ധോണി എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും, കോലിയുടെ മനസ്സ് ഫ്രീ!- താരതമ്യം ചെയ്ത് ബിന്നി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളും ഇതിഹാസ താരവുമായ എംഎസ് ധോണിയെയും നിലവിലെ നായകന്‍ വിരാട് കോലിയെയും തമ്മില്‍ താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി. ദേശീയ ടീമില്‍ ധോണിക്കു കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് കര്‍ണാടകയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍. 2014ലാണ് ധോണി നയിച്ച ഇന്ത്യന്‍ ടീമിനായി ബിന്നി കളിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ ധോണി കൈവരിക്കാത്ത നേട്ടങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത ചില റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളിലും കിരീടമേറ്റുവാങ്ങിയ ലോകത്തിലെ ഏക നായകനാണ് ധോണി. ടി20 ലോകകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ഇന്ത്യക്കു നേടിത്തത്. മറുഭാഗത്ത് വലിയ കിരീടങ്ങളൊന്നും ഇതുവരെ നേടിയിട്ടില്ലെങ്കിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ചരിത്ര വിജയമുള്‍പ്പെടെ പല നേട്ടങ്ങളും കോലി ഇന്ത്യക്കു സമ്മാനിച്ചിച്ചിട്ടുണ്ട്.

മഹി ഒരുപാട് ആലോചിക്കും
കളിക്കളത്തില്‍ ഒരുപാട് ചിന്തിക്കുകയും തീരുമാനമെടുക്കുയും ചെയ്യുന്ന ക്യാപ്റ്റനാണ് ധോണിയെന്നു ബിന്നി പറയുന്നു. ഒരുപാട് കാര്യങ്ങള്‍ മഹിയുടെ തലയ്ക്കകത്തു കൂടി കടന്നു പോവുന്നുണ്ടാവും. എന്നാല്‍ വിരാട് ഇങ്ങനെയല്ല. അദ്ദേഹത്തിന്റെ മനസ്സ് ഫ്രീയായിരിക്കും. അതിനാല്‍ തന്നെ വളരെ ഫ്രീയായി കളിക്കാനും കോലിക്കു കഴിയുന്നതായി ബിന്നി വിലയിരുത്തി.
താരങ്ങള്‍ക്കു ഒരുപാട് അവസരങ്ങള്‍ നല്‍കുന്ന ക്യാപ്റ്റനാണ് കോലി. മഹി അവസരം നല്‍കാറില്ലെന്നു അര്‍ഥമില്ല, അദ്ദേഹവും നല്‍കിയിട്ടുണ്ടെന്നും ബിന്നി കൂട്ടിച്ചേര്‍ത്തു.

ധോണി താരങ്ങളെ ആശ്രയിക്കും
ക്യാപ്റ്റനെന്ന നിലയില്‍ മഹിയും വിരാടും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ തനിക്കു കാണാന്‍ കഴിയുന്നില്ല. ഇരുവരും ടീമിലെ താരങ്ങങള്‍ക്കു നല്‍കുന്ന റോളുകള്‍ വളരെ വ്യത്യസ്തമാണ്. രണ്ടോ നാലോ താരങ്ങളെയാണ് ടീമിനെ മുന്നോട്ട് നയിക്കാനും തനിക്കൊപ്പം മല്‍സരം ഫിനിഷ് ചെയ്യാനുമെല്ലാം ധോണി ആശ്രയിക്കുന്നത്.
അതേസമയം, വിരാട് താരങ്ങള്‍ക്കു കളിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാറുണ്ട്. കൂടാതെ താരങ്ങളെ സ്വയം പ്രകടിപ്പിക്കാന്‍ കോലി കൂടുതല്‍ അനുവദിക്കുന്നതായും ബിന്നി അഭിപ്രായപ്പെട്ടു.

ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം
2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഐസിസിയുടെ ഒരു കിരീടം പോലും നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഇതിനുള്ള കാരണം ബിന്നി ചൂണ്ടിക്കാണിക്കുന്നു.
തീര്‍ച്ചയായും സമ്മര്‍ദ്ദം ഒരു ഘടകം തന്നെയാണ്. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നമ്മള്‍ നന്നായി പെര്‍ഫോം ചെയ്യാറുണ്ട്. ഓരോ ടൂര്‍ണമെന്റിലും തുടക്കത്തില്‍ തന്നെ നമ്മള്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നുവെന്നാണ് തനിക്കു തോന്നിയത്. യഥാര്‍ഥത്തില്‍ നോക്കൗട്ട്‌റൗണ്ടിലേക്കാണ് ഇന്ത്യ ഏറ്റവും മികച്ച പ്രകടനം മാറ്റി വയ്‌ക്കേണ്ടത്. വളരെ അനുഭവസമ്പത്തുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. പുതുതായെത്തുന്ന യുവതാരങ്ങളും ഉത്തരവാദിത്വമേറ്റെടുക്കാന്‍ ശേഷിയുള്ളവരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്നി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications