ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ ഉടമയായ കാവ്യ മാരനെ അറിയാത്ത ക്രിക്കറ്റ് പ്രേമികള്‍ ചുരുക്കമായിരിക്കും. ഐപിഎല്‍ താരലേലങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനൊപ്പം തന്ത്രം മെനയാന്‍ കാവ്യയുണ്ടാവും. കൂടാതെ ഹൈദരാബാദിന്റെ മിക്ക മത്സരങ്ങളിലും ടീമിന് പ്രോത്സാഹനം നല്‍കാനും കാവ്യ സ്‌റ്റേഡിയത്തിലെത്താറുണ്ട്. 2016ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
എന്നാല്‍ പിന്നീടിങ്ങോട്ട് നോക്കുമ്പോള്‍ ടീമിന് പഴയ മികവുകാട്ടാനാവുന്നില്ല. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് നാല് ജയം മാത്രം നേടിയ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെയെല്ലാം കൈവിട്ടു കഴഞ്ഞത് ഹൈദരാബാദിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അവസാന സീസണില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഹൈദരാബാദിന്റേത്.
അതുകൊണ്ടുതന്നെ കളി കാണാനെത്തിയ കാവ്യാ മാരന്റെ ചിരിക്കുന്ന മുഖം അവസാന സീസണില്‍ കാണാനായില്ല. നിരാശയും സങ്കടവും ദേഷ്യവുമെല്ലാമായിരുന്നു കാവ്യയുടെ മുഖത്ത് കണ്ടിരുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. തന്റെ നിരാശയുടെ വീഡിയോയെടുത്ത ക്യാമറമാനോട് കാവ്യ ചൂടാകുന്ന സംഭവം പോലും ഉണ്ടായി. ഇപ്പോഴിതാ കാവ്യയുടെ പിതാവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയുമായ കലാനിധി മാരനോട് സൂപ്പര്‍ താരം രജനീകാന്ത് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
രജനീകാന്ത് അഭിനയിച്ച പുതിയ സിനിമയായ ജയിലറുടെ പ്രൊഡ്യൂസര്‍ കലാനിധി മാരനാണ്. ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് കലാനിധി മാരനോട് കാവ്യാ മാരനെക്കുറിച്ച് രജനി പറഞ്ഞത്. കാവ്യയുടെ വിഷമിച്ചിരിക്കുന്ന മുഖം കാണാനാവുന്നില്ലെന്നാണ് രജനി തമാശ രൂപേണെ പറഞ്ഞത്. 'കലാനിധി മാരന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് കുറച്ച് നല്ല കളിക്കാരെ നിങ്ങള്‍ പരിഗണിക്കൂ. ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ കാവ്യാ മാരന്റെ വിഷമിച്ചിരിക്കുന്ന മുഖം കണ്ട് വളരെ സങ്കടം തോന്നുന്നു' എന്നായിരുന്നു രജനിയുടെ വാക്കുകള്‍.

ഇതുകേട്ട് കലാനിധി മാരന്‍ ചിരിക്കുകയാണ് ചെയ്തത്. കാവ്യ മാരന്റെ നിരാശയോടെയുള്ള മുഖ ഭാവങ്ങള്‍ ട്രോളുകളായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. രജനീകാന്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കാവ്യയുടെ സങ്കടത്തോടെയുള്ള മുഖം കാണുമ്പോള്‍ ഞങ്ങള്‍ക്കും നിരാശയുണ്ടെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. കാവ്യ മത്സരം കാണാന്‍ മാത്രം വന്നാല്‍ മതിയെന്നും ദയവായി ലേലത്തില്‍ പങ്കെടുക്കരുതെന്നുമാണ് മറ്റൊരു പക്ഷം ആരാധകര്‍ പറയുന്നത്.
കാവ്യയുടെ മണ്ടന്‍ തീരുമാനങ്ങളാണ് ഹൈദരാബാദിനെ ഇന്നത്തെ തകര്‍ച്ചയിലേക്കെത്തിച്ചതെന്നും റാഷിദ് ഖാനെയും ഡേവിഡ് വാര്‍ണറെയും ടീം നിലനിര്‍ത്തണമായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അടുത്ത ലേലത്തിലെങ്കിലും ഹൈദരാബാദിന് മികച്ച താരങ്ങളെ ഒപ്പം കൂട്ടാന്‍ സാധിക്കണം. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീം എന്ന ബഹുമതി ഇപ്പോള്‍ ഹൈദരാബാദിന് നല്‍കാനാവില്ലെന്നും ഇപ്പോഴത്തെ ടീം ഒന്നിനും കൊള്ളാത്തവരുടേതാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്തിനാണ് ഹൈദരാബാദ് തയ്യാറെടുക്കുന്നത്. പരിശീലക സ്ഥാനത്ത് നിന്ന് ബ്രയാന്‍ ലാറയെ പുറത്താക്കിയേക്കുമെന്നാണ് വിവരം. ടീമിനെ അവസാന സീസണില്‍ നയിച്ചത് എയ്ഡന്‍ മാര്‍ക്രമാണ്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ മാര്‍ക്രത്തിനായില്ല. കോടികള്‍ നല്‍കി ടീമിലെത്തിച്ച ഹാരി ബ്രൂക്ക് ദുരന്തമായി മാറി. രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.
ഹെന്റിച്ച് ക്ലാസന്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. വരുന്ന ലേലത്തില്‍ അടിമുടി പൊളിച്ചെഴുത്തിന് ഹൈദരാബാദ് ശ്രമിച്ചേക്കും. പഴയ പ്രധാപം തിരികെ കൊണ്ടുവരാന്‍ ഹൈദരാബാദിനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. അങ്ങനെ സംഭവിക്കാത്ത പക്ഷം കാവ്യാ മാരന്റെ നിരാശപ്പെടുത്തുന്ന മുഖ ഭാവങ്ങള്‍ വീണ്ടും ആരാധകര്‍ക്ക് കാണേണ്ടി വരും.