For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളം രഞ്ജി ട്രോഫി സെമിയില്‍, ഒരു വാക്ക് പോലും മിണ്ടാതെ സഞ്ജു; വിമര്‍ശനം

കൊച്ചി: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരളം രഞ്ജി ട്രോഫി സെമിയില്‍ കടന്നിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീരിനെതിരേ സമനില പിടിച്ചതോടെയാണ് കേരളം സെമിയിലേക്കെത്തുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സ് ലീഡ് നേടിയതാണ് കേരളത്തിന്റെ സ്വപ്‌ന സെമി പ്രവേശനം സാധ്യമായത്. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ 44 റണ്‍സും നേടിയ സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ് കേരളത്തിന് നിര്‍ണ്ണായക സമനിലയും സെമി സീറ്റും നേടിക്കൊടുത്തത്.

ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫി സെമിയിലെത്തിയത്. ഇതുവരെ രഞ്ജി ട്രോഫി കിരീടത്തിലേക്കെത്താന്‍ സാധിക്കാത്ത കേരളത്തിന് ഇപ്പോഴത്തെ സെമി സീറ്റ് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഗുജറാത്താണ് സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. കേരളം സെമിയിലെത്തിയപ്പോള്‍ കേരള ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രമുഖരും ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍ മാത്രം ഇതിന് തയ്യാറായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

സമീപകാലത്തായി കെസിഎയുമായി സഞ്ജുവിനുണ്ടായ ഭിന്നതയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എന്തായാലും കേരള ടീമിനെ അഭിനന്ദിക്കാത്ത സഞ്ജുവിനെതിരേ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

സഞ്ജുവിന് കേരള ടീമിനോട് അസൂയ

സഞ്ജു സാംസണ്‍ ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ശേഷം രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. ഇതിനിടെ സഞ്ജുവിന് പരിക്കും ഏറ്റതോടെ താരത്തിന്റെ രഞ്ജി ട്രോഫി കളിക്കാനുള്ള മോഹങ്ങളും പൊലിഞ്ഞു. തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഇത്തവണ കേരളത്തിന്റെ കുതിപ്പ്. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കാതെ ടീമെന്ന നിലയില്‍ മുന്നോട്ട് പോകാന്‍ കേരള ടീമിന് സാധിക്കുന്നു.

നിര്‍ണ്ണായകമായ ക്വാര്‍ട്ടറില്‍ സല്‍മാന്‍ നിറാസിന്റെ മികവുറ്റ ബാറ്റിങ്ങാണ് കേരള ടീമിന് കരുത്തായി മാറിയത്. സഞ്ജു സാംസണിന്റെ അഭാവത്തിലും ടീമിന് മികവ് കാട്ടാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് യുവതാരങ്ങള്‍ കാഴ്ചവെച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഇത് അഭിമാനകരമായ നേട്ടമാണ്. പല വെല്ലുവിളികള്‍ക്കിടയിലും സെമിയിലേക്ക് എത്താന്‍ സാധിക്കുകയെന്നത് കേരളത്തിന് സ്വപ്‌ന തുല്യമായ നേട്ടമാണ്. എന്നാല്‍ ഈ നേട്ടം സഞ്ജു കണ്ടില്ലെന്ന് നടിക്കുന്നത് അസൂയകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

സഞ്ജുവിനോട് വിട്ടുവീഴ്ചയില്ലാതെ കെസിഎ

വിജയ് ഹസാരെ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിക്കുമ്പോഴാണ് പ്രശ്‌നം ഉടലെടുക്കുന്നത്. കേരള ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ സഞ്ജുവിനെ തഴയുകയാണ് കെസിഎ ചെയ്തത്. തക്കതായ കാരണം കാട്ടാതെ ടീം തിരഞ്ഞെടുപ്പ് ക്യാംപില്‍ നിന്ന് വിട്ടുനിന്നതാണ് കെസിഎ ഇടയാന്‍ കാരണമായത്. ഇതോടെ കെസിഎയും സഞ്ജു സാംസണും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നു.

kerala cricket

സഞ്ജുവിനെ തഴഞ്ഞ കെസിഎ ഭാരവാഹികള്‍ക്കെതിരേ സഞ്ജുവിന്റെ പിതാവടക്കം രംഗത്തെത്തി. സഞ്ജുവിന്റെ അച്ചടക്കമില്ലായ്മക്കെതിരേ കെസിഎ ഭാരവാഹികളും പരസ്യമായി വിമര്‍ശനം ഉന്നയിച്ചു. സഞ്ജുവിനെ അനുകൂലിച്ച ശ്രീശാന്തിനെ കെസിഎ വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ നിലവില്‍ കെസിഎയും സഞ്ജുവും തമ്മിലുള്ള ബന്ധം വളരെ മോശമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവാത്ത പക്ഷം സഞ്ജുവിനെയത് പ്രതികൂലമായി ബാധിക്കും.

സഞ്ജുവിന് പരിക്കിന്റെ പണി

നിലവില്‍ സഞ്ജു സാംസണിന്റെ പരിക്കിന്റെ പണി കിട്ടിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ സഞ്ജുവിന്റെ കൈവിരലിന് പൊട്ടലേറ്റിരിക്കുകയാണ്. ഇതോടെ ആറ് ആഴ്ചത്തെ വിശ്രമമെങ്കിലും സഞ്ജുവിന് വേണ്ടി വന്നേക്കും. സഞ്ജുവിന് ഐപിഎല്‍ നഷ്ടമാവാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പരിക്ക് എല്ലാവര്‍ക്കും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Story first published: Thursday, February 13, 2025, 14:19 [IST]
Other articles published on Feb 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+