Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ നിരാശപ്പെടുത്തി, ടി20 ലോകകപ്പില്‍ തഴയപ്പെട്ടേക്കും, ഇന്ത്യയുടെ അഞ്ച് താരങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നം ടീം തിരഞ്ഞെടുപ്പാണ്. 2021ലെ ലോകകപ്പില്‍ ഇന്ത്യ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ വലിയ വിമര്‍ശനം കേട്ടത് ടീം തിരഞ്ഞെടുപ്പിലായിരുന്നു. യുസ് വേന്ദ്ര ചഹാലിനെയടക്കം ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. ഇതെല്ലാം ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ടീമിനെ ലോകകപ്പിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കേണ്ടത് ഇത്തവണ അത്യാവശ്യമാണ്.

ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലെ പിച്ചിന്റെ സാഹചര്യം വ്യത്യസ്തമായതിനാല്‍ ടീം തിരഞ്ഞെടുപ്പ് വളരെ സൂക്ഷ്മതയോടെയാവും. ഓസ്‌ട്രേലിയയിലേത് വേഗ പിച്ചാണ്. അതുകൊണ്ട് തന്നെ അതിവേഗ പേസര്‍മാര്‍ക്ക് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായുണ്ട്. ഇത്തവണ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യയുടെ ടി20 ടീമില്‍ സജീവമായിട്ടുള്ള താരമാണ് ശര്‍ദുല്‍ ഠാക്കൂര്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഓസ്‌ട്രേലിയന്‍ സാഹചര്യത്തിന് എത്രത്തോളം അനുയോജ്യനാണെന്നത് പ്രസക്തമായ ചോദ്യമാണ്. ടെസ്റ്റില്‍ മികച്ച പ്രകടനം ഓസ്‌ട്രേലിയയില്‍ നടത്തിയിട്ടുണ്ടെങ്കിലും ടി20യില്‍ റണ്‍സ് വിട്ടുകൊടുക്കാനുള്ള സാധ്യത കൂടുതലാണ്. ബാറ്റുകൊണ്ട് സ്ഥിരതയോടെ കളിക്കുന്നവനെന്ന് പറയാനും വയ്യ. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ശര്‍ദുലിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. ഹര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തുന്നതോടെ ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടറുടെ തലവേദന അവസാനിക്കും. അതുകൊണ്ട് തന്നെ ശര്‍ദുല്‍ തഴയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

15.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ഇഷാന്‍ കിഷന്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തി. മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം നേടിയെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചട്ടില്ല. സ്‌ട്രൈക്കറേറ്റ് വളരെ മോശമാണ്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഓപ്പണര്‍മാരാവാന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ ഇഷാനെ ഇന്ത്യ ലോകകപ്പില്‍ നിന്ന് തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. രാഹുല്‍ വിക്കറ്റ് കീപ്പറായി ഉള്ളതിനാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഇഷാന് ലഭിച്ചേക്കില്ല. ഇന്ത്യക്ക് വളരെ പ്രതീക്ഷയുള്ള താരമാണെങ്കിലും സമീപകാല പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

2021 സീസണില്‍ കെകെആറിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ മീഡിയം പേസ് ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളിലേക്ക് വെങ്കടേഷിനെയാണ് ഇന്ത്യ പരിഗണിച്ചത്. ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വലിയൊരും സ്വാധീനം സൃഷ്ടിക്കാനായില്ല. ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായതിനാല്‍ വെങ്കടേഷിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉണ്ടാവില്ല. ഇത്തവണ കെകെആര്‍ പ്ലേയിങ് 11ല്‍ നിന്ന് വെങ്കടേഷിനെ മാറ്റിനിര്‍ത്തുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

പേസ് നിരയില്‍ മുഹമ്മദ് സിറാജിന് സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാം. ഇന്ത്യ പരിഗണിച്ചിരുന്ന താരമാണ് സിറാജ്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല നടത്തുന്നത്. ആര്‍സിബിയുടെ പേസര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടി കാട്ടുന്നില്ല. ന്യൂബോളില്‍ വിക്കറ്റ് നേടുമ്പോഴും റണ്ണൊഴുക്ക് തടയാനാവുന്നില്ല. ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, ടി നടരാജന്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലേക്ക് അവസരത്തിനായി കാത്തുനില്‍ക്കുന്നതിനാല്‍ ഇത്തവണത്തെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സിറാജിന് അവസരം ലഭിച്ചേക്കില്ല.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ തഴഞ്ഞേക്കും. ഓസ്‌ട്രേലിയയില്‍ സുന്ദറിനെപ്പോലുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് ശോഭിക്കുക വളരെ കടുപ്പമാണ്. കൂടാതെ തുടര്‍ച്ചയായി സുന്ദര്‍ പരിക്കിന്റെ പിടിയിലുമാണ്. ഈ സാഹചര്യത്തില്‍ സുന്ദറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ സുന്ദര്‍ വലിയൊരു പ്രകടനം ഇത്തവണ കാഴ്ചവെച്ചിട്ടില്ലെന്ന് പറയാം.

Story first published: Friday, May 13, 2022, 15:56 [IST]
Other articles published on May 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+