ആര്‍പിക്കു പകരം ഇര്‍ഫാനെങ്കില്‍ രാജി, ധോണിയുടെ ഭീഷണി!! സത്യമെന്ത്? ആര്‍പി പറയും
ദില്ലി: ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും അടുത്തിടെ വിരമിച്ച മുന്‍ പേസര്‍ ആര്‍പി സിങും തമ്മില്‍ വളരെ അടുത്ത സുഹൃദ് ബന്ധമാണുള്ളത്. ആര്‍പി തന്നെ ഇക്കാര്യം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ധോണി തന്നെ ഇടയ്ക്ക് വിളിക്കാറുണ്ടെന്നും തങ്ങള്‍ ഒരുമിച്ച് കറങ്ങാന്‍ പോവാറുണ്ടെന്നും ആര്‍പി പറഞ്ഞിരുന്നു. താന്‍ ടീമിലെത്തിയതോ, ടീമില്‍ നിന്നു പുറത്തായതോ ഒന്നും ധോണിയുമായുള്ള സൗഹൃദത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു ഇടംകൈയന്‍ പേസര്‍ പറയുന്നു.
2008ല്‍ അന്നത്തെ സെലക്ഷന്‍ മീറ്റിങിലെ കാര്യങ്ങള്‍ ലീക്കായത് വലിയ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരുന്ന ഏകദിന പരമ്പരയ്ക്കു മുമ്പായിരുന്നു ഇത്. സെലക്ടര്‍മാര്‍ ആര്‍പിക്കു പകരം ഇര്‍ഫാന്‍ പഠാനെ ടീമിലുള്‍പ്പെടുത്തിയാല്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് ധോണി സെലക്ഷന്‍ കമിറ്റി യോഗത്തില്‍ ഭീഷണി മുഴക്കിയെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ആര്‍പി.

അന്നു വന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമാണെന്നു ആര്‍പി വ്യക്തമാക്കി. ധോണി ഒരിക്കലും പക്ഷപാതിയായ ക്യാപ്റ്റന്‍ ആയിരുന്നില്ലെന്നും തനിക്കു വേണ്ടി അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വാദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും പേസര്‍ വ്യക്തമാക്കി.
അന്നത്തെ സെലക്ഷന്‍ കമ്മിറ്റി യോഗം ലീക്കായത് തന്നെ ബാധിച്ചതായി തോന്നിയിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഇന്‍ഡോറില്‍ തനിക്കു വിക്കറ്റൊന്നും കിട്ടിയില്ല. രണ്ടോ, മൂന്നോ അവസരങ്ങള്‍ കൂടി തനിക്കു ലഭിക്കുമെന്ന് സ്വാഭാവികമായും ആളുകള്‍ ചിന്തിക്കും. എന്നാല്‍ അത് അങ്ങനെയല്ല. ചിലര്‍ക്ക് അഞ്ചോ, മറ്റു ചിലര്‍ക്കു പത്തോ അവസരങ്ങള്‍ ലഭിക്കും. അവരാണ് ഭാഗ്യവാന്മാരെന്നു ആര്‍പി പറഞ്ഞു.

നേരത്തേ പറഞ്ഞ ഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍പ്പെടുന്നയാളല്ല താന്‍. പ്രകടനം കുറച്ചു മോശമായാല്‍പ്പോലും തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ നേരിട്ട് അയച്ചിട്ടുണ്ട്. പ്രകടനം മോശമായാലും ചിലരെയൊക്കെ ദേശീയ ടീമിനൊപ്പം തുടരാന്‍ അനുവദിക്കാറുണ്ട്. ഇത് മികച്ച പരിശീലനം നടത്താന്‍ ഇവരെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മല്‍സരങ്ങള്‍ അത്ര നിലവാരം ഉള്ളവയായിരിക്കില്ലെന്നും ആര്‍പി വിശദമാക്കി.
2011ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ആര്‍പിയെ നാലാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ അപ്രതീക്ഷിതമായി ഉള്‍പ്പെടുത്തിയിരുന്നു. ഈ കളിയില്‍ 118 റണ്‍സ് വഴങ്ങിയ പേസര്‍ക്കു വിക്കറ്റൊന്നും ലഭിച്ചതുമില്ല. മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിനും നാലു റണ്‍സിനും ജയിച്ചിരുന്നു. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-4ന് വൈറ്റ് വാഷ് ചെയ്യപ്പെടുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ഏകദിനത്തിലും കളിച്ച ആര്‍പിക്ക് പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമായി. പിന്നീടൊരിക്കലും താരം ഇന്ത്യക്കായി കളിച്ചിട്ടില്ല.

എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ച് ധോണിയുമായി അന്നു സംസാരിച്ചിരുന്നു. ധോണിയുമായുള്ള സൗഹൃദവും ഇന്ത്യയെ നയിക്കുന്നതും വ്യത്യസ്തമായ കാര്യമാണ്. അന്നു സൗഹൃദത്തിനല്ല അദ്ദേഹം പ്രഥമ പരിഗണന നല്‍കിയത്. കൂടുതല്‍ മികച്ചവരെന്നു തോന്നുന്നവരെ ധോണി ടീമിലേക്കു കൊണ്ടുവരികയായിരുന്നു. തന്റെ പ്ലാനുകള്‍ കൂടുതല്‍ നന്നായി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നവരെയായിരുന്നു അദ്ദേഹത്തിനു വേണ്ടത്.
അതുകൊണ്ടാണ് എംഎസ് ധോണി ഇന്നും എംഎസ് ധോണിയായി തന്നെ നില്‍ക്കുന്നത്. അഭിപ്രായങ്ങളിലും തീരുമാനങ്ങളെടുക്കുന്നതിലും അദ്ദേഹം പക്ഷപാതിത്വം കാണിക്കാറില്ല. ഒരുപക്ഷെ വേഗം കുറഞ്ഞതിനാലും, സ്വിങ് കുറഞ്ഞതിനാലും പ്രതീക്ഷിച്ച അത്രയും മല്‍സരങ്ങള്‍ തനിക്കു കളിക്കാനായില്ല. പ്രകടനം അന്നു മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ താന്‍ കളിക്കുമായിരുന്നു. എങ്കിലും കൈവരിച്ച നേട്ടങ്ങളില്‍ താന്‍ ഹാപ്പിയാണെന്നു ആര്‍പി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications