
സിഡ്‌നി: മുന്‍ ഓസീസ് ക്രിക്കറ്റ് ഇതിഹാസം റോഡ് മാര്‍ഷ് (74) അന്തരിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന താരം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. ഒരാഴ്ച മുമ്പ് റോയല്‍ അഡ്‌ലെയ്ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഫെബ്രുവരി 24ന് ക്യൂന്‍സ് ലാന്‍ഡില്‍ ഒരു ജീവകാരുണ്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ റോഡ് മാര്‍ഷിന് ഹൃദയാഘാതമുണ്ടായിരുന്നു.
1970-1984 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സജീവ സാന്നിധ്യമായിരുന്നു റോഡ് മാര്‍ഷ്. ഇക്കാലയളവില്‍ 96 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം വിക്കറ്റ് കീപ്പറെന്ന നിലയില്‍ 355 പുറത്താക്കലുകള്‍ നടത്തി. ഇതില്‍ 95 എണ്ണവും ഡെന്നില് ലില്ലിയുടെ പന്തിലായിരുന്നു. വിരമിച്ച ശേഷം ഏറെ നാള്‍ അഡ് ലെയ്ഡിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 2016വരെ ദേശീയ ടീം സെലക്ടറെന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

96 ടെസ്റ്റില്‍ നിന്ന് 26.51 ശരാശരിയില്‍ 3633 റണ്‍സാണ് റോഡ് മാര്‍ഷിന്റെ പേരിലുള്ളത്. 3 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 132 റണ്‍സാണ്. 92 ഏകദിനത്തില്‍ നിന്ന് 1225 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് അര്‍ധ സെഞ്ച്വറിയും നേടി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ച കരിയര്‍ അദ്ദേഹം നേടിയിരുന്നു. 257 മത്സരത്തില്‍ നിന്ന് 11067 റണ്‍സാണ് റോഡ് മാര്‍ഷിന്റെ പേരിലുള്ളത്. 12 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 140 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2119 റണ്‍സും നേടിയിട്ടുണ്ട്.
റോഡ് മാര്‍ഷിന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ നേര്‍ന്നിരിക്കുന്നത്. മുന്‍ ഓസീസ് സൂപ്പര്‍ താരം മാര്‍ക്ക് വോ ഓസീസ് ക്രിക്കറ്റിന്റെ മുഖമായിരുന്നു റോഡ് മാര്‍ഷ് എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. റോഡ് മാര്‍ഷിനൊപ്പം പ്രവര്‍ത്തിച്ച കുറച്ച് വര്‍ഷങ്ങള്‍ മനോഹരമായിരുന്നുവെന്നും വിശാല ഹൃദയമുള്ള മനുഷ്യനായിരുന്നുവെന്നും മാര്‍ക്ക് വോ കുറിച്ചു. ഡേവിഡ് ഹസി ദുഖകരമായ ദിനം എന്നാണ് ട്വിറ്ററില്‍ കുറിച്ചത്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ഡേവിഡ് ഹസി പറഞ്ഞു. മൈക്കല്‍ ക്ലാര്‍ക്ക്, ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയവരെല്ലാം ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ആദ്യ കാലത്തെ ഇതിഹാസം തന്നെയാണ് ഇപ്പോള്‍ വിടപറഞ്ഞിരിക്കുന്നത്.