ടീം ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ധോണിക്കു പുതിയ റോള്‍! ഇനി ഫിനിഷറല്ല, നിര്‍ദേശവുമായി പ്രസാദ്
മുംബൈ: ഇന്ത്യന്‍ ടീമിലേക്കു എംഎസ് ധോണിയുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍ നില്‍ക്കവെ ഞെട്ടിക്കുന്ന നിര്‍ദേശവുമായി മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായിരുന്ന എംഎസ്‌കെ പ്രസാദ്. ഇത്രയും കാലമായി ധോണിക്കു നല്‍കിയ ഫിനിഷര്‍ റോളില്‍ നിന്നു മാറ്റി പുതിയ റോള്‍ ധോണിക്കു നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ഇന്ത്യക്കു വേണ്ടി മാത്രമല്ല, ഒരൊറ്റ ടീമിനു വേണ്ടേിയും ധോണി കളിച്ചിട്ടില്ല. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച് മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ ധോണി തയ്യാറെടുക്കെയാണ് കൊവിഡ്-19നെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വച്ചിരിക്കുന്നത്.

38 കാരനായ ധോണിയുടെ റിഫ്‌ളക്‌സുകള്‍ക്കു ഇപ്പോള്‍ പഴയ വേഗമില്ല. അതുകൊണ്ടു തന്നെ ദേശീയ ടീമില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ എങ്ങനെ പരമാവധി ഉപയോഗിക്കാമെന്നാണ് ഇന്ത്യ ആലോചിക്കേണ്ടതെന്നു പ്രസാദ് വ്യക്തമാക്കി.
ഫിനിഷറായല്ല, മറിച്ച് ഇനി ധോണിയെ ബാറ്റിങില്‍ മുന്‍നിരയിലേക്കു കളിപ്പിക്കുന്നതാവും ഉചിതം. താനായിരുന്നുവങ്കില്‍ മൂന്നോ, നാലോ പൊസിഷനില്‍ അദ്ദേഹത്തോടു ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കും. എന്നാല്‍ ഇന്ത്യയുടെ ഇന്നിങ്‌സില്‍ വെറും 10 ഓവറുകള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കില്‍ ധോണിയെ ഫിനിഷറായി താന്‍ പരീക്ഷിക്കുമെന്നും പ്രസാദ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഐപിഎല്‍ സംശയത്തിന്റെ നിഴലിലായതോടെ ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടുതല്‍ കടുപ്പമായി മാറിയിട്ടുണ്ടെന്നു പ്രസാദ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനു വേണ്ടി വീണ്ടും കളിക്കുകയെന്നത് ധോണിക്ക് ഇനി എളുപ്പമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നതാണ് ഇതിനു പ്രധാന കാരണം.
ധോണി ഇപ്പോഴും മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പ്രായമേറി വരുന്ന അദ്ദേഹത്തിന്റെ റിഫ്‌ളക്‌സുകള്‍ക്കു വേഗം കുറയും. ധോണിയുടെ പ്രായം 40നോട് അടുക്കുകയാണ്. അതിനാല്‍ തന്നെ ഇന്ത്യക്കു വേണ്ടി ഇനിയും കളിക്കുക അദ്ദേഹത്തിന് ബുദ്ധിമുട്ട് തന്നെയാണ്. ധോണിയെ ദേശീയ ടീമിലെടുക്കണമോയെന്ന തീരുമാനം താന്‍ ടീം മാനേജ്‌മെന്റി്‌നു വിടുകയാണ്. മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം ടീം മാനേജ്‌മെന്റ് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്യാല്‍ ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

കരിയറിന്റെ തുടക്ക കാലത്ത് ബാറ്റിങില്‍ മുന്‍നിരയിലായിരുന്നു ധോണി കളിച്ചിരുന്നത്. മൂന്ന്, നാല് പൊസിഷനുകളിലൊക്കെ അദ്ദേഹം നേരത്തേ ഇറങ്ങുകയും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. മൂന്ന്, നാല് നമ്പറുകളിലായി 46 ഇന്നിങ്‌സുകളില്‍ നിന്നും 2351 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 82.75, 56.58 എന്നിങ്ങനെയാണ് ഈ പൊസിഷനുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
ഇത്രയും മികച്ച റെക്കോര്‍ഡുണ്ടായിട്ടും ധോണിക്കു ഫിനിഷറുടെ റേളാണ് ടീം മാനേജ്‌മെന്റ് പിന്നീട് നല്‍കിയത്. ഫിനിഷറുടെ കുപ്പായത്തിലും തകര്‍പ്പന്‍ പ്രകടനം തന്നെ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications