ചെന്നൈ: ടെസ്റ്റ് കരിയറിലെ 150ാമത്തെ ഇന്നിങ്‌സ് വലിയ സ്‌കോറുമായി ആഘോഷിക്കാനുറച്ച് ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു പിഴച്ചു. ഡെക്കായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും അഞ്ചു ബോളുകളുടെ ആയുസ്സ് മാത്രമേ കോലിക്കുണ്ടായുള്ളൂ. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ തന്റെ സഹതാരമായിരുന്ന മോയിന്‍ അലിയാണ് കോലിയെ വീഴ്ത്തിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഇന്ത്യന്‍ നായകനെ അലി ബൗള്‍ഡാക്കുകയായിരുന്നു. അതേസമയം, ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 106 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയോടൊപ്പം (80) അജിങ്ക്യ രഹാനെയാണ് (5) ക്രീസില്‍.

കോലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു അലിയുടെ ബോള്‍ ബെയ്ല്‍സ് തെറിപ്പിച്ചത്. ക്ലാസിക് ഓഫ് ബ്രേക്ക് കൂടിയായിരുന്നു. വിക്കറ്റിനു പുറത്തേക്കു പിച്ച് ചെയ്ത ബോളില്‍ ഡ്രൈവിനായിരുന്നു കോലിയുടെ ശ്രമം. എന്നാല്‍ പിച്ച് ചെയ്ത ബോള്‍ നേരെ വിക്കറ്റിനകത്തേക്കു തിരിയുകയായിരുന്നു. ബാറ്റിനും പാഡിനുമിടയിലുടെ ബോള്‍ ഓഫ് സ്റ്റംപിനു മുകളില്‍ പതിക്കുകയും ചെയ്തു. എന്നാല്‍ കോലിക്കു ഇതു വിശ്വസിക്കാനായില്ല. അല്‍പ്പനേരം ക്രീസില്‍ അദ്ദേഹം തരിച്ചുനിന്നു. വിക്കറ്റ് കീപ്പറുടെ ഗ്ലൗ തട്ടി ബെയ്ല്‍സ് വീണതാണെന്നായിരുന്നു കോലി കരുതിയത്. എന്നാല്‍ തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ച ശേഷം ഔട്ടാണെന്ന് വിളിച്ചപ്പോള്‍ സ്തബ്ധനായി കോലിക്കു പവലിയനിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.
ഇതോടെ ടെസ്റ്റില്‍ കോലിയെ പൂജ്യത്തിനു പുറത്താക്കിയ ആദ്യ സ്പിന്നറെന്ന അപൂര്‍വ്വ റെക്കോര്‍ഡ് അലിയെ തേടിയെത്തി. ഈ ഇന്നിങ്‌സില്‍ ഡെക്കായതോടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിധി തന്നെ കോലിക്കും നേരിടേണ്ടി വരികയായിരുന്നു. സച്ചിനും കരിയറിലെ 150ാം ഇന്നിങ്‌സില്‍ പൂജ്യത്തിനു മടങ്ങിയിരുന്നു.

ടെസ്റ്റില്‍ ഇതു 11ാം തവണയാണ് കോലി ഡെക്കായി ക്രീസ് വിട്ടത്. ഈ പരമ്പരയ്ക്കു മുമ്പ് അദ്ദേഹം അവസാനമായി ടെസ്റ്റില്‍ ബൗള്‍ഡായത് 2018 ജനുവരിയിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിലും കോലി ബൗള്‍ഡായാണ് പുറത്തായത്. തുടരെ രണ്ടാമിന്നിങ്‌സിലാണ് അദ്ദേഹത്തിനു സമാനമായ രീതിയില്‍ വിക്കറ്റ് നഷ്ടമായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി കൂടുതല്‍ തവണ ഡെക്കായി മടങ്ങിയ വേദിയായി മാറിയിരിക്കുകയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം. ഇതു മൂന്നാം തവണയാണ് ഇവിടെ അദ്ദേഹത്തിനു അക്കൗണ്ട് തുറക്കാനാവാതെ പോയത്. നേരത്തേ. പാകിസ്താനെതിരേയും ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യന്‍ നായകന്‍ ഇലിടെ പൂജ്യത്തിനു പുറത്തായിരുന്നു.