ധോണി നടത്തിയത് രോഷപ്രകടനമല്ല!! എങ്കിലും തെറ്റ്... ഗ്രൗണ്ടിലിറങ്ങാന്‍ കാരണം വെളിപ്പെടുത്തി ഫ്‌ളെമിങ്

ജയ്പൂര്‍: കളിക്കളത്തിനകത്തും പുറത്തും വളരെ ശാന്തസ്വഭാവക്കാരനായി കാണപ്പെടാറുള്ള എംഎസ് ധോണി ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തിനിടെ അംപയര്‍മാരോട് തര്‍ക്കിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ്. ഡഗ്ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങിയാണ് ധോണി അംപയര്‍മാരുമായി വാഗ്വാദം നടത്തിയത്. ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയിലിലെ നിര്‍ണായകമായ അവസാന ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍.
നോ ബോളുമായി ബന്ധപ്പെട്ടാണ് ധോണി ഗ്രൗണ്ടിലിറങ്ങി തര്‍ക്കിച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു മാച്ച്ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. ധോണി ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരുമായി വാഗ്വാദത്തിലേര്‍പ്പെടാനുള്ള കാരണത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ്.
വ്യക്തത വരുത്തേണ്ടിയിരുന്നു
ബൗളറുടെ എന്‍ഡിലുണ്ടായിരുന്ന അംപയര്‍ നോ ബോള്‍ വിധിക്കുകയും തൊട്ടുപിന്നാലെ ഇതു പിന്‍വലിക്കുകയും ചെയ്തപ്പോള്‍ ചില ആശയക്കുഴപ്പമുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. അതു നോ ബോള്‍ ആണോ, അല്ലയോ എന്ന കാര്യത്തിലായിരുന്നു സംശയം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടി മാത്രമാണ് ധോണി അപ്പോള്‍ ഗ്രൗണ്ടിലേക്കു ഇറങ്ങിയതെന്ന് ഫ്‌ളെമിങ് വ്യക്തമാക്കി.
അംപയര്‍മാരുമായി ഇതേക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയാണ് ധോണി അപ്പോള്‍ ഗ്രൗണ്ടിലിറങ്ങിയത്. അങ്ങനെ തന്നെയാണ് ഞങ്ങള്‍ ഈ സംഭവത്തെ അപ്പോഴും അതിനു ശേഷവും തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ഫ്‌ളെമിങ് വിശദമാക്കി.

ചെയ്തത് തെറ്റ് തന്നെ
ഗ്രൗണ്ടിലിറങ്ങിയ ധോണിയുടെ നടപടി തെറ്റായിപ്പോയെന്ന് ഫ്‌ളെമിങും സമ്മതിക്കുന്നു. എന്നാല്‍ അപ്പോഴത്തെ വികാരമായിരിക്കാം അദ്ദേഹത്തെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് അദ്ദേഹം അപ്പോള്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി കാര്യങ്ങള്‍ സംസാരിച്ചതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങളില്‍ വ്യക്തത വരുത്തുകയെന്നതു മാത്രമായിരുന്നു ധോണിയുടെ ലക്ഷ്യം. അല്ലാതെ അംപയര്‍മാരുമായി അദ്ദേഹം തര്‍ക്കിച്ചിട്ടില്ലെന്നും ഫ്‌ളമിങ് പറഞ്ഞു.

അംപയര്‍മാരുടെ പരിധിയില്‍ വരുന്നത്
അപ്പോഴത്തെ ആശയക്കുഴപ്പം അംപയര്‍മാര്‍ തന്നെ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നു. അവര്‍ക്കു തന്നെയാണ് അതിനുള്ള അധികാരം.
എന്നാല്‍ അപ്പോഴത്തെ വികാരമാവാം ധോണിയെ ഗ്രൗണ്ടിലെത്തിച്ചത്. ഈ സംഭവത്തില്‍ നിങ്ങളെപ്പോലെ താനും ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നുവെന്നും ഫ്‌ളെമിങ് വ്യക്തമാക്കി.
ധോണി അപ്പോള്‍ അങ്ങനെ പെരുമാറുമെന്ന് ആരും കരുതിയിരുന്നില്ല. സാധാരണ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിക്കാറില്ല. ഇപ്പോള്‍ മാത്രമല്ല ഇനിയുമേറെക്കാലം ഈ സംഭവത്തിന്റെ പേരില്‍ ധോണി ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണെന്നും ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications