
ആര്‍സിബിക്കായി 200 മല്‍സരങ്ങള്‍
ആര്‍സിബിക്കായി ഐപിഎല്ലില്‍ 200 മല്‍സരങ്ങളില്‍ കളിക്കുന്ന ആദ്യ താരമെന്ന നാഴികക്കല്ലിന് അരികിലാണ് കോലി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ അദ്ദേഹം ആര്‍സിബിക്കൊപ്പമുണ്ട്. മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയും കോലി കളിച്ചിട്ടില്ല. നിലവില്‍ 192 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. 14ാം സീസണില്‍ എട്ടു മല്‍സരങ്ങളില്‍ കൂടി ഇറങ്ങുന്നതോടെ 200 എന്ന മാന്ത്രികസംഖ്യ കോലി പിന്നിടും.
നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് (204 മല്‍സരം). മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് (200) 200 തികച്ച മറ്റൊരാള്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ദിനേഷ് കാര്‍ത്തിക് (196), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന (193) എന്നിവരാണ് കോലിക്കു മുന്നിലുള്ള മറ്റുള്ളവര്‍.

6,000 റണ്‍സ്
5878 റണ്‍സോടെയാണ് നിലവില്‍ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്തു നില്‍ക്കുന്നത്. 122 റണ്‍സ് കൂടി നേടാനായാല്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി അദ്ദേഹം മാറും.
കോലിക്കു പിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാാംസ്ഥാനത്തുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയാണ്. 5368 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിന്നും റെയ്‌ന വിട്ടുനിന്നിരുന്നു. ഇതാണ് കോലിയെ ഒന്നാംസ്ഥാനത്തു ലീഡുയര്‍ത്താന്‍ സഹായിച്ചത്.

ടി20യില്‍ 10,000 റണ്‍സ്
ടി20 ഫോര്‍മാറ്റില്‍ 10,000 റണ്‍സെന്ന റെക്കോര്‍ഡും കോലിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനും ഈ ഫോര്‍മാറ്റില്‍ 10,000 തികയ്ക്കാനായിട്ടില്ല. ദേശീയ ടീമിനു വേണ്ടിയും ഐപിഎല്ലിലുമായി 304 ടി20കളില്‍ നിന്നും 9731 റണ്‍സ് കോലി നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ 269 റണ്‍സ് നേടാനായാല്‍ അദ്ദേഹത്തിനു ചരിത്രം കുറിക്കാം.
കോലിക്കു പിന്നില്‍ ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം രോഹിത് ശര്‍മയാണ്. 9065 റണ്‍സ് ഹിറ്റ്മാന്റെ പേരിലുണ്ട്. നിലവില്‍ ടി20യില്‍ കൂടുതല്‍ റണ്‍സെന്ന ലോക റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതാണ്. 13,720 റണ്‍സാണ് യൂനിവേഴ്‌സല്‍ ബോസ് കുട്ടിക്രിക്കറ്റില്‍ വാരിക്കൂട്ടിയത്.


Click it and Unblock the Notifications