IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റ് എങ്ങനെ ജയിക്കാമെന്ന് അറിയാം! സ്റ്റോക്‌സിന്റെ മുന്നറിയിപ്പ്
ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്കു നല്ല ബോധ്യമുണ്ടെന്നു ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇരുടീമുകളും തമ്മിലുള്ള നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ബുധനാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കെയായിരുന്നു അദ്ദേഹം ഇക്കാര്യം തന്റെ കോളത്തില്‍ കുറിച്ചത്.
ഇന്ത്യയെ സംബന്ധിച്ച് മൂന്നാമത്തെ മാത്രം പിങ്ക് ബോള്‍ ടെസ്റ്റാണിത്. ഒന്നില്‍ ജയിച്ച ഇന്ത്യ രണ്ടാമത്തേതില്‍ വന്‍ പരാജയവും ഏറ്റുവാങ്ങിയിരുന്നു. മൂന്നാം ടെസ്റ്റില്‍ വിജയവഴിയില്‍ തിരിച്ചെത്താനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രവേശനം തീരുമാനിക്കുന്നതില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ നിര്‍ണായകമാണ് മൂന്നാം ടെസ്റ്റ്.

പിച്ച് എങ്ങനെയെന്നറിയില്ല
സാധാരണയായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ലൈറ്റ്‌സിനു കീഴില്‍ ബോള്‍ സ്വിങ് ചെയ്യാറുണ്ട്. ഈ സമയത്താണ് ടീമുകള്‍ പേസര്‍മാരെ നന്നായി ഉപയോഗിക്കാറുമുള്ളതെന്നു സ്‌റ്റോക്‌സ് പറയുന്നു. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനായി അഹമ്മദാബാദിലൊരുക്കിയ പിച്ച് പുതിയതാണ് ഇത് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നു ആര്‍ക്കുമറിയില്ല.
ഞങ്ങള്‍ക്കു മികച്ച സ്പിന്‍ ബൗളിങ് നിരയുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ അവര്‍ക്കു മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്ന പേസ് നിരയും ഇംഗ്ലണ്ടിനുണ്ടെന്നു സ്റ്റോക്‌സ് വിശദമാക്കി.

2012ലെ വിജയം പ്രചോദനം
2012-13ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ നേടിയ ടെസ്റ്റ് പരമ്പര നേട്ടാമാണ് തങ്ങളുടെ പ്രചോദനമെന്നു സ്‌റ്റോക്‌സ് കോളത്തില്‍ എഴുതി. ഇന്ത്യയില്‍ വന്ന് പരമ്പര നേടി തിരിച്ചുപോയ ഒരുപാട് ടീമുകളെ നമുക്ക് കാണാനാവില്ല. 2012ല്‍ ഇവിടെ പരമ്പര നേടിയ ടീമിലെ കളിക്കാര്‍ നേട്ടത്തില്‍ ഏറെ അഭിമാനം കൊള്ളുന്നുണ്ടാവും.
ടീമിലെ ശേഷിക്കുന്നവര്‍ റൂട്ടി, ജോണി, ജിമ്മി, ബ്രോഡി തുടങ്ങിയ അന്നത്തെ സംഘത്തിലുണ്ടായിരുന്നവരുടെ നേട്ടത്തിനൊപ്പമെത്താന്‍ ആഗ്രഹിക്കുന്നു. അതു നേടിയെടുക്കാനുള്ള എത്ര നല്ല അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും സ്‌റ്റോക്‌സ് പറയുന്നു.

സ്‌കോര്‍ബോര്‍ഡ് സമ്മര്‍ദ്ദം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളായിരുന്നു വിജയിച്ചത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സ്‌കോര്‍ബോര്‍ഡ് സമ്മര്‍ദ്ദമെന്നാണ് സ്‌റ്റോക്‌സ് ഇതേക്കുറിച്ച് പറഞ്ഞത്.
ഉപഭൂഖണ്ഡത്തിലാണ് സ്‌കോര്‍ ബോര്‍ഡ് സമ്മര്‍ദ്ദമെന്നത് കൂടുതലായും കാണുന്നത്. ഇവിടെ വിജയത്തില്‍ ഇതു നിര്‍ണായക പങ്കു വഹിക്കുകയും ചെയ്യുന്നു. ജയിക്കാന്‍ എന്താണ് വേണ്ടെതെന്നു ഞങ്ങള്‍ക്കറിയാമെന്നതാണ് നല്ല കാര്യം. അതു ഒന്നു കൂടി പ്രാക്ടീസ് ചെയ്യുകയാണ് ഇനി വേണ്ടത്. രണ്ടാം ടെസ്റ്റില്‍ നിന്നും എന്തു പഠിക്കാമെന്നും അത് മൂന്നാം ടെസ്റ്റില്‍ എങ്ങനെ പ്രയോഗിക്കാമെന്നുമറിയണമെന്നും സ്‌റ്റോക്‌സ് കോളത്തില്‍ എഴുതി.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം
ടെസ്റ്റ് താരങ്ങള്‍ ഏതു തരത്തിലുള്ള സാഹചര്യങ്ങളുമായും പൊരുത്തപ്പെടാന്‍ സാധിക്കുന്നവര്‍ ആയിരിക്കണമെന്നു സ്റ്റോക്‌സ് ചൂണ്ടിക്കാട്ടി. ടെസ്റ്റ് ബാറ്റ്‌സ്മാനാണെങ്കില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കളിക്കേണ്ടി വരും. അതിനു കഴിയുന്നവര്‍ക്കു മാത്രമേ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയൂ. ഇതു കളിയുടെ ഭാഗമാണ്. വെല്ലുവിളികള്‍ ഞങ്ങള്‍ക്കു ഇഷ്ടവുമാണ്.
വിദേശ ബാറ്റ്‌സ്മാന്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. ഇംഗ്ലണ്ടിലും അതുപോലെയാണെന്നു സ്‌റ്റോക്‌സ് ഡെയ്‌ലി മിററിലെ കോളത്തില്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications