ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി കഴിഞ്ഞ വര്‍ഷം ഗൗതം ഗംഭീര്‍ വന്നപ്പോള്‍ പ്രതീക്ഷകള്‍ ഏറെ വലുതായിരുന്നു. ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിസിസിഐയും ആരാധകരും.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഈ പ്രതീക്ഷ കാക്കാന്‍ ഗംഭീറിനായെങ്കിലും ടെസ്റ്റില്‍ കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ വലിയ തിരിച്ചടികളാണ് ഗംഭീറിനു കീഴില്‍ ടീമിനു നേരിട്ടത്. ഒരു വര്‍ഷത്തിനിടെ നാട്ടില്‍ രണ്ടു ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യക്കു സമ്പൂര്‍ണ തോല്‍വിയും നേരിട്ടു. ന്യൂസിലാന്‍ഡ് (0-3), സൗത്താഫ്രിക്ക (0-2) എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
ടെസ്റ്റ് ടീമിന്റെ കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് സൂചനകള്‍. വൈറ്റ് ബോളില്‍ അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിലനിര്‍ത്തി ടെസ്റ്റില്‍ പുതിയൊരാളെ കൊണ്ടുവരാനും ബിസിസിഐയ്ക്കു പ്ലാനുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വിവിഎസ് ലക്ഷ്മണിനെ ബിസിസിഐ സമീപിച്ചുവെന്നു റിപ്പോര്‍ട്ടുകളും വന്നെങ്കിലും അവര്‍ ഇതു നിഷേധിക്കുകയും ചെയ്തു. ടെസ്റ്റ് കോച്ചിങ് റോളിലേക്കു മൂന്നു പ്രധാനപ്പെട്ട ഓപ്ഷനുകള്‍ ആരൊക്കെയെന്നു നോക്കാം.

ചന്ദ്രകാന്ത് പണ്ഡിറ്റ്
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഡിമാന്റുള്ള കോച്ചായ ചന്ദ്രകാന്ത് പണ്ഡിറ്റാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഫസ്റ്റ് ്ക്ലാസ് ക്രിക്കറ്റില്‍ പരിശീലകര്‍ക്കിടയിലെ ഇതിഹാസം തന്നെയാണ് അദ്ദേഹം. അത്രയേറെ അനുഭവസമ്പത്തും മികച്ച റെക്കോര്‍ഡുമെല്ലാം പണ്ഡിറ്റിനുണ്ട്.
പരിശീലിപ്പിച്ച ടീമുകള്‍ക്കൊല്ലം വലിയ നേട്ടങ്ങള്‍ കൊയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. 2018, 19 എന്നിങ്ങനെ തുടര്‍ച്ചയായി രണ്ടു സീസണുകള്‍ വിദര്‍ഭ ടീം രഞ്ജി ട്രോഫിയില്‍ ജേതാക്കളായത് പണ്ഡിറ്റിന്റെ ശിക്ഷണത്തിലാണ്. അതിനു ശേഷം 2022ല്‍ മധ്യപ്രദേശിനെ ചരിത്രത്തിലാദ്യമായി രഞ്ജി ചാംപ്യന്‍മാരാക്കുകയും ചെയ്തു.
പിന്നീട് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റൈ കോച്ചായ അദ്ദേഹം 2024ല്‍ ടീമിനു മൂന്നാം ട്രോഫിയും സമ്മാനിച്ചു. ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് വളരെ മികച്ച ധാരണയുള്ള വ്യക്തിയാണ് പണ്ഡിറ്റ്. ഇതു ഇന്ത്യന്‍ ടെസ്റ്റ് കോച്ചെന്ന നിലയിലും അദ്ദേഹത്തെ ഏറെ സഹായിക്കും.
ജസ്റ്റിന്‍ ലാങര്‍
ഓസ്‌ട്രേലിയക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയ ജസ്റ്റിന്‍ ലാങറാണ് അടുത്തയാള്‍. നിലവില്‍ ഐപിഎല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരിശീലിപ്പിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കോള്‍ വന്നാല്‍ ലാങര്‍ ഇതു വേണ്ടെന്നു വച്ചേക്കും.
2018ല്‍ സാന്‍ഡ്‌പേപ്പര്‍ വിവാദത്തില്‍ കുരുങ്ങി ഓസീസ് പതറിയപ്പോള്‍ കോച്ചായി വന്ന ലാങറാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ രക്ഷിച്ചത്. പിന്നീട് രണ്ടു തവണ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ടെസ്റ്റ് കോച്ചെന്ന നിലയില്‍ 55.5 എന്ന മികച്ച വിജയ ശതമാനവും ലാങര്‍ക്കുണ്ട്.

ആന്‍ഡി ഫ്‌ളവര്‍
സിംബാബ്‌വെയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ആന്‍ഡി ഫ്‌ളവറാണ് അടുത്തയാള്‍. വിരമിച്ച ശേഷം പരിശീലകന്റെ റോളില്‍ കസറുകയാണ് അദ്ദേഹം. ഐപിഎല്ലിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലീഗുകളില്‍ ടീമുകളെ മികച്ച നേട്ടങ്ങളിലേക്കു നയിക്കാന്‍ ഫ്‌ളവറിനായിട്ടുണ്ട്.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു കന്നിക്കിരീടം ചൂടിയത് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ പൊന്‍തൂവലാണ്. 2010ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ അവരെ പരിശീലിപ്പിച്ചത് ഫ്‌ളവറാണ്. 2010-11ലെ ആഷസില്‍ അദ്ദേഹം പരിശീലിപ്പിച്ച ഇംഗ്ലീഷ് ടീം ഓസ്‌ട്രേലിയയെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.