സെഞ്ച്വറിയുടെ കൂട്ട് വിട്ടില്ല, സൂപ്പര്‍ സ്മിത്ത്... ഇനി കോലിക്കു താഴെയിറങ്ങാം
ബെര്‍മിങ്ഹാം: ചിരവൈരികളായ ഇംഗ്ലണ്ടുമായുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയ പിടിമുറുക്കിക്കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് കളിയില്‍ മേധാവിത്വം നേടുമെന്ന് കരുതിയെങ്കിലും രണ്ടാമിന്നിങ്‌സിലെ ഗംഭീര പ്രകടനം ഓസീസിനെ മേല്‍ക്കൈ നല്‍കുകയായിരുന്നു. മല്‍സരത്തില്‍ ഓസീസിനു വിജയപ്രതീക്ഷ നല്‍കിയത് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ഉജ്ജ്വല ബാറ്റിങ് പ്രകടനമായിരുന്നു.
രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറികള്‍ കണ്ടെത്തിയ സ്മിത്ത് ചില റെക്കോര്‍ഡുകളും ഈ കുതിപ്പില്‍ മറികടക്കുകയും ചെയ്തു. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയിട്ടും തന്റെ പ്രതിഭയ്ക്ക് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.

അതിവേഗം 25 സെഞ്ച്വറി
രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി തികച്ചതോടെ ടെസ്റ്റില്‍ അതിവേഗം 25 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡ് സ്മിത്ത് തന്റെ പേരിലേക്കു മാറ്റി. ആധുനിക ക്രിക്കറ്റില്‍ തന്റെ മുഖ്യ എതിരാളിയും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയെയാണ് സ്മിത്ത് പിന്തള്ളിയത്.
വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ കോലി ഒരു ഇന്ത്യന്‍ റെക്കോര്‍ഡ് തന്റെ പേരിലാക്കിയ അതേ സമയത്തു തന്നെയാണ് സ്മിത്ത് അദ്ദേഹത്തിന്റെ മറ്റൊരു റെക്കോര്‍ഡ് തട്ടിയെടുത്തത്.

119 ഇന്നിങ്‌സുകള്‍
25 ടെസ്റ്റ് സെഞ്ച്വറികള്‍ പിന്നിടാന്‍ വെറും 119 ഇന്നിങ്‌സുകള്‍ മാത്രമേ സ്മിത്തിനു വേണ്ടി വന്നുള്ളൂവെന്നതാണ് ശ്രദ്ധേയം. മറുഭാഗത്ത് അദ്ദേഹത്തേക്കാള്‍ എട്ട് ഇന്നിങ്‌സുകള്‍ കൂടുതല്‍ കളിച്ചാണ് കോലി 25 സെഞ്ച്വറികള്‍ തികച്ചത്.
റെക്കോര്‍ഡ് പട്ടികയില്‍ തലപ്പത്ത് മുന്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ്. അദ്ദേഹത്തിന് 25 സെഞ്ച്വറികളെന്ന മാന്ത്രിക സംഖ്യം പിന്നിടാന്‍ വെറും 68 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

പത്താം സെഞ്ച്വറി
ആഷസില്‍ തന്റെ പത്താമത്തെ സെഞ്ച്വറിയാണ് സ്മിത്ത് രണ്ടാമിന്നിങ്‌സില്‍ നേടിയത്. സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇനി രണ്ടു പേര്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. 19 സെഞ്ച്വറികളോടെ ഈ ലിസ്റ്റിലും ബ്രാഡ്മാന്‍ ഒന്നാംസ്ഥാനം അലങ്കരിക്കുമ്പോള്‍ ഇംഗ്ലണ്ട് ഇതിഹാസം ജാക്ക് ഹോബ്‌സാണ് 12 സെഞ്ച്വറികളുമായി ലിസ്റ്റില്‍ രണ്ടാമതുള്ളത്.
2002ല്‍ മുന്‍ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ശേഷം ആദ്യമായി ഈ നേട്ടം കൈവരിച്ച താരം കൂടിയാണ് സ്മിത്ത്.

398 റണ്‍സ് വിജയലക്ഷ്യം
ആഷസിലെ ഒന്നാം ടെസ്റ്റില്‍ 398 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് ഓസീസ് നല്‍കിയിരിക്കുന്നത്. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തേ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 284 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 374ന് പുറത്താവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഓസീസ് ഏഴിന് 487ന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്മിത്ത് ഒന്നാമിന്നിങ്‌സില്‍ 144ഉം രണ്ടാമിന്നിങ്‌സില്‍ 142ഉം റണ്‍സുമായി കസറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications