കോലിയുടെ ബാറ്റിങ് ശൈലി മാറ്റിയത് കേസ്റ്റണ്‍! അന്നു നല്‍കിയ ഉപദേശം വെളിപ്പെടുത്തി മുന്‍ കോച്ച്
നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്നാവും. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മറ്റു പല ബാറ്റ്‌സ്മാന്‍മാരെയും പോലെ ലൂസ് ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന ശീലം കോലിക്കില്ല. ഓരോ പന്തിനെയും അര്‍ഹിച്ച രീതിയില്‍ അദ്ദേഹം കൈകാര്യം ചെയ്യും. മോശം പന്തുകളെ ശിക്ഷിക്കാന്‍ മടിയില്ലാത്ത ഇന്ത്യന്‍ നായകന്‍ മികച്ച പന്തുകള്‍ക്ക് അര്‍ഹിച്ച ബഹുമാനവും നല്‍കാറുണ്ട്. ഇതു തന്നെയാണ് കോലിയുടെ സ്ഥിരതയുടെ മുഖ്യ കാരണവും.
കോലിയുടെ ഈ ബാറ്റിങ് ശൈലിക്കു പിന്നില്‍ ഇന്ത്യയുടെ മുന്‍ കോച്ച് കൂടിയായ ഗാരി കേസ്റ്റണ്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 2011ല്‍ കേസ്റ്റണ്‍ പരിലീശിപ്പിച്ച ഇന്ത്യ ലോക ചാംപ്യന്‍മാരായപ്പോള്‍ കോലിയും സംഘത്തിലുണ്ടായിരുന്നു.

കോലിയുടെ തുടക്കകാലം
കരിയറിന്റെ തുടക്കകാലമാണ് കോലിക്കു കേസ്റ്റണിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. കോലി ഒരുപാട് കഴിവുള്ള താരമാണെന്നും പക്ഷെ അത് അദ്ദേഹം പൂര്‍ണമായി ഉപയോഗിക്കുന്നില്ലെന്നുമാണ് അന്നു തനിക്കു തോന്നിയതെന്നു കേസ്റ്റണ്‍ വ്യക്തമാക്കി.
യുവതാരമായിരുന്നപ്പോഴാണ് താന്‍ കോലിയുമായി പരിചയപ്പെടുന്നത്. കരിയറില്‍ ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും പ്രകടനത്തില്‍ സ്ഥിരത വളര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമിക്കേണ്ടതെന്നന്നുമാണ് അന്നു താന്‍ കോലിക്കു നല്‍കിയ ഉപദേശമെന്നു കേസ്റ്റണ്‍ വെളിപ്പെടുത്തി.

ആദ്യത്തെ കൂടിക്കാഴ്ച
ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ കോലിയുടെ കഴിവ് ബോധ്യമായിരുന്നു. പ്രതിഭയുള്ള, മികച്ച ഭാവിയുള്ള താരമാണ് അദ്ദേഹമെന്ന് അന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷെ തന്റെ കഴിവ് മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ കോലി ശ്രമിക്കുന്നില്ലെന്നു അന്നു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് ഒരുപാട് തവണ കോലിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും കേസ്റ്റണ്‍ വ്യക്തമാക്കി.

ലങ്കയ്‌ക്കെതിരായ ബാറ്റിങ്
ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ കോലിയുടെ ബാറ്റിങിനെക്കുറിച്ചുള്ള ഓര്‍മകള്‍ കേസ്റ്റണ്‍ പങ്കുവയ്ക്കുകയാണ്. ഇന്ത്യ- ശ്രീലങ്ക ഏകദിന മല്‍സരം മറക്കാനാവില്ല. അന്ന് കോലി മികച്ച രീതിയില്‍ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. 30 റണ്‍സോ മറ്റോ നേടി പുറത്താവാതെ ബാറ്റ് ചെയ്യുകയാണ് അദ്ദേഹം. അപ്പോഴാണ് ലോങ് ഓണിലൂടെ സിക്‌സര്‍ നേടാന്‍ കോലി ശ്രമിച്ചത്. പക്ഷെ കണക്കുകൂട്ടലുകള്‍ പിഴച്ചു. കോലി ഔട്ടാവുകയും ചെയ്തതായി കേസ്റ്റണ്‍ പറയുന്നു.

കോലിക്കു നല്‍കിയ ഉപദേശം
അനാവാശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ കോലിയെ മല്‍സരശേഷം ഉപദേശിച്ചിരുന്നു. നിങ്ങള്‍ സ്വന്തം ക്രിക്കറ്റ് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ പന്ത് ഗ്രൗണ്ട് ഷോട്ടായി കളിച്ച് സിംഗിള്‍ നേടുകയാണ് ചെയ്യേണ്ടത്.
ഒരു പാട് പന്തുകള്‍ ഫീല്‍ഡര്‍മാര്‍ക്കു മുകളിലൂടെ പറത്താന്‍ തനിക്കു സാധിക്കുമെന്ന് നിങ്ങള്‍ക്കറിയാം. പക്ഷെ അതില്‍ ഒരുപാട് റിസ്‌ക്കുണ്ടെന്നും കോലിയെ ഉപദേശിച്ചു. ഇത് ഉള്‍ക്കൊണ്ട് തൊട്ടടുത്ത മല്‍സരം കളിച്ച കോലി സെഞ്ച്വറിയും നേടിയിരുന്നതായി കേസ്റ്റണ്‍ വ്യക്തമാക്കി. കേസ്റ്റണ്‍ നല്‍കിയ ഈ ഉപദേശമാണ് പിന്നീട് കോലിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചതെന്നു കാണാന്‍ കഴിയും. പരമാവധി ഗ്രൗണ്ട് ഷോട്ടുകള്‍ കളിച്ചാണ് അദ്ദേഹം ഇപ്പോള്‍ റണ്‍സ് നേടാന്‍ ശ്രമിക്കാറുള്ളത്. സിംഗിളുകളും ഡബിളുകളും കളിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്ന ശൈലിയാണ് കോലി പിന്തുടരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications