ലണ്ടന്‍: പരിശീലനം നടത്താന്‍ ഇനി ഫുട്‌ബോള്‍ കളി വേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലത്തിനിടെ ഫുട്‌ബോള്‍ കളിച്ച റോറി ബേണ്‍സിന് പരിക്കേറ്റതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഫുട്‌ബോള്‍ കളിക്കേണ്ടന്ന നിര്‍ദേശം നല്‍കിയത്.
മികച്ച ഫോമിലുള്ള റോറി ബേണ്‍സ് ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാനിലുള്ള നിര്‍ണ്ണായക താരമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി താരത്തിനേറ്റ പരിക്ക് പദ്ധതികള്‍ക്ക് തിരിച്ചടിയായി. കൂടാതെ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ ആഷ്‌ളി ഗിലീസ് പറഞ്ഞു. നേരത്തെ വാര്‍വിക്‌ഷെയിര്‍,ലാങ്‌ഷെയിര്‍ ടീമുകളെയും ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിന്ന് ആഷ്‌ളി വിലക്കിയിരുന്നു.

പരിശീലനം നടത്തുന്നതിനിടെ പന്തുമായി കുതിച്ച ബേണ്‍സിന്റെ കാല്‍ക്കുഴ ഇടറുകയായിരുന്നു. വേദനകൊണ്ട് മൈതാനത്തിരുന്ന ബേണ്‍സിന് ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദനയെത്തുടര്‍ന്ന് മൈതാനത്ത് നിന്ന് മാറ്റുകയായിരുന്നു. ബേണ്‍സിന് എത്ര ദിവസം വിശ്രമം വേണ്ടിവരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലെ ജയം നിര്‍ണ്ണായകമാണ്.