World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍, ധോണി ഔട്ട്!
ലണ്ടന്‍: നിലവില്‍ മല്‍സരംഗത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ലോക ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. ഇന്ത്യയില്‍ നിന്നു രണ്ടു പേരെ മാത്രമേ റഷീദ് ലോക ഇലവനിലേക്കു പരിഗണിച്ചിട്ടുള്ളൂ. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി, വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ എന്നിവരെയാണ് റഷീദ് തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി, ഏകദിനത്തിലെ നമ്പര്‍ വണ്‍ ബൗളറായ ജസ്പ്രീത് ബുംറ എന്നിവരെ റഷീദ് പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തും തഴയപ്പെട്ടു. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ വച്ച് ഇംഗ്ലണ്ടിനു ആദ്യമായി ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെയാണ് റഷീദ് ലോക ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

നിലവില്‍ പല താരങ്ങളും ഡ്രീം ഇലവന്റെ ഓപ്പണര്‍മാരായി ചൂണ്ടിക്കാട്ടിയ രോഹിത്- ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ സഖ്യത്തെ തന്നെയാണ് റഷീദും ലോക ഇലവന്റെ ഓപ്പണര്‍മാരാക്കിയത്.
തന്റേ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലി തന്നെയാണ് കളിക്കുക.
പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസമാണ് കോലിക്കു പിന്നാലെ നാലാം സ്ഥാനത്തു ബാറ്റ് ചെയ്യാനെത്തുന്നത്. നായകന്‍ മോര്‍ഗന്‍ അഞ്ചാം നമ്പറില്‍ കളിക്കും.

ലോക ഇലവനില്‍ ഒരേയൊരു ഓള്‍റൗണ്ടറെ മാത്രമേ റഷീദ് ഉള്‍പ്പെടുത്തിയുള്ളൂ. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണിത്. ധോണിയെ തഴഞ്ഞ റഷീദ് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറിനാണ് വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കിയത്.
ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ എന്നിവര്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യുമ്പോള്‍ ഏക സ്പിന്നര്‍ ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ഇമ്രാന്‍ താഹിറാണ്.

റഷീദിന്റെ ലോക ഇലവന്‍
രോഹിത് ശര്‍മ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), ബാബര്‍ ആസം (പാകിസ്താന്‍), ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍, ഇംഗ്ലണ്ട്), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക), ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications