Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെക്കുറിച്ച് ആദ്യം കേട്ടത് വെളിപ്പെടുത്തി വഖാര്‍, ഇത്ര കേമനാവുമെന്ന് പ്രതീക്ഷിച്ചില്ല

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവച്ച് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന വഖാര്‍ യൂനിസ്. 1989ല്‍ ഒരേ ടെസ്റ്റിലാണ് സച്ചിനും വഖാറും തങ്ങളുടെ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയത്. അന്ന് വെറും 16 വയസ്സ് മാത്രമായിരുന്നു സച്ചിന്റെ പ്രായം.

സച്ചിന്‍ ഇന്ത്യക്കായി അരങ്ങേറിയ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ സച്ചിനെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നുവെന്നു വഖാര്‍ പറയുന്നു. സ്‌കൂള്‍ ക്രിക്കറ്റിലൊക്കെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വളരെ പ്രതീക്ഷ നല്‍കുന്ന ബാറ്റ്‌സ്മാന്നെന്നായിരുന്നു സച്ചിനെക്കുറിച്ച് ആദ്യമായി താന്‍ കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചിനെക്കുറിച്ച് കേട്ടത്

പാകിസ്താന്റെ അണ്ടര്‍ 19 ടീമിനു വേണ്ടി കളിക്കുന്നതിനു മുമ്പ് തന്നെ സച്ചിനെന്ന അദ്ഭുത താരത്തെക്കുറിച്ച് താന്‍ കേട്ടിരുന്നതായി വഖാര്‍ വെളിപ്പെടുത്തി. ഇന്ത്യയുടെ അണ്ടര്‍ 19 ടീം അന്ന് സച്ചിനെു പുകഴ്ത്തിക്കൊണ്ടിരുന്നു. എല്ലാവരും സംസാരിച്ചത് അദ്ദേഹത്തെക്കുറിച്ചായിരുന്നു. ഈ ചെറിയ കുട്ടി എത്ര മിടുക്കനാണെന്നായിരുന്നു എല്ലാവരും വാഴ്ത്തിക്കൊണ്ടിരുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരിക്കുന്നു. ആരാണ് സ്‌കൂളിലൊക്കെ ട്രിപ്പിള്‍ അടിക്കുന്നത്? സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സെഞ്ച്വറി നേടുന്നത് പോലും മഹത്തായ കാര്യമാണെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമായി പന്തെറിഞ്ഞു

ഇന്ത്യക്കു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരത്തില്‍ സച്ചിനെതിരേ ബൗള്‍ ചെയ്തപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. ഇത്രയും മഹാനായ ബാറ്റ്‌സ്മാനായി സച്ചിന്‍ ലോകം കീഴടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഇപ്പോള്‍ സച്ചിന്‍ എന്താണ്, എവിടെയെത്തി നില്‍ക്കുന്നുവെന്ന് കാണുമ്പോള്‍ ശരിക്കും അദ്ഭുതം തോന്നുന്നു. കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും അത്രയേറെ മഹാനായി അദ്ദേഹം മാറിക്കഴിഞ്ഞു. കഠിനാധ്വാനമാണ് അദ്ദേഹത്തെ ഇന്നു കാണുന്ന സച്ചിനാക്കിയത്. അന്ന് ആദ്യമായി തനിക്കെതിരേ ബൗള്‍ ചെയ്തപ്പോള്‍ സച്ചിന്‍ ഇത്രയും ഉയരങ്ങള്‍ താണ്ടുമെന്ന് കരുതിയിരുന്നില്ലെന്നും വഖാര്‍ പോഡ്കാസ്റ്റില്‍ വിശദമാക്കി.

സച്ചിന്റെ വിക്കറ്റ്

അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിന്റെ വിക്കറ്റെടുത്തത്മറ്റൊരു അരങ്ങേറ്റക്കാരനായ വഖാര്‍ ആയിരുന്നുവെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു നേടാനായത്. എന്നാല്‍ പിന്നീടുള്ള മല്‍സരങ്ങളില്‍ സച്ചിന്‍ മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ച് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ തെളിയിച്ചു.

പരമ്പരില്‍ രണ്ടു ഫിഫ്റ്റികള്‍ തന്റെ പേരില്‍ കുറിക്കാന്‍ സച്ചിനു കഴിഞ്ഞു. ഒരു ടെസ്റ്റിനിടെ വഖാറിന്റെ ബൗണസറേറ്റ് സച്ചിന്റെ മൂക്കില്‍ നിന്നു രക്തം പൊടിയുകയും ചെയ്തിരുന്നു.

മികച്ച ഷോട്ടുകള്‍

സച്ചിനെ ആദ്യമായി താന്‍ പുറത്താക്കിയതിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് വഖാര്‍. കറാച്ചിയിലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റ്. 15 റണ്‍സിന് സച്ചിനെ കന്നി ഇന്നിങ്‌സില്‍ പുറത്താക്കാന്‍ തനിക്കു കഴിഞ്ഞു. ഈ ഇന്നിങ്‌സില്‍ ചില ക്ലാസിക്ക് ഓണ്‍ ഡ്രൈവുകളും സ്‌ട്രെയിറ്റ് ഡ്രൈവുകളും സച്ചിന്‍ കളിച്ചിരുന്നു.
സിയാല്‍കോട്ടില്‍ നടന്ന ടെസ്റ്റില്‍ ജയിക്കാനുറച്ചായിരുന്നു പാകിസ്താന്‍ ഇറങ്ങിയത്. പച്ചപ്പുള്ള മികച്ച പിച്ചായിരുന്നു മല്‍സരത്തിനായി തയ്യാറാക്കിയത്. ഈ കളിയില്‍ ബാറ്റ് ചെയ്യവെയാണ് തന്റെ ബൗളിങില്‍ സച്ചിന്റെ മൂക്കിന് പരിക്കേറ്റത്. ഒരു 16 കാരനായതിനാല്‍ തന്നെ അദ്ദേഹം ഇതോടെ ആകെ വിളറിയിരുന്നു. പക്ഷെ വളരെ ദൃഢനിശ്ചയമുണ്ടായിരുന്നു.
നവ്‌ജ്യോത് സിങായിരുന്നു അപ്പോള്‍ സച്ചിനൊപ്പം ക്രീസിലുണ്ടായിരുന്നത്. സച്ചിന്റെ മൂക്കില്‍ നിന്നു രക്തം വന്നതോടെ 10 മിനിറ്റോളം കളി നിര്‍ത്തി. അതിനു ശേഷം സച്ചിന്‍ വീണ്ടും ബാറ്റ് ചെയ്യാന്‍ തയ്യാറായി. ഫിഫ്റ്റി നേടിയാണ് അദ്ദേഹം തന്റെ ക്ലാസ് തെളിയിച്ചത്. സച്ചിന്‍ വളരെ സ്‌പെഷ്യലായ താരമായി മാറുമെന്ന് അന്നു എല്ലാവര്‍ക്കും തോന്നിയിരുന്നുവെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 4, 2020, 18:37 [IST]
Other articles published on Jul 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+