സഞ്ജു കില്ലാടി തന്നെ, ടേബിള്‍ ടെന്നിസില്‍ ഇത്രക്കും മിടുക്കോ? വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏക മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് വലിയ ആരാധക പിന്തുണയാണുള്ളത്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിരുന്നു. വരുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും സഞ്ജു ടീമില്‍ ഉണ്ടാകാനാണ് സാധ്യത. സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.
ഇപ്പോള്‍ വിശ്രമത്തിലുള്ള സഞ്ജു സുഹൃത്തുക്കളോടൊപ്പം ടേബിള്‍ ടെന്നിസ് കളിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഒരു സുഹൃത്തിനൊപ്പം ടേബിള്‍ ടെന്നിസില്‍ മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സഞ്ജുവിന് ടേബിള്‍ ടെന്നിസില്‍ വലിയ ഭാവിയുണ്ടെന്നും നന്നായി കളിക്കുന്നുണ്ടെന്നുമെല്ലാം ആരാധകര്‍ പ്രതികരിക്കുന്നത്. സഞ്ജുവിന് ഇഷ്ടമുള്ള മറ്റൊരു കായിക വിഭാഗമാണ് ടേബിള്‍ ടെന്നിസ്.
നേരത്തെയും ടേബിള്‍ ടെന്നിസിലെ തന്റെ മികവ് സഞ്ജു വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്തായാലും സഞ്ജുവിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജുവിന് ഇടം ലഭിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സിംബാബ് വെ പരമ്പരയില്‍ സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ശ്രീലങ്കയിലേക്ക് ഇന്ത്യ ശക്തമായ ടീമിനെയാണ് അയക്കാന്‍ പോകുന്നത്.
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം തിരിച്ചുവരാനിരിക്കെ സഞ്ജുവിന്റെ കാര്യം എന്താവുമെന്നാണ് കണ്ടറിയേണ്ടത്. ടി20 പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിനെക്കാള്‍ ഏകദിന പരമ്പരയില്‍ സഞ്ജു ഉണ്ടാകുമോയെന്നതാണ് അറിയേണ്ടത്. കാരണം ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജു തഴയപ്പെട്ടാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും സഞ്ജു തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ തീരുമാനമാവും നിര്‍ണ്ണായകമാവുക.

അവസാന ഐപിഎല്ലില്‍ 48ന് മുകളില്‍ ശരാശരിയില്‍ കളിച്ച് കൈയടി നേടിയ സഞ്ജു ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും സഞ്ജുവിന് പരിഗണന സെലക്ടര്‍മാര്‍ നല്‍കിയത് തന്നെ വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്‌ക്കെതിരേയും സഞ്ജുവിന് അവസരം പ്രതീക്ഷിക്കുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20യിലെ സഞ്ജുവിന്റെ കണക്കുകള്‍ മോശമാണ്.
പ്രധാനമായും വനിന്‍ഡു ഹസരങ്കയ്‌ക്കെതിരേ സഞ്ജുവിന് ഇതുവരെ തിളങ്ങാനായിട്ടില്ല. എട്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആറ് തവണയാണ് സഞ്ജുവിനെ ഹസരങ്ക പുറത്താക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണ സഞ്ജുവിനെ പരിഗണിച്ചാല്‍ ഹസരങ്കയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമാവും എല്ലാവരും ഉറ്റുനോക്കുക. സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം പക്വതയോടെയുള്ളതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ഐപിഎല്ലില്‍ രാജസ്ഥാന്റെ നായകനായ സഞ്ജുവിനെ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. സിംബാബ് വെ പര്യടനത്തില്‍ സഞ്ജുവായിരുന്നു വൈസ് ക്യാപ്റ്റന്‍. എന്നാല്‍ ഗംഭീര്‍ വലിയ പിന്തുണ നല്‍കുന്ന താരമല്ല സഞ്ജു. പക്ഷെ ഗംഭീര്‍ റിഷഭ് പന്തിന്റെ ജോലിഭാരം നിയന്ത്രിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും റിഷഭിന് കൂടുതല്‍ അവസരം നല്‍കി സഞ്ജുവിനെ ടി20യിലേക്ക് പരിഗണിച്ചേക്കും.
ഗംഭീര്‍ വ്യത്യസ്തനായി ചിന്തിക്കുന്ന പരിശീലകനാണ്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ നീക്കങ്ങള്‍ എങ്ങനെയൊക്കെയാവുമെന്നും സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ ഭാവി എന്താകുമെന്നുമെല്ലാം ശ്രീലങ്കന്‍ പരമ്പരയിലൂടെ വ്യക്തമാകുമെന്ന് പറയാം. ഗംഭീര്‍ പല തവണ സഞ്ജുവിനെ പ്രശംസിച്ചിട്ടുണ്ടെങ്കിലും ഉത്തരവാദിത്തമില്ലാത്ത താരമാണെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ സഞ്ജുവിന് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ വിരമിച്ചതിനാല്‍ ടി20യില്‍ പുതിയ നായകനേയും ഇന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications