രാജകീയം ഗംഭീര്‍... തകര്‍പ്പന്‍ സെഞ്ച്വറി, വിടവാങ്ങല്‍ ഗംഭീരമാക്കി ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം
ദില്ലി: ടീം ഇന്ത്യക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ദിവസങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി 37കാരന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു കാലത്ത് ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്ന ഗംഭീര്‍ അര്‍ഹിച്ച പരിഗണനയോ അംഗീകാരമോ ലഭിക്കാതെയാണ് വിടവാങ്ങുന്നത്.
ദേശീയ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായ ശേഷവും ഐപിഎല്ലില്‍ മികച്ച പ്രകടനം തുടര്‍ന്ന ഗംഭീറിന് പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞില്ലെന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. തന്നിലെ ക്രിക്കറ്ററുടെ പ്രതിഭയ്ക്കു ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചു കൊണ്ടാണ് ഗംഭീര്‍ പാഡഴിക്കുന്നത്. കരിയറിലെ അവസാന മല്‍സരം സെഞ്ച്വറിയോടെയാണ് താരം ഗംഭീരമാക്കിയത്.

നേട്ടം ഡല്‍ഹിക്കു വേണ്ടി
ലോക ക്രിക്കറ്റിലേക്ക് തന്റെ എന്‍ട്രിക്കു കാരണമായ ഹോം ടീം ഡല്‍ഹിക്കു വേണ്ടിയാണ് ഗംഭീര്‍ അവസാന മല്‍സരം കളിച്ചത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് കരിയറിലെ അവസാനത്തെ കളി താരം ആഘോഷിച്ചത്. തന്നെ വളര്‍ത്തിയ ടീമിന് സ്വന്തം നാട്ടില്‍ വച്ചു തന്നെ ഇതിനേക്കാള്‍ മികച്ചൊരു സമ്മാനം ഗംഭീറിന് ഇനി നല്‍കാനില്ല.
ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ആന്ധ്രാ പ്രദേശിനെതിരേയാണ് ഓപ്പണറായി ഇറങ്ങിയ അദ്ദേഹം പഴയ ഗംഭീറായി മാറിയത്.

ഉജ്ജ്വല ഇന്നിങ്‌സ്
കരിയറിന്റെ തുടക്ക കാലത്തെ അനുസ്മരിപ്പിക്കുന്ന ഇന്നിങ്‌സാണ് ആന്ധ്രയ്‌ക്കെതിരേ ഓപ്പണറായി ഇറങ്ങിയ ഗംഭീര്‍ കാഴ്ചവച്ചത്. 37ാം വയസ്സിലും 18കാരന്റെ ചുറുചുറുക്കോടെ ആന്ധ്ര ബൗളിങ് ആക്രമണത്തെ അദ്ദേഹം കൂസലില്ലാതെ നേരിട്ടു. 112 റണ്‍സാണ് പുറത്താവുന്നതിനു മുമ്പ് ഗംഭീര്‍ അടിച്ചെടുത്തത്. 185 പന്തില്‍ 10 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിന് മാറ്റുകൂട്ടി. താരത്തിന്റെ 43ാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേട്ടമാണിത്.
ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ഒന്നാമിന്നിങ്‌സില്‍ 390 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങില്‍ ഓപ്പണിങ് പങ്കാളിയായ ഹിതേന്‍ ദലാലിനെ കൂട്ടുപിടിച്ച് ഗംഭീര്‍ കത്തിക്കയറുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ദലാലിനൊപ്പം 108ഉം രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ധ്രുവ് ഷോറയോടൊപ്പം 113ഉം റണ്‍സിന്റെ കൂട്ടുകെട്ട് അദ്ദേഹം പടുത്തുയര്‍ത്തി.

ഡല്‍ഹിയെ കാത്ത് ഗംഭീര്‍
ഗംഭീറിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഡല്‍ഹി ലീഡ് നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കളി ഞായറാഴ്ച അവസാനിക്കാനിരിക്കെ ഡല്‍ഹിക്ക് രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചേക്കില്ല. അതുകൊണ്ട് തന്നെ ഗംഭീറിന്റെ അവസാന ഇന്നിങ്‌സ് കൂടിയായിരിക്കും കഴിഞ്ഞത്.
തികച്ചും അപ്രതീക്ഷിതമായാണ് ദിവസങ്ങള്‍ക്കു മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കുന്നതായി ഗംഭീര്‍ പ്രഖ്യാപിച്ചത്. രഞ്ജിയില്‍ ആന്ധ്രയ്‌ക്കെതിരേയുള്ള മല്‍സരം കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗംഭീറിന് ആദരം
15 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിലെ അവസാന മല്‍സരത്തിന് ഇറങ്ങിയ ഗംഭീറിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇരുടീമുകളും ആദരിച്ചത്. ഗംഭീറിന് നന്ദി അറിയിച്ചുകൊണ്ട് നിരവധി ആരാധകര്‍ സ്റ്റേഡിയത്തിലെത്തുകയും ചെയ്തിരുന്നു. താരത്തിന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും വിടവാങ്ങല്‍ ഇന്നിങ്‌സിനു സാക്ഷിയായി സ്റ്റേഡിയത്തിലുണ്ടായിരുന്നു.
കളിക്കിടെ ഒരു ആരാധകന്‍ സുരക്ഷാവലയം ഭേദിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറി ഗംഭീറിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം നടത്തിയത് കുറച്ച് സമയത്തേക്ക് മല്‍സരം തടസ്സപ്പെടുത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications