ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെ പരിഹസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ തന്‍വീര്‍ അഹമ്മദ്. ചില താരങ്ങളെ മാത്രം ആശ്രയിച്ച് കളിക്കുന്നവരാണ് ഇന്ത്യയെന്നും അവരില്ലെങ്കില്‍ ഇന്ത്യയെ അനായാസം തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭാവിയില്‍ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാര്‍ ടീമിലില്ലെന്നും തന്‍വീര്‍ ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍മയും വിരാട് കോലിയും കെഎല്‍ രാഹുലുമെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ടീമിനെ ഇറക്കിയിട്ടും ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ 0-2നു തോല്‍ക്കുകയായിരുന്നു. ആദ്യത്തെ മല്‍സരം ടൈയില്‍ കരാശിച്ചപ്പോള്‍ അടുത്ത രണ്ടു കളിയിലും ലങ്കന്‍ ടീം ജയിച്ചുകയറുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയെ വലിയ നാണക്കേടിലേക്കു തള്ളിയിട്ടത്.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ നിലവിലുള്ള പുതിയ ബാറ്റര്‍മാര്‍ക്കൊന്നും ഭാവിയില്‍ മികച്ച രീതിയില്‍ ബാറ്റിങ് ലൈനപ്പിനെ മുന്നോട്ടു കൊണ്ടു പോവാനുള്ള ശേഷിയില്ല. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനു ഇവിടെ നിന്നും ഭാവിയില്‍
എന്തു സംഭവിക്കുമെന്നു നിങ്ങള്‍ക്കു കാണാം.
ബൗളിങ് ലൈനപ്പ് മുന്നോട്ടു പോയേക്കും, പക്ഷെ ബാറ്റിങ് ലൈനപ്പിനു മുന്നോട്ടുള്ള പോക്ക് കഠിനമായിരിക്കും. നാട്ടിലെ സാഹചര്യങ്ങളില്‍, ഫ്‌ളാറ്റ് പിച്ചുകളില്‍ അവര്‍ റണ്ണെടുക്കും. പക്ഷെ ബോള്‍ ടേണ്‍ ചെയ്യുന്ന, സ്വിങുള്ള പിച്ചുകളില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനു ഇല്ലെന്നും തന്‍വീര്‍ വിലയിരുത്തി.
പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പ്രശ്‌നങ്ങളിലേക്കു നോക്കുന്നതിനു പകരം സ്വന്തം ടീമിന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കൂയെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ആദ്യം സ്വന്തം ടീമിന്റെ പ്രകടനം എങ്ങനെയാണെന്നു നോക്കൂ. അതിനു ശേഷം പാകിസ്താനു നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മതി. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ പാകിസ്താനെതിരേ കളിച്ചില്ലെങ്കില്‍ ഇന്ത്യയെ പാക് ടീം തകര്‍ത്തുവിടുമെന്നും തന്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമീപകാലത്തൊന്നും ഇന്ത്യയെ ഏതെങ്കിലും ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്താന്‍ പാകിസ്താനു സാധിച്ചിട്ടില്ല. ഈ വര്‍ഷം ഒരു തവണ മാതമാണ് ചിരവൈരികള്‍ മുഖാമുഖം വന്നിട്ടുള്ളത്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടന്ന ടി20 ലോകകപ്പിലായിരുന്നു ഇത്.
അന്നു അമേരിക്കയില്‍ വച്ച് ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ ബാബര്‍ ആസമിനെയും സംഘത്തെയും ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ തോറ്റ് നാണം കെട്ടാണ് പാക് ടീം നാട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യന്‍ ആധിപത്യത്തിനു മുന്നില്‍ പാകിസ്താന്‍ തകര്‍ന്നടിഞ്ഞിരുന്നു. ഏഷ്യാ കപ്പില്‍ ഒന്നിലേറെ തവണ മുഖാമുഖം വന്നപ്പോഴും പാക് പടയുടെ കഥ കഴിക്കാന്‍ ഇന്ത്യക്കായിരുന്നു.
അതിനു ശേഷം ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. ഈ വര്‍ഷം ഇനി ഇരുടീമുകളും തമ്മിലുള്ള മല്‍സരങ്ങളൊന്നും ഇല്ലെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. എന്നാല്‍ അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടും.