ധോണിയോട് ലാറ കയര്‍ത്തു, ഇറങ്ങിപ്പോകാന്‍ പറഞ്ഞു! 2006ലെ ടെസ്റ്റ് പരമ്പരയില്‍ സംഭവിച്ചത്
ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ബ്രയാന്‍ ലാറ. വെസ്റ്റ് ഇന്‍ഡീസിനൊപ്പം തകര്‍ത്തു കളിച്ച ലാറ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ്. ടെസ്റ്റില്‍ 400 റണ്‍സ് നേടിയ ഏക താരമാണ് ലാറ. ഇടം കൈയില്‍ കൗശലവും ആക്രമണവും സമന്വയിപ്പിച്ച് ബൗളര്‍മാരെ കരയിപ്പിച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഒരു കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം നിന്നിരുന്ന ലാറ വെസ്റ്റ് ഇന്‍ഡീസിന്റെ നായകനെന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്ടാവായി ലാറ ഒപ്പമുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ലാറയുടെ സേവനം വിന്‍ഡീസ് താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ 2006ലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്കിടയില്‍ ലാറ എംഎസ് ധോണിയോട് കയര്‍ത്ത സംഭവം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. ലാറ അന്ന് സൂപ്പര്‍ താരമായിരുന്നു. എന്നാല്‍ ധോണിയുടെ കരിയറിന്റെ തുടക്ക സമയമായിരുന്നു അത്.

ധോണിയുടെ ആദ്യത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനമായിരുന്നു അത്. ആ സമയത്ത് ലാറയായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ നായകന്‍. പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കാഴ്ചവെച്ചത്. 151ാം ഓവറില്‍ ധോണി തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ നേടി. എന്നാല്‍ നാലാം സിക്‌സറിന് ശ്രമിച്ച ധോണിയെ ബൗണ്ടറി ലൈനിനരികെ ഡാരന്‍ ഗംഗ കൈയിലൊതുക്കി.
എന്നാല്‍ ക്യാച്ചെടുക്കുമ്പോള്‍ ഗംഗയുടെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നോയെന്ന സംശയമുയര്‍ന്നു. ഇതോടെ പരിശോധനക്കായി തേര്‍ഡ് അംപയര്‍ക്ക് വിട്ടു. പക്ഷെ തേര്‍ഡ് അംപയര്‍ക്ക് വേഗത്തില്‍ തീരുമാനത്തിലേക്കെത്താനായില്ല. സാങ്കേതികമായ തടസങ്ങളും നേരിട്ടു. ഇതിനിടെയാണ് ലാറ ധോണിയുമായി സംസാരിക്കുന്നതും ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നതും. ഈ സംഭവത്തെക്കുറിച്ച് ധോണി തന്നെ തുറന്ന് പറഞ്ഞിരുന്നു.
'ബ്രയാന്‍ ലാറ അന്ന് എന്റെ അടുത്തു വന്ന് പറഞ്ഞത് നീ മൈതാനം വിട്ട് പോകണമെന്നാണ്. ഡാരന്‍ പറഞ്ഞത് കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടില്ലെന്നായിരുന്നു. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയിലും സഹതാരമെന്ന നിലയിലും അവനെ വിശ്വസിക്കുന്നുവെന്നും നീ ഗ്രൗണ്ടിന് പുറത്തുപോകണമെന്നും ലാറ പറഞ്ഞുകൊണ്ടേയിരുന്നു. ഇതോടെ ഞാന്‍ അംപയറുടെ തീരുമാനത്തിന് കാത്തിരിക്കാതെ മൈതാനം വിടുകയായിരുന്നു'- ധോണി പറഞ്ഞു.
52 പന്തില്‍ 69 റണ്‍സാണ് ധോണി നേടിയത്. 4 ഫോറും 6 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ടെസ്റ്റിലെ ക്ലാസിക് ശൈലികള്‍ക്കിടയില്‍ ധോണിയുടെ വെടിക്കെട്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. അതുകൊണ്ടാണ് ലാറ ധോണിയോട് അത്തരത്തില്‍ പെരുമാറിയത്.
ഈ മത്സരം സമനിലയിലാണ് കലാശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 241 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 371 റണ്‍സടിച്ചു. രണ്ടാം ഇന്നിങ്‌സ് ആറ് വിക്കറ്റിന് 521 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 371 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. വിന്‍ഡീസ് 9 വിക്കറ്റിന് 298 റണ്‍സ് നേടിയ പൊരുതി സമനില നേടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications