
ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്
ഗ്ലാമോര്‍ഗിനെതിരേ കെന്റിനു വേണ്ടി ഒമ്പതാം വിക്കറ്റിലായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഏകപക്ഷീയമായ കൂട്ടുകെട്ട് പിറന്നത്. 166 റണ്‍സാണ് സ്റ്റീവന്‍സും അവസാന ബാറ്റ്‌സ്മാനായ മിഗ്വെല്‍ കമ്മിന്‍സും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. അമ്പരപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ 166 റണ്‍സില്‍ 160ഉം സ്റ്റീവന്‍സിന്റെ വകയായിരുന്നു. വെറും ഒരു റണ്‍സാണ് കമ്മിന്‍സ് സംഭാവന ചെയ്യാനായത്. അഞ്ചു റണ്‍സാവട്ടെ എക്‌സ്ട്രായായി ലഭിച്ചതായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിനു മുമ്പൊരിക്കലും ഇത്രയും ഏകപക്ഷീയമായ ഒരു കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നതാണ് രസകരം.

മുമ്പത്തെ റെക്കോര്‍ഡ്
1911ല്‍ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തന്നെ പിറന്ന ഏകപക്ഷീയ കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് സ്റ്റീവന്‍സ്-കമ്മിന്‍സ് ജോടി പഴങ്കഥയാക്കിയത്. ഇന്നു സസെക്‌സും നോട്ടിങ്ഹാംഷെയറും തമ്മിലായിരുന്നു മല്‍സരം.
നോട്ടിങ്ഹാംഷെയറിനായി ടെഡ് അലെസ്റ്റണും വില്ല്യം റിലേയും ചേര്‍ന്ന് 152 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇവയില്‍ 142 റണ്‍സും അലെസ്റ്റണിന്റെ വകയായിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നത്.

സ്റ്റീവന്‍സിന്റെ ഇന്നിങ്‌സ്
ഗ്ലാമര്‍ഗോനെതിരേ കെന്റ് എട്ടു വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ പതറവെയാണ് സ്റ്റീവന്‍സ് ക്രീസിലെത്തിയത്. പിന്നീട് തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ അദ്ദേഹം ടീമിന്റെ രക്ഷകനാവുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 307 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും കെന്റിനെ ഇതു സഹായിച്ചു.
149 ബോളില്‍ 15 വീതം ബൗണ്ടറികളും സിക്‌സറുകളുമടക്കമായിരുന്നു സ്റ്റീവന്‍സ് 190 റണ്‍സ് വാരിക്കൂട്ടിയത്. വെസ്റ്റ് ഇന്‍ഡീസ് വംശജനായ കമ്മിന്‍സിനെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു സ്റ്റീവന്‍സിന്റെ അവിശ്വസനീയ പ്രകടനം.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്റ്റീവന്‍സ് തിളങ്ങി. ഗ്ലാമര്‍ഗോന്റെ സൂപ്പര്‍ താരം മാര്‍നസ് ലബ്യുഷെയ്‌ന്റെ വിക്കറ്റ് അദ്ദേഹം വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇത്രയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടും ഒരിക്കല്‍പ്പോലും ഇംഗ്ലണ്ടിനായി കളിക്കാന്‍ സ്റ്റീവന്‍സിനു ഭാഗ്യമുണ്ടായിട്ടില്ല.

സ്റ്റീവന്‍സിന്റെ റെക്കോര്‍ഡുകള്‍
ചില റെക്കോര്‍ഡുകള്‍ക്കു ഇതിനകം തന്നെ അവകാശിയാണ് സ്റ്റീവന്‍സ്. 45 വയസ്സും 22 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. നിലവില്‍ മല്‍സരംഗത്തുള്ളള ഏറ്റവും പ്രായം കൂടിയ ക്രിക്കറ്ററാണ് സ്റ്റീവന്‍സ്. 1997ലായിരുന്നു അദ്ദേഹം കരിയര്‍ ആരംഭിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ചിട്ടുള്ള പ്രായം കൂടിയ ക്രിക്കറ്ററാണ് സ്റ്റീവന്‍സ്. 2019ലായിരുന്നു യോര്‍ക്ക്‌ഷെയറിനെതിരേ അദ്ദേഹം 225 ബോളില്‍ അദ്ദേഹം 237 റണ്‍സ് അടിച്ചെടുത്തത്. 1949ല്‍ വാള്‍ട്ടര്‍ കീറ്റണ്‍ സ്ഥാപിച്ച റെക്കോര്‍ഡ് സ്റ്റീവന്‍സ് തിരുത്തുകയായിരുന്നു.


Click it and Unblock the Notifications