ലോക ക്രിക്കറ്റിലെ നിലവിലെ ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് ഇംഗ്ലണ്ടിന്റെ സ്പീഡ് സ്റ്റാര്‍ മാര്‍ക്ക് വുഡ്. 150 കിമിക്കു മുകളില്‍ നിരന്തരം ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് അദ്ദേഹത്തൈ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാക്ക മാറ്റുന്നത്. മിന്നല്‍ വേഗത കൊണ്ട് പല ബാറ്റര്‍മാരുടെയും വിക്കറ്റുകള്‍ വായുവില്‍ പറപ്പിക്കാന്‍ വുഡിനായിട്ടുണ്ട്.
വേഗതയ്‌ക്കൊപ്പം ലൈനിലും ലെങ്ത്തിലുമെല്ലാം ഏറെ മികവ് പുലര്‍ത്തുന്ന പേസറാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വുഡ്. ദി ഓവര്‍ലാപ്പ് ക്രിക്കറ്റെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് തന്നെ കുഴക്കിയ ഇന്ത്യന്‍ ബിഗ് ത്രീയെക്കുറിച്ച് അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.

ആ മൂന്നു പേര്‍ ആരെല്ലാം?
ഇന്ത്യന്‍ ബാറ്റിങിലെ രണ്ടു നെടുംതൂണുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ ബാറ്റര്‍മാര്‍ കൂടിയായ രോഹിത് ശര്‍മ, വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരാണ് ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ച താരങ്ങളെന്നാണ് മാര്‍ക്ക് വുഡ് വെളിപ്പെടുത്തിയത്.
കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ എനിക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചവരയെടുത്താല്‍ ഞാന്‍ രോഹിത് ശര്‍മയുടെ പേര് പറയും. ഷോര്‍ട്ട് ബോള്‍ പരീക്ഷിക്കുകയാണെങ്കില്‍ വിക്കറ്റ് നേടാമെന്നു പ്രതീക്ഷിക്കും. പക്ഷെ അദ്ദേഹം ഇഅതിനെ അടിച്ചു പറത്തുകയാണ് ചെയ്യാറുള്ളത്. രോഹിത്തിനെതിരേ പന്തെറിയുക കടുപ്പമാണ്. അദ്ദേഹത്തിന്റെ ബാറ്റ് വലുതാണെന്നു എനിക്കു എല്ലായ്‌പ്പോഴും തോന്നിയിട്ടണ്ടെന്നും വുഡ് വിശദമാക്കി.
തീര്‍ച്ചയായും വിരാട് കോലിയുടെ പേരും എന്നെ ബുദ്ധിമുട്ടിച്ചവരിലുണ്ട്. അവിശ്വസനീയ പോരാളി തന്നെയാണ് അദ്ദേഹം. ഫോര്‍ത്ത്, ഫിഫ്റ്റ് സ്റ്റംപ് ഏരിയകളില്‍ വീക്ക്‌നെസുള്ളിനാല്‍ വിരാടിനെ അവിടെ കുരുക്കാമെന്നു എനിക്കു തോന്നാറുണ്ട്. എങ്കിലും അദ്ദേഹം വളരെയധികം വിഷമിപ്പിച്ചിട്ടുള്ള ബാറ്ററാണെന്നും വുഡ് പറയുന്നു.
അതേസമയം രോഹിത്, കോലി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വുഡിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ കുറച്ചു തവണ മാത്രമേ ഇരുവരെയും പുറത്താക്കിയിട്ടുള്ളൂവെന്നു കാണാം. വിവിധ ഫോര്‍മാറ്റുകളിലായി ഹിറ്റ്മാനെ അഞ്ചു തവണയാണ് ഇംഗ്ലീഷ് പേസര്‍ക്കു പുറത്താക്കാനായത്. 229 റണ്‍സ് അദ്ദേഹത്തിനെതിരേ രോഹിത് അടിച്ചെടുക്കുകയും ചെയ്തു. വുഡിനെതിരേ കോലി നേടിയത് 99 റണ്‍സാണ്. ഒരു തവണ മാത്രമേ അദ്ദേഹത്തിന്റെ വിക്കറ്റ് പേസര്‍ നേടിയിട്ടുള്ളൂ.

റിഷഭിനെ പ്രശംസിച്ചു
റിഷഭ് പന്തിന്റെ ബാറ്റിങ് ശൈലി വളരെ വിചിത്രമായതിനാല്‍ തന്നെ ബൗള്‍ ചെയ്യാനും ഏറെ കടുപ്പമാണെന്നു മാര്‍ക്ക് വുഡ് പറയുന്നു. സ്ലോവര്‍ ബോളുകളടക്കം പല തരത്തിലുമുള്ള പന്തുകളെറിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തെ പിടിച്ചുകെട്ടാന്‍ സാധിക്കൂയെന്നും പേസര്‍ വ്യക്തമാക്കി.
വളരെ അപ്രവചനീയമായ ബാറ്റിങ് ശൈലിയാണ് റിഷഭ് പന്തിന്റേത്. ബോളും കണ്ണുകളും തമ്മില്‍ മികച്ച സമ്പര്‍ക്കം പുലര്‍ത്തുന്ന ബാറ്ററാണ് റിഷഭ്. അതുകൊണ്ടു തന്നെ ആഗ്രഹിക്കുന്ന ഏതു ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാനും സാധിക്കും.
അതിനാല്‍ ഒരേ തരത്തിലുള്ള ബോളുകളിലൂടെ അദ്ദേഹത്തെ പുറത്താക്കുക കഠിനമാണ്. വ്യത്യസ്ത തരത്തിലുള്ള ബോളുകള്‍ മാറി മാറി പരീക്ഷിച്ചാല്‍ മാത്രമേ വിക്കറ്റ് സാധ്യതയുള്ളൂവെന്നും വുഡ് കൂട്ടിച്ചേര്‍ത്തു.