം ദുബെയാമ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications