ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാവാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ഈ വര്‍ഷം നേരത്തേയും അദ്ദേഹം ഈ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയിരുന്നു. അന്നു പക്ഷെ സോണല്‍ പോളിസി കാരണം അഗാര്‍ക്കര്‍ തഴയപ്പെടുകയായിരുന്നു. ഇത്തവണ തീര്‍ച്ചയായും തന്നെ ബിസിസിഐ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍ താരം.

സെലക്ടര്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മറ്റൊരു പദവി കൂടി അഗാര്‍ക്കറിനെ കാത്തിരിക്കുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി അതോടെ അദ്ദേഹം മാറും. 26 ടെസ്റ്റുകളില്‍ പേസര്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ബിസിസിഐയുടെ നിയമാവലി പ്രകാരം സെലക്ഷന്‍ കമ്മിറ്റിയില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ കളിച്ചയാള്‍ക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്കു മുന്‍ഗണന ലഭിക്കുക. ഇത് നോക്കുമ്പോള്‍ അഗാര്‍ക്കര്‍ തന്നെയാണ് മുന്നില്‍. നിലവിലെ ചെയര്‍മാനും മുന്‍ സ്പിന്നറുമായ സുനില്‍ ജോഷിക്കു ഇതോടെ സ്ഥാനം നഷ്ടമാവുകയും ചെയ്യും.
അഗാര്‍ക്കറിനെക്കൂടാതെ മുന്‍ താരങ്ങളായ മനീന്ദര്‍ സിങ്, ചേതന്‍ ശര്‍മ, രണദേബ് ബോസ്, ശിവ് സുന്ദര്‍ ദാസ് എന്നിവരും സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ചെയര്‍മാന്‍ സ്ഥാനത്തേക്കു അഗാര്‍ക്കറിന് വെല്ലുവിളിയാവാന്‍ ഇടയുള്ള വ്യക്തി മനീന്ദര്‍ സിങാണ്. കാരണം അഗാര്‍ക്കറിനേക്കാള്‍ കൂടുതല്‍ ടെസ്റ്റുകളില്‍ (35 ടെസ്റ്റ്) അദ്ദേഹം കളിച്ചിട്ടുണ്ട്.
ലോകകപ്പില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ ബൗളറായ ചേതന്‍ ശര്‍മ 23 ടെസ്റ്റുകളാണ് കളിച്ചത്. ശിവ് സുന്ദര്‍ ദാസും 23 ടെസ്റ്റുകളില്‍ ഇറങ്ങി. എന്നാല്‍ ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ബോസിന് അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല.
സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു അംഗത്തിന്റെ കാലാവധി നാലു വര്‍ഷമാണ്. ശരണ്‍ദീപ് സിങ്, ജതിന്‍ പരഞ്ജപെ, ദേവാങ് ഗാന്ധി എന്നിവര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് പകരക്കാരുടെ സ്ഥാനത്തേക്കു ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഈ വര്‍ഷമാദ്യം എംഎസ്‌കെ പ്രസാദ്, ഗഗന്‍ ഖോഡ എന്നിവരുടെ കാലാവധി പൂര്‍ത്തിയായിരുന്നു. ചെയര്‍മാന്‍ കൂടിയായിരുന്നു പ്രസാദ്. ഇവര്‍ക്കു പകരമാണ് ജോഷിയും ഹര്‍വീന്ദര്‍ സിങും വന്നത്.

ജോഷിയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇതിനകം രണ്ടു ടീമുകളെയാണ് തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയായിരുന്നു ജോഷി ആദ്യം പ്രഖ്യാപിച്ചത്. അടുത്തിടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി മൂന്നു ഫോര്‍മാറ്റുകളിലുമുള്ള ടീമുകളെയും ജോഷിക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരുന്നു. അഗാര്‍ക്കറോ തന്നേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച മറ്റൊരാളോ പുതുതായി കമ്മിറ്റിയിലേക്കു തിരഞ്ഞടുക്കപ്പെട്ടാല്‍ ജോഷിക്കു ചെയര്‍മാന്‍ സ്ഥാനമൊഴിയേണ്ടി വരും.