കറാച്ചി: ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. തൊട്ടതെല്ലാം പൊന്നാക്കിയ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ കാലയളവില്‍ അതുല്യമായ പല റെക്കോഡുകളും കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരും തകര്‍ക്കില്ലെന്ന് കരുതിയ 49 ഏകദിന സെഞ്ച്വറികളുടെ റെക്കോഡടക്കം പല വമ്പന്‍ നേട്ടങ്ങളും കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റിലെ രാജാവ് എന്നാണ് കോലിയെ ആരാധകര്‍ വിളിക്കുന്നത്.
എന്നാലിപ്പോള്‍ കോലിയെ രാജാവ് എന്ന് വിളിക്കരുതെന്നും അത് കോലി അര്‍ഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരമായ ബാസിത് അലി. 'ക്രിക്കറ്റിലെ രാജാവ് എന്ന വിശേഷണത്തോട് കോലിക്ക് പോലും അതൃപ്തിയുണ്ടാവും. ആരെങ്കിലും അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യരുതെന്നാണ് കോലി പറയേണ്ടത്. കാരണം ക്രിക്കറ്റാണ് എപ്പോഴും രാജാവ്. ക്രിക്കറ്റാണ് മറ്റെന്തിനെക്കാളും വലുത്. അതുകൊണ്ടുതന്നെ ക്രിക്കറ്റിലെ രാജാവ് എന്ന വിളിയെ കോലി പോലും ഇഷ്ടപ്പെടില്ല.
ബാറ്റിങ്ങിനേയും നേടുന്ന റണ്‍സിനേയുമാണ് കോലി ഇഷ്ടപ്പെടുന്നത്. അല്ലാതെ രാജാവ് എന്ന വിളിയെയല്ല. കോലി നിലവിലെ മികച്ച ബാറ്റ്‌സ്മാനാണ്. ഡോണ്‍ ബ്രാഡ്മാനും സുനില്‍ ഗവാസ്‌ക്കറും സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം ക്രിക്കറ്റിലെ രാജാവ് എന്ന വിശേഷം കേട്ടവരാണ്' ബാസിത് അലി പറഞ്ഞു. കോലി പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലിയെങ്കിലും ഇത്തരം വിശേഷണങ്ങള്‍ വേണ്ടെന്നാണ് ബാസിത് പറയുന്നത്.
കോലി ഇന്നത്തെ സൂപ്പര്‍ താരമായി മാറാന്‍ കാരണം സീനിയര്‍ താരങ്ങളുടെ പിന്തുണയാണെന്നും ധോണിക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും ബാസിത് പറഞ്ഞു. ' അണ്ടര്‍ 19 ലോകകപ്പില്‍ തുടങ്ങിയ കോലിയുടെ യാത്ര ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ക്രിക്കറ്റിലേക്കെത്തി ചുരങ്ങിയ കാലംകൊണ്ട് അവന്‍ ശ്രദ്ധ നേടിയെടുത്തു. കോലിയുടെ വളര്‍ച്ചക്ക് കാരണം സീനിയര്‍ താരങ്ങളായ എംഎസ് ധോണിയുടേയും യുവരാജ് സിങ്ങിന്റേയും സഹായമാണ്.

ഇന്ത്യന്‍ ടീം എല്ലാക്കാലത്തും യുവതാരങ്ങളെ പിന്തുണക്കുന്ന നിലപാടുള്ളവരാണ്. എന്നാല്‍ പാകിസ്താന്‍ ടീമില്‍ ഇതില്ല. കോലിയുടെ ക്രിക്കറ്റിനോടുള്ള താല്‍പര്യം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്' ബാസിത് പറഞ്ഞു. കോലി അവസാന ടി20 ലോകകപ്പോടെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കോലിയുടെ തീരുമാനം. ഇനിയും എത്ര നാള്‍ കോലിക്ക് കളി തുടരനാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മികച്ച ഫിറ്റ്‌നസുള്ള താരമാണ് കോലി. കരിയറിന്റെ തുടക്കം മുതല്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കിയതാണ് കോലിയുടെ വളര്‍ച്ചയുടെ കാരണം. ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം തന്നെ കോലി മാറ്റി. യോയോ ടെസ്റ്റടക്കം കൊണ്ടുവന്ന് ഫിറ്റ്‌നസില്ലാത്ത താരങ്ങളെ മാറ്റിനിര്‍ത്താന്‍ വരെ കോലി ധൈര്യം കാട്ടി. എന്നാല്‍ നായകനായി ഐസിസി ട്രോഫിയിലേക്കെത്താന്‍ കോലിക്ക് സാധിച്ചില്ല. രോഹിത് ശര്‍മക്ക് കീഴില്‍ ടി20 ലോകകപ്പ് കിരീടം നേടാനും കോലിക്കായി.
ഇനിയും ഒരു മൂന്ന് വര്‍ഷമെങ്കിലും കോലിക്ക് കളിക്കാനാവുമെന്നാണ് ബാസിത് പറയുന്നത്. '16 വര്‍ഷം കളിക്കുകയെന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇനിയും ഒരു മൂന്ന് വര്‍ഷമെങ്കിലും കളിക്കാന്‍ കോലിക്കാവും. അവന്‍ ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള താരമാണ്. കൂടാതെ ക്രിക്കറ്റിനോട് അടങ്ങാത്ത സ്‌നേഹം കോലിക്കുണ്ട്. സച്ചിനും ജാവേദും ഗവാസ്‌ക്കറും മുഹമ്മദ് യൂസുഫും യൂനിസ് ഖാനുമൊക്കെ ക്രിക്കറ്റിനോടുള്ള സ്‌നേഹംകൊണ്ട് വലിയ കരിയര്‍ സൃഷ്ടിച്ചവരാണ്' ബാസിത് കൂട്ടിച്ചേര്‍ത്തു.