IPL: വിരാട് കോലിയെ എന്തു കൊണ്ട് ഡല്‍ഹി വേണ്ടെന്നുവച്ചു? പകരമെത്തിച്ചത് ബൗളറെ, കാരണം പുറത്ത്
ദില്ലി: ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി കരിയറിന്റെ തുടക്കം മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമാണ്. 2008ലെ പ്രഥമ സീസണില്‍ ടീമിലെത്തിയ അദ്ദേഹം ഇപ്പോള്‍ ആര്‍സിബിയുടെ നായകന്‍ കൂടിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും ബാറ്റ്‌സ്മാന്റെ റോളില്‍ ആര്‍സിബിയുടെ നെടുംതൂണായി കോലി മാറിക്കഴിഞ്ഞു.
ഐപിഎല്ലിന്റെ പ്രഥമ സീസണിന് 2008ല്‍ തുടക്കം കുറിക്കുമ്പോള്‍ എല്ലാ ഫ്രാഞ്ചൈസികളും നാട്ടുകാരായ താരങ്ങളെ ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. വീരേന്ദര്‍ സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ടീമിലും സൗരവ് ഗാംഗുലി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലുമൊക്കെയെത്തി. എന്നാല്‍ അന്നു ഇന്ത്യക്കു അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനായിരുന്ന കോലിയെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ശ്രമിച്ചില്ല. ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍.

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച താരമെന്ന നിലയിലാണ് ഡല്‍ഹിയുടെ യുവതാരമായ കോലി അന്നു വാര്‍ത്തകളില്‍ നിറയുന്നത്. താരത്തിന്റെ ബാറ്റിങ് മികവിനെയും അന്ന് പലരും പുകഴ്ത്തിയിരുന്നു. അതുകൊണ്ടു തന്നെ 2008ലെ പ്രഥമ ഐപിഎല്ലില്‍ കോലിയെ തീര്‍ച്ചയായും ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹി സ്വന്തമാക്കുമെന്നും ഏവരും കരുതിയിരുന്നു.
എന്നാല്‍ അതുണ്ടായില്ല. കോലിയെ ഡല്‍ഹി വേണ്ടെന്നു വച്ചപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ അവസരം മുതലെടുത്ത് അദ്ദേഹത്തെ ടീമിലെടുത്തു. ആര്‍സിബിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിങായി ഇതു മാറുകയും ചെയ്തു.

പ്രഥമ സീസണിലെ ഐപിഎല്ലിലെ ലേലം തികച്ചും വ്യത്യസ്തമായിരുന്നു. സീനിയര്‍ താരങ്ങളെയാണ് ലേലത്തിലൂടെ ഫ്രാഞ്ചൈസികള്‍ക്കു വാങ്ങാന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ അണ്ടര്‍ 19 താരങ്ങളുടെ ഡ്രാഫ്റ്റ് സംവിധാനം ഇത്തരത്തില്‍ ആയിരുന്നില്ല. ഓരോ ടീമിനും ഒരു അണ്ടര്‍ 19 താരത്തെ തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നു.
എന്നാല്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കോലിയെ വേണ്ടെന്നു വച്ച ഡല്‍ഹി പകരം ഇടംകൈയന്‍ പേസര്‍ പ്രദീപ് സാങ്വാനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നു സുന്ദര്‍ രാമന്‍ വ്യക്തമാക്കി. 22 യാണ്‍സ് പോഡ് കാസ്റ്റില്‍ ഗൗരവ് കപൂറുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐപിഎല്‍ ലേലം നടക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു കോലിക്കു കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയത്. അണ്ടര്‍ 19 താരങ്ങള്‍ക്കു വേണ്ടി പ്രത്യേക ലിസ്റ്റ് തന്നെ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും ആദ്യമായി നറുക്കു വീണത് കോലിക്കല്ല മറിച്ച് സാങ്വാനായിരുന്നുവെന്നും രാമന്‍ പറയുന്നു.

ഡല്‍ഹി ടീമില്‍ ഇപ്പോള്‍ തന്നെ ബാറ്റ്‌സ്മാന്‍മാര്‍ ഏറെയുണ്ടെന്നും അതുകൊണ്ടു തന്നെ മറ്റൊരു ബാറ്റ്‌സ്മാനെ വേണ്ടെന്നും ഡല്‍ഹി അറിയിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. കാരണം ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ അപ്പോള്‍ ഡല്‍ഹി നിരയിലുണ്ടായിരുന്നു.
എന്നാല്‍ ഡല്‍ഹിയുടെ നഷ്ടം ആര്‍സിബിക്കു നേട്ടമായി. കോലിയെ തങ്ങളുടെ ടീമിലെത്തിക്കാന്‍ ആര്‍സിബി തീരുമാനിക്കുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രമെന്നും രാമന്‍ വിശദമാക്കി.കോലിക്കു പകരം ഡല്‍ഹി ടീമിലെത്തിയ സാങ്വാന്‍ ആദ്യത്തെ മൂന്നു സീസണുകളിലായി 28 മല്‍സരങ്ങളില്‍ കളിച്ചു. എന്നാല്‍ ഇതുവരെ ദേശീയ ടീമിനു വേണ്ടി അദ്ദേഹം അരങ്ങേറിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications