മുംബൈ: ഐപിഎല്ലില്‍ മാതൃകയില്‍ നടക്കാനിരിക്കുന്ന യൂറോ ടി20 സ്ലാം ചാംപ്യന്‍ഷിപ്പിന്റെ ഐക്കണ്‍ താരമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയെ തിരഞ്ഞെടുത്തു. മൂന്നാഴ്ച ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ് ആഗസ്റ്റ് 30നാണ് തുടങ്ങുന്നത്. അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, ഹോളണ്ട് എന്നീ രാജ്യങ്ങളിലായാണ് യൂറോ ടി20 സ്ലാം അരങ്ങേറുക.

ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍, ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം, അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍, ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍, ഓസട്രേലിയയുടെ ക്രിസ് ലിന്‍, പാകിസ്താന്റെ ബാബര്‍ അസം, ന്യൂസിലാന്‍ഡിന്റെ ലൂക്ക് റോഞ്ചി എന്നിവരെ മാര്‍ക്വി താരങ്ങളായി തിരഞ്ഞെടുത്തു.
ആംസ്റ്റര്‍ഡാം കിങ്‌സ്, റോട്ടര്‍ഡാം റിനോസ് (ഹോളണ്ട്), ഗ്ലാസ്‌ഗ്ലോ ജയന്റ്‌സ്, എഡിന്‍ബറോ റോക്ക്‌സ് (സ്‌കോട്ട്‌ലാന്‍ഡ്), ഡബ്ലിന്‍ ചീഫ്‌സ്, ബെല്‍ഫാസ്റ്റ് ടൈറ്റാന്‍സ് (അയര്‍ലാന്‍ഡ്) എന്നീ ഫ്രാഞ്ചൈസികളാണ് യൂറോ ടി20 സ്ലാമില്‍ മാറ്റുരയ്ക്കുന്നത്. ടൂര്‍ണമെന്റിന്റെ ഐക്കണ്‍ താരമായി തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നു അഫ്രീഡി പ്രതികരിച്ചു. കരിയറിന്റെ ആദ്യ കാലങ്ങളില്‍ ലെയ്‌സെസ്റ്റര്‍ഷെയര്‍, ഡെര്‍ബിഷെയര്‍, കെന്റ് എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്. അതേ രീതിയിലുള്ള കാലാവസ്ഥയും പിച്ചുമാണ് അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, ഹോളണ്ട് എന്നീവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്. അവിടെപ്പോയി കളിക്കാനും കാണികളെ ത്രില്ലടിപ്പിക്കാനും അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് താനെന്നു അഫ്രീഡി വ്യക്തമാക്കി.