
ധോണി- ചുരുക്കത്തില്‍
അച്ഛന്‍- പാന്‍ സിങ്
അമ്മ- ദേവ്കി ദേവി
ഭാര്യ- സാക്ഷി സിങ് റാവത്ത്
കുട്ടികള്‍- ഒരു മകള്‍, സിവ സിങ് ധോണി
സഹോദരന്‍- നരേന്ദ്ര സിങ് ധോണി
സഹോദരി- ജയന്തി ഗുപ്ത

ഫുട്‌ബോളറാവാന്‍ ആഗ്രഹിച്ചു
ജൂലൈ ഏഴിനാണ് ധോണിയുടെ ജനനം. കുട്ടിക്കാലത്ത് ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബോളിനോടായിരുന്നു അദ്ദേഹത്തിനു പ്രിയം. പിന്നീട് കുട്ടിക്കാലത്തെ കോച്ചാണ് ധോണിയോട് ഫുട്‌ബോളിനു പകരം ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ ഉപദേശിക്കുന്നത്. ഇതോടെ ക്രിക്കറ്റ് പരിശീലിക്കാന്‍ തുടങ്ങിയ ധോണി സ്‌കൂള്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി മാറുകയും ചെയ്തു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ധോണി ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവമായി തന്നെയെടുത്തു. 1998ല്‍ സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡ് ടീമിനായി കളിച്ചു കൊണ്ടായിരുന്നു തുടക്കം. 1998-99ല്‍ ബിഹാറിന്റെ അണ്ടര്‍ 19 ടീമിനായി കളിച്ച അദ്ദേഹം 1999-2000ത്തില്‍ ബിഹാറിനു വേണ്ടിതന്നെ രഞ്ജി ട്രോഫിയിലും അരങ്ങേറി.

ടിക്കറ്റ് എക്‌സാമിനര്‍
ബിഹാറിനു വേണ്ടി രഞ്ജിയില്‍ കളിക്കുന്ന കാലത്ത് പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് എക്‌സാമിനറുടെ ജോലിയും ധോണി ചെയ്തിരുന്നു. 2002-03ല്‍ ഹോം ടീമായ ജാര്‍ഖണ്ഡിനു വേണ്ടി രഞ്ജിയില്‍ കളിക്കാന്‍ ആരംഭിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
2003-04ലാണ് ധോണി ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. തുടക്കത്തിലെ മല്‍സരങ്ങളില്‍ അദ്ദേഹത്തിന് ബാറ്റിങില്‍ തിളങ്ങാനായില്ല. എങ്കിലും വിക്കറ്റ് കീപ്പിങിലെ മികവ് കൊണ്ട് ധോണി ടീം മാനേജ്‌മെന്റിന്റെയും നായകന്‍ സൗരവ് ഗാംഗുലിയുടെയും വിശ്വാസം നേടിയെടുത്തു.
പിന്നീട് പാകിസ്താനെതിരേ മൂന്നാമനായി ഇറങ്ങി തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ ധോണിയുടെ ബാറ്റിങ് പാടവവും ലോകം തിരിച്ചറിഞ്ഞു. അതിനു ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ക്യാപ്റ്റന്‍സി
2007ലെ ഏകദിന ലോകകപ്പിലെ തോല്‍വിയുടെ പേരില്‍ ഇന്ത്യ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതോടെ ഇതേ വര്‍ഷത്തെ ടി20 ലോകകപ്പില്‍ നിന്നു പല സീനിയര്‍ താരങ്ങളും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി ധോണിക്കു ക്യാപ്റ്റനായി നറുക്കുവീഴുന്നത്. ടീം മാനേജ്‌മെന്റിനോ, ആരാധകര്‍ക്കോ ഇന്ത്യ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ധോണി ഇന്ത്യയെ ലോക ചാംപ്യന്മാരാക്കി.
ഇതോടെ ധോണിയുടെ ക്യാപ്റ്റന്‍സി മികവ് ലോകം അംഗീകരിക്കാന്‍ തുടങ്ങി. 2011ലെ ഏകദിന ലോകകപ്പ് കൂടി നേടിത്തന്നതോടെ ധോണി സമാനതകളില്ലാത്ത നായകനായി മാറി. 13ല്‍ ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയതോടെ മൂന്നു ഐസിസി ട്രോഫികളുമേറ്റു വാങ്ങിയ ആദ്യ ഇന്ത്യന്‍ നായകനായി അദ്ദേഹം മാറുകയും ചെയ്തു.

ധോണിയുടെ രക്ഷിതാക്കള്‍
ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ വാലി ഗ്രാമത്തില്‍ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലാണ് ധോണി ജനിച്ചത്. അച്ഛന്‍ പാന്‍ സിങ് മെക്കോണ്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ മാനേജരായിരുന്നു. അമ്മ ദേവ്കി ഒരു വീമ്മയാണ്.

സഹോദരങ്ങള്‍
രണ്ടു സഹോദരങ്ങളാണ് ധോണിക്കുള്ളത്. മൂത്ത സഹോദരന്‍ നരേന്ദ്ര സിങ് ധോണി രാഷ്ട്രീയ പ്രവര്‍ത്തകനാണ്. 2009ല്‍ ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച അദ്ദേഹം പിന്നീട് സമാജ് വാദി പാര്‍ട്ടിയിലേക്കു മാറുകയും ചെയ്തു.
ധോണിക്കു ഒരു സഹോദരി കൂടിയുണ്ട്- ജയന്തി ഗുപ്ത. കുടുംബജീവിതം നയിക്കുന്ന ഇവര്‍ ഇംഗ്ലീഷ് അധ്യാപിക കൂടിയാണ്.

ഭാര്യയും മകളും
2010 ജൂലൈ നാലിനാണ് ധോണി സാക്ഷി സിങ് റാവത്തിനെ മിന്നുകെട്ടിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനി കൂടിയാണ് സാക്ഷി. ഹോട്ടന്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ കൊല്‍ത്തയിലെ താജ് ബംഗാള്‍ ഹോട്ടലില്‍ ഇന്റേണ്‍്ഷിപ്പ് ചെയ്യുന്നതിനിടെയാണ് ഇവിടെ ഒരു മല്‍സരത്തിനു മുന്നോടിയായി താമസിക്കാനെത്തിയ ധോണിയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2015 ഫെബ്രുവരി ആറിനാണ് ധോണിക്കും സാക്ഷിക്കും കൂട്ടായി സിവയെത്തിയത്.


Click it and Unblock the Notifications











