ഐപിഎല്‍ തുലാസില്‍, നടന്നാല്‍ കളിക്കുമോ? വെളിപ്പെടുത്തി സൂപ്പര്‍ താരം സ്റ്റോക്‌സ്
ലണ്ടന്‍: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. മാര്‍ച്ച്് 29നായിരുന്നു നേരത്തേ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തു കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വൈറസ് ബാധ ക്രമാതീതമായി രാജ്യത്തു വര്‍ധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ സാധ്യത കൂടുതല്‍ മങ്ങിയിരിക്കുകയാണ്.
ഇനിയൊരു പക്ഷെ ഐപിഎല്‍ ഈ വര്‍ഷം നടക്കാന്‍ സാധിക്കുകയാണെങ്കില്‍ അതില്‍ പങ്കെടുക്കാനാവുമോയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്.

പ്രതിസന്ധികള്‍ മാറി ഐപിഎല്‍ ഈ വര്‍ഷം നടന്നാല്‍ തീര്‍ച്ചയായും താന്‍ കളിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ താരം കൂടിയായ സ്‌റ്റോക്‌സ് വ്യക്തമാക്കി. താന്‍ അടുത്തതായി കളിക്കുന്ന ടൂര്‍ണമെന്റ് ഐപിഎല്‍ ആയിരിക്കുമെന്നും താരം പറയുന്നു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നുള്ള സ്റ്റോക്‌സിന്റെ സ്ഥിരീകരണം രാജസ്ഥാന്‍ റോയല്‍സിനു വലിയ ആശ്വാസമായി മാറും. കാരണം 2018ലെ ലേലത്തില്‍ 12.5 കോടി ചെലവഴിച്ചാണ് താരത്തെ അവര്‍ സ്വന്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ അടുത്തതായി തന്നെ കാണുക ഐപിഎല്ലില്‍ രാജസ്ഥാനൊപ്പമായിരിക്കും. ഇതിനായി എല്ലാ വിധത്തിലും തയ്യാറെടുത്തു കഴിഞ്ഞു. ശാരീരികമായി ഇപ്പോള്‍ പൂര്‍ണ ഫിറ്റാണ്. ഇനി ഐപിഎല്‍ നടക്കുകയാണെങ്കില്‍ തീര്‍ച്ചയായും കളിക്കുക തന്നെ ചെയ്യും. ഐപിഎല്‍ നടക്കുമോയെന്ന സംശയത്തിന്റെ പേരില്‍ മൂന്നാഴ്ച വിശ്രമിക്കാന്‍ തയ്യാറല്ല. ഇപ്പോഴും പരിശീലനം നടത്താറുണ്ട്. ചിലപ്പോള്‍ ഐപിഎല്‍ നടന്നേക്കും, ഇനി ഐപിഎല്‍ സംഭവിക്കുകയാണെങ്കില്‍ ഫിറ്റ്‌നസ് ഇല്ലാതെ കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനു വേണ്ടിയാണ് തയ്യാറെടുപ്പുകള്‍ തുടരുന്നതെന്നും സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ പുതിയ സീസണില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച രണ്ടാമത്തെ ഇംഗ്ലീഷ് താരം കൂടിയാണ് സ്‌റ്റോക്‌സ്. നേരത്തേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ ഓപ്പണറായ ടോം ബാന്റണും താന്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നു. ഐപിഎല്ലില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്.
സാം കറെന്‍, ടോം കറെന്‍, ക്രിസ് ജോര്‍ഡന്‍, ഇയോന്‍ മോര്‍ഗന്‍, ജാസണ്‍ റോയ്, ഹാരി ഗെര്‍ണി, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുമായി കരാറുള്ള മറ്റു ഇംഗ്ലീഷ് താരങ്ങള്‍.

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ ഒന്നും കൃത്യമായി പറയാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്ത് പ്രത്യേകിച്ചു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഭാവി പരമ്പരകളും ടൂര്‍ണമെന്റുകളും നേരത്തേ തന്നെ ഷെഡ്യൂള്‍ ചെയ്തതിനാല്‍ ഐപിഎല്‍ മാറ്റി വയ്ക്കുകയെന്നത് അസാധ്യമാണെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications