കോലിയിറങ്ങിയത് 28ാം ഓവറില്‍!! ഇതെങ്ങനെ ശരിയാവും? തുറന്നടിച്ച് അക്തര്‍

കറാച്ചി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ നാണം കെട്ട തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിന് ഉപദേശവുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. പത്ത് വിക്കറ്റിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയെ ഓസീസ് കെട്ടുകെട്ടിച്ചത്.
ഈ മല്‍സരത്തില്‍ നായകന്‍ വിരാട് കോലിയെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിനു പകരം നാലാമനായാണ് ഇന്ത്യ ഇറക്കിയത്. ഈ പരീക്ഷണം പാളുകയും ചെയ്തു. വെറും 16 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

കോലിയുടെ പൊസിഷന്‍
കോലിയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റിയതിനെ അക്തര്‍ വിമര്‍ശിച്ചു. മല്‍സരത്തില്‍ 28ാം ഓവറിലായിരുന്നു കോലി ബാറ്റിങിനായി ക്രീസിലെത്തിയത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അദ്ദേഹം നേരത്തേ ബാറ്റിങിനായി ക്രീസിലെത്തേണ്ടതുണ്ടെന്നും അക്തര്‍ തന്റെ യൂട്യുബ് ചാനലിലൂടെ നിര്‍ദേശിച്ചു.
16 റണ്‍സെടുത്ത കോലിയെ ഓസ്‌ട്രേലിയയുടെ യുവ സ്പിന്നര്‍ ആദം സാംപ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

ടോസ് നിര്‍ണായകം
ടോസ് നിര്‍ണായകമായിരുന്നു. ടോസ് നഷ്ടപ്പെടുത്തിയ ഇന്ത്യ മല്‍സരവും കൈവിട്ടു. ശിഖര്‍ ധവാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ചില കൂട്ടുകെട്ടുകളുണ്ടായെങ്കിലും ഇവ മികച്ചതായിരുന്നില്ല. ബുംറയും ഷമിയും ടീമിലുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്ത്യയുടെ സ്പിന്നര്‍മാരെ നിലം തൊടീച്ചതുമില്ല. ഈ മല്‍സരത്തിലെ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് എത്രയും വേഗം തിരിച്ചുവരാനുള്ള തന്ത്രങ്ങള്‍ ഇന്ത്യ ആസൂത്രണം ചെയ്യണം. മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1ന് നേടണമെങ്കില്‍ കളിയുടെ എല്ലാ മേഖലലയിലും ഇന്ത്യ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ടെന്നും അക്തര്‍ ഉപദേശിച്ചു.

ഇന്ത്യന്‍ ബൗളിങ് നിരയെ പരിഹസിച്ചു
ഇന്ത്യക്കു ഇതൊരു കണ്ണുതുറക്കല്‍ കൂടിയാണ്. ഓസ്‌ട്രേലിയ ഇന്ത്യയെ വിഴുങ്ങിക്കളയുകയായിരുന്നു. ഇന്ത്യയുടെ ബൗളിങ് നിരയെ പരിഹസിക്കുകയാണ് അവര്‍ ചെയ്തത്. ഇനിയും ഓസ്‌ട്രേലിയ ടോസ് നേടുകയാണെങ്കില്‍ മുംബൈയില്‍ നടന്നതു തന്നെ ആവര്‍ത്തിച്ചേക്കും. ഇന്ത്യ 0-3ന് പരമ്പര കൈവിടുകയാണെങ്കില്‍ അതു വലിയ നാണക്കേടായി മാറും. ഇന്ത്യയുടെ ആത്മവിശ്വാസം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടാവുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ ആക്രമണോത്സുകത കാണിക്കണം
കൂടുതല്‍ ആക്രമണോത്സുക പ്രകടനം ഇന്ത്യ ഇനിയുള്ള മല്‍സരങ്ങളില്‍ പുറത്തെടുത്തേ തീരൂ. അല്ലെങ്കില്‍ അവര്‍ തോറ്റു കൊണ്ടേയിരിക്കും. ഇന്ത്യക്കു പരമ്പരയിലേക്കു ശക്തമായ മടങ്ങിവരവ് നടത്താന്‍ കഴിയുമെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നത്. പരമ്പര 2-1ന് സ്വന്തമാക്കാന്‍ ഇന്ത്യക്കു ഇനിയും സാധിക്കും. എന്നാല്‍ അതു വലിയ വെല്ലുവിളി തന്നെയായിരിക്കും. കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആയിരിക്കണം ഇന്ത്യ ഇനി ഇറങ്ങേണ്ടത്. അല്ലെങ്കില്‍ ഇനിയും ഓസീസിനോട് വന്‍ തോല്‍വിയേറ്റു വാങ്ങും. അടുത്ത മല്‍സരത്തില്‍ കൂടുതല്‍ ആക്രമണോത്സുകതയുള്ള ഇന്ത്യന്‍ ടീമിനെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications