ഇംഗ്ലണ്ടിലെയല്ല, ന്യൂസിലാന്‍ഡിലേ കേമനാവാന്‍ ബെന്‍ സ്റ്റോക്‌സ്!! പുരസ്‌കാരപട്ടികയില്‍... ഇതാണ് കാരണം
വെല്ലിങ്ടണ്‍: ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ക്ലാസിക്ക് ഫൈനലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏറക്കുറെ അവസാനിച്ചിരിക്കുകയാണ്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈയില്‍ കലാശിച്ച പോരാട്ടത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാരാവുകയായിരുന്നു.
ഈ നിയമത്തിനെതിരേ പലരും വിമര്‍ശനവുമായി രംഗത്തു വന്നപ്പോള്‍ ഫൈനലിലെ ഓവര്‍ ത്രോ വിവാദവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ന്യൂസിലാന്‍ഡിലെ പരമോന്നത ബഹുമതിക്കായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്.

ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍
ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനാണ് സ്റ്റോക്‌സിന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റനും ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനു അവകാശിയുമായ കെയ്ന്‍ വില്ല്യംസണാണ് അവാര്‍ഡിനു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരാള്‍.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും നടത്തിയ ഗംഭീര പ്രകടനമാണ് വില്ല്യംസണിനെ ലോകകപ്പിന്റെ ഹീറോയാക്കി മാറ്റിയത്.

നാമനിര്‍ദേശം ചെയ്യപ്പെടാന്‍ കാരണം
ഇംഗ്ലണ്ടിന്റെ താരമായ സ്റ്റോക്‌സിനെ ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ഒരു കാരണമുണ്ട്. ന്യൂസിലാന്‍ഡിലാണ് സ്റ്റോക്‌സിന്റെ ജനനം. 12ാം വയസ്സിലാണ് സ്‌റ്റോക്‌സിന്റെ കുടുംബം ഇംഗ്ലണ്ടിലേക്കു ചേക്കേറിയത്. താരത്തിന്റെ പിതാവ് ജെറാര്‍ഡ് നേരത്തേ റഗ്ബി ലീഗില്‍ കിവീസിനു വേണ്ടി കളിച്ചിരുന്നു.
ഇത്തവണ ലോകകപ്പ് ഫൈനലില്‍ മകന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനായി കളിച്ചപ്പോഴും ജെറാര്‍ഡ് പിന്തുണച്ചത് ന്യൂസിലാന്‍ഡിനെയായിരുന്നു. ഇപ്പോള്‍ സ്‌റ്റോക്‌സിന്റെ കുടുംബം താമസിക്കുന്നത് ന്യൂസിലാന്‍ഡില്‍ തന്നെയാണ്.

ന്യൂസിലാന്‍ഡിനൊപ്പം ചേരുമോ?
ന്യൂസിലാന്‍ഡ് ടീമിനു വേണ്ടി കളിക്കുന്നില്ലെങ്കിലും അദ്ദേഹം ജനിച്ചത് ക്രൈസ്റ്റ് ചര്‍ച്ചിലാണെന്നും മാതാപിതാക്കള്‍ ഇപ്പോള്‍ ഇവിടെയാണ് താമസിക്കുന്നതെന്നും അവാര്‍ഡ് കമ്മിറ്റിയിലെ മുഖ്യ വിധികര്‍ത്താവായ കാമറോണ്‍ ബെന്നെറ്റ് വ്യക്തമാക്കി.
തന്റെ കുടുംബവേരുകളെല്ലാം ഇവിടെ ആയതിനാല്‍ തന്നെ സ്‌റ്റോക്‌സ് ഭാവിയില്‍ ന്യൂസിലാന്‍ഡിനു വേണ്ടി കളിക്കുമെന്നാണ് കുറച്ചു പേരെങ്കിലും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications