സെഞ്ച്വറി നിഷേധിച്ചു, എന്നിട്ടും ഈ ബോളില്‍ സച്ചിന്‍ ഒപ്പിട്ടുതന്നു!- വെളിപ്പെടുത്തി വോന്‍
ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. കളിക്കളത്തിനകത്തും പുറത്തും തികഞ്ഞ ജെന്റില്‍മാനായിരുന്ന സച്ചിന്റെ സ്‌പോര്‍ട്മാന്‍ഷിപ്പ് അടിവരയിടുന്ന സംഭവം കൂടിയാണ് വോന്‍ ഓര്‍മിച്ചെടുത്തത്. സ്വന്തം വിക്കറ്റെടുത്ത അതേ ബോളില്‍ സച്ചിന്‍ തനിക്കു ഒപ്പിട്ടു തന്ന സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ക്യാപ്റ്റനും ബാറ്ററുമെന്ന നിലയിലാണ് വോന്‍ കൂടുതല്‍ ശ്രദ്ധേയനായിട്ടുള്ളതെങ്കിലും ബൗളിങിലും മോശമല്ലാത്ത പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22 വിക്കറ്റുകളായിരുന്നു വോനിന്റെ സമ്പാദ്യം. ഇതിലൊരെണ്ണം സച്ചിന്റേതുമായിരുന്നു. സെഞ്ച്വറിക്ക് അരികെയായിരുന്നു അന്ന് അദ്ദേഹം മാസ്റ്റര്‍ ബ്ലാസ്റ്ററെ പുറത്താക്കിയത്.

2002ലെ ടെസ്റ്റ് പരമ്പര
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2002ല്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ ഒരു സംഭവമാണ് മൈക്കല്‍ വോന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഈ പരമ്പരയില്‍ നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ ഒരു തവണ സച്ചിന്റെ വിക്കറ്റെടുത്തത് ഓഫ് സ്പിന്നര്‍ കൂടിയായ അദ്ദേഹമായിരുന്നു.
സച്ചിന്‍ അന്നു ഫോം വീണ്ടെടുക്കാന്‍ വിഷമിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്തു നോക്കാമെന്നു എനിക്കു തോന്നിയത്. തൊട്ടുമുമ്പത്തെ ബോളില്‍ സച്ചിന്‍ എനിക്കെതിരേ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി പായിച്ചിരുന്നു. അതുകൊണ്ടു തന്നെ അടുത്തത് കുറച്ച് ഉയരത്തില്‍, വൈഡായി, സ്ലോ ബോള്‍ പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതു ക്ലിക്കായി. സച്ചിനു ഈ ബോള്‍ പ്രതിരോധിക്കാനോ, ഷോട്ട് കളിക്കാനോ കഴിഞ്ഞില്ല. ഫലമാവട്ടെ ഓഫസ്റ്റംപിന്റെ മുകളില്‍ ഇതു പതിക്കുകയും ചെയ്തുവെന്നും വോന്‍ ഫോക്‌സ് സ്‌പോര്‍ട്‌സിനോടു മനസ്സ് തുറന്നു.

സച്ചിനു സെഞ്ച്വറി നഷ്ടം
നോട്ടിങ്ഹാമില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ രണ്ടു വിക്കറ്റിനു 11 റണ്‍സെന്ന നിലയില്‍ പതറി. തുടര്‍ന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡും ക്രീസില്‍ ഒന്നിച്ചത്. തകര്‍പ്പന്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇരുവരും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 163 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സച്ചിന്‍- ദ്രാവിഡ് സഖ്യത്തിനു കഴിഞ്ഞു.
സെഞ്ച്വറിയിലേക്കു നീങ്ങിയ സച്ചിനെ പുറത്താക്കി മൈക്കല്‍ വോനായിരുന്നു ഇംഗ്ലണ്ടിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 92 റണ്‍സെടുത്തു നില്‍ക്കെയാണ് അദ്ദേഹത്തെ വോന്‍ ബൗള്‍ഡാക്കിയത്.

ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ പോയി
നോട്ടിങ്ഹാം ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് മൈക്കല്‍ വോന്‍ വീഴ്ത്തിയത് പുതുമയുള്ള കാര്യമല്ല. ഇത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ ഈ മല്‍സരത്തിനു ശേഷം സംഭവിച്ചത് ആര്‍ക്കും അറിയില്ല. അതാണ് വോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മല്‍സരം കഴിഞ്ഞ ശേഷം ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ പോയിരുന്നു. സൗരവ് ഗാംഗുലായിരുന്നു അന്ന് ഇന്ത്യന്‍ ടീം നായകന്‍. ഡ്രസിങ് റൂമിലെത്തിയപ്പോള്‍ അവിടെ സൗരവ് നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അകത്തക്കു വരട്ടെയെന്നു അദ്ദേഹത്തിനോടു അനുമതി ചോദിച്ചു. നോക്കുമ്പോള്‍ സച്ചിന്‍ ഇടതുവശത്ത് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് അരികിലേക്കു പോയ ഞാന്‍ നിങ്ങള്‍ക്കു വിരോധമില്ലെങ്കില്‍ ഈ ബോളില്‍ ഒന്ന് ഒപ്പിട്ടു നല്‍കാമോയെന്നു ചോദിച്ചു. സച്ചിന്‍ ചിരിച്ചുകൊണ്ട് തന്നെ ഒപ്പിടുകയും എന്നോടു ചിയേഴ്‌സ് പറയുകയും ചെയ്തു. ഇതു ഭാഗ്യമായിരുന്നുവെന്ന് താന്‍ സമ്മതിക്കുന്നുവെന്നും വോന്‍ മനസ്സ്തുറന്നു.

ടെസ്റ്റ് സമനിലയില്‍
നോട്ടിങ്ഹാമില്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അന്നത്തെ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 357 റണ്‍സ് നേടി. വീരേന്ദര്‍ സെവാഗിന്റെ (106) സെഞ്ച്വറിയൊയിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത്. 183 ബോളില്‍ 18 ബൗണ്ടറികള്‍ വീരുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി (68), ഹര്‍ഭജന്‍ സിങ് (54) എന്നിവരും ബാറ്റിങില്‍ തിളങ്ങി. 34 റണ്‍സാണ് സച്ചിന് ഈ ഇന്നിങ്‌സില്‍ നേടാനായത്.
മറുപടി ബാറ്റിങില്‍ വോനിന്‍റെ (197) തകര്‍പ്പന്‍ സെഞ്ച്വറിയിലേറി ഇംഗ്ലണ്ട് 617 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വന്‍ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ ശക്തമായി തിരിച്ചടിട്ടു. എട്ടു വിക്കറ്റിന് 424 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെ ടെസ്റ്റ് സമനിലയാവുകയായിരുന്നു. 115 റണ്‍സെടുത്ത ദ്രാവിഡായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. സച്ചിന്‍ 92 റണ്‍സിനും നായകന്‍ ഗാംഗുലി 99 റണ്‍സിനും പുറത്തായി. 113 ബോളില്‍ 17 ബൗണ്ടറികള്‍ സച്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications