മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി രണ്ടു ഫ്രാഞ്ചൈസികള്‍ ഇന്ത്യയില്‍ നിന്നു വിമാനം കയറി. പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന് റോയല്‍സും കന്നിക്കിരീടം ലക്ഷ്യമിടുന്ന കിങ്സ് ഇലവന് പഞ്ചാബുമാണ് വ്യാഴാഴ്ച രാവിലെ യുഎഇയിലേക്കു പറന്നത്. ഇരുടീമുകളും യാത്ര പുറപ്പെട്ട സമയം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പരിഗണിക്കുമ്പോള്‍ പഞ്ചാബ് ടീമാണ് ആദ്യം യാത്ര തിരിച്ചതെന്നു മനസ്സിലാവും. പഞ്ചാബ് ടീം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ ഫോട്ടോസും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
വിമാനത്തിന് അകത്തു നിന്നുള്ള ഫോട്ടോസും വീഡിയോസുമാണ് പഞ്ചാബ് ടീം ട്വിറ്ററിലുടെ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ പേസര്‍ മുഹമ്മദ് ഷമിയുള്പ്പെടെയുള്ളവരെ മാസ്ക് ധരിച്ച് ഫോട്ടോയില്‍ കാണാം. ഷമിയും തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി കുറച്ചു ഫോട്ടോസ് ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ യുഎഇയിലേക്കു വിമാനം കയറുന്നതിനു മുമ്പുള്ള ഫോട്ടോസാണ് ഫ്രാഞ്ചൈസിയുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്ളത്. യുഎഇ തയ്യാര്‍ എന്ന തലക്കെട്ടോടെയായിരുന്നു രാജസ്ഥാന് ടീം ഫോട്ടോസ് പങ്കുവച്ചത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ളവരെ പിങ്ക് നിറത്തിലുള്ള മാസ്കില്‍ കാണാന്‍ കഴിയും.
അതേസമയം, എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് 21ന് വെള്ളിയാഴ്ചയാണ് യുഎഇയിലേക്കു തിരിക്കുകയെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥന് നേരത്തേ അറിയിച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്ലിന്റെ ദൈര്‍ഘ്യം 53 ദിവസമായിരിക്കും. സപ്തംബര്‍ 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഞായറാഴ്ചയായിരിക്കും. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവയാണ് മല്‍സരവേദികള്‍.
മുന്‍ സീസണുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങളുടെ സമയത്തില്‍ ചെറിയ വ്യത്യാസമുണ്ട്. സാധാരണത്തേതിലും അര മണിക്കൂര്‍ മുമ്പായിരിക്കും കളി തുടങ്ങുന്നത്. നാല്, എട്ട് മണിക്ക് ആരംഭിച്ചിരുന്ന മല്‍സരങ്ങളില്‍ യുഎഇയില്‍ യഥാക്രമം 3.30, 7.30ന് ആരംഭിക്കും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായിരിക്കും ഉദ്ഘാടന മല്‍സരമെന്നാണ് സൂചനകള്‍. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം ബിസിസിഐ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.